സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാനത്ത് എച്ച് വണ്‍ എൻ വണ്‍ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ തൃശൂരിലും ആരോഗ്യവകുപ്പ് അതീവ ജാഗ്രത പുലർത്തുന്നു. തൃശൂർ ജില്ലയിൽ ഈ വർഷം നവംബർ 21വരെയുള്ള കണക്കുകൾ പ്രകാരം 41 പേർക്ക് എച്ച് വണ്‍ എൻ വണ്‍ സ്ഥിരീകരിക്കുകയും മൂന്നുപേർ മരണമടയുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം ജില്ലയിൽ 114 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേർ മരിക്കുകയും ചെയ്തു.
ഈ മാസം തുടക്കത്തിൽ കർണാടകയിൽ ദീപാവലി സമയത്ത് എച്ച് വണ്‍ എൻ വണ്‍ പടർന്നുപിടിച്ച സമയത്തും കേരളത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതപുലർത്തിയിരുന്നു. തൃശൂരിൽ ആരോഗ്യവകുപ്പ് എല്ലാ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്കും വൈറൽ പനിയും എച്ച് വണ്‍ എൻ വണ്‍ അടക്കമുള്ള പകർച്ച വ്യാധികളുമായി ബന്ധപ്പെട്ട് ക്ലാസുകൾ നൽകുന്നുണ്ട്. ഇതിന് തുടക്കമിട്ടു കഴിഞ്ഞതായി ഡി.എം.ഒ പറഞ്ഞു.
ജില്ലയിൽ സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും എല്ലാ മുൻകരുതലുകളും കൈക്കൊണ്ടിട്ടുണ്ടെന്നും മരുന്നുകൾ ആവശ്യത്തിന് എല്ലായിടത്തും ലഭ്യമാണെന്നും ഡിഎംഒ പറഞ്ഞു.വായുവിൽ കൂടി പകരുന്ന രോഗമായതിനാൽ ആളുകൾ കൂട്ടംകൂടുന്നിടത്ത് കൂടുതൽ ജാഗ്രതപുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. പനി ബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
ശബരിമല സീസണായതിനാൽ അന്യസംസ്ഥാനക്കാരായ നിരവധി അയ്യപ്പഭക്തർ തൃശൂർ ജില്ലയിലെ തീർത്ഥാടനകേന്ദ്രങ്ങളായ ഗുരുവായൂരിലും കൊടുങ്ങല്ലൂരിലുമൊക്കെ ദർശനത്തിന് എത്തുന്നത് കണക്കിലെടുത്ത് പ്രത്യേക ജാഗ്രത ആരോഗ്യവകുപ്പ് കൈക്കൊണ്ടിട്ടുണ്ട്.
ജലദോഷം, കടുത്ത പനി, ചുമ, ശരീരദവേദന, തൊണ്ടവേദന, വിറയൽ, ക്ഷീണം എന്നിവ ഉണ്ടെങ്കിൽ സ്വയം ചികിത്സക്ക് നിൽക്കാതെ ഉടൻ ഡോക്ടറെ കണ്ട് ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഗർഭിണികൾ, പ്രായമായവർ, പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവുമുള്ളവർ എന്നിവർ കൂടുതൽ ്ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഇത്തവണ മുണ്ടൂരിൽ ഒരാളും തൃക്കൂർ മേഖലയിൽ രണ്ടുപേരുമാണ് എച്ച് വണ്‍ എൻ വണ്‍ ബാധിച്ച് മരിച്ചത്. സ്വകാര്യ ആശുപത്രികളിൽ നിന്നും മറ്റുമായി രോഗലക്ഷണങ്ങളുടെ സംശയത്തോടെ നിരവധി പേരുടെ സ്രവങ്ങൾ പരിശോധിക്കായി മണിപ്പാലിലേക്ക് അയക്കുന്നുണ്ടെന്ന് ഡിഎംഒ ഓഫീസ് വൃത്തങ്ങൾ പറഞ്ഞു.