തൃശൂര്‍: മുണ്ടത്തിക്കോട് 11 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി.
രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ നിരീക്ഷണത്തിലാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. രോഗബാധിതർക്ക് മരുന്നും ചികിത്സയും നൽകി തുടങ്ങിയെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
മറ്റ് അസുഖങ്ങളുള്ള പ്രായമായവർക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത് എന്നതിനാൽ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
വായുവിലൂടെ പകരുന്ന രോഗമാണെങ്കിലും ഇപ്പോൾ മുണ്ടത്തിക്കോട് അത്തരം ഒരു അപകടസാധ്യത ഇല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
പനി, വയറിളക്കം, തൊണ്ടവേദന, ശരീര വേദന, കഫമില്ലാത്ത വരണ്ട ചുമ എന്നിവയാണ് എച്ച് വണ്‍ എന്‍ വണ്‍ രോഗലക്ഷണങ്ങള്‍.
മിക്കവരിലും സാധാരണ പനി പോലെ വന്ന് നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ ഭേദമാകും. എങ്കിലും രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യ സമയത്ത് ചികിത്സ തേടണം.
തലച്ചോറിലെ അണുബാധ, ശ്വാസകോശത്തിലെ അണുബാധ, നിലവിലെ അസുഖങ്ങള്‍ ഗുരുതരമാവുക എന്നിവയാണ് രോഗത്തിന്റെ സങ്കീര്‍ണതകള്‍.
മാസ്ക് ധരിക്കുക, രോഗമുള്ളവരുമായി ഇടപഴകാതിരിക്കുക, പൊതുസ്ഥലത്ത് തുപ്പാതിരിക്കുക എന്നിവ പാലിക്കുന്നതോടൊപ്പം പുറത്തു നിന്നും മടങ്ങിയെത്തുമ്പോള്‍ ഉടന്‍ സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകണം.