സ്വന്തം ലേഖകൻ
തൃശൂർ: കർണാടകയിൽ എച്ച് വണ്‍ എൻ വണ്‍ വ്യാപിക്കുന്പോൾ തൊട്ടടുത്ത സംസ്ഥാനമായ കേരളത്തിൽ പരക്കെ ആശങ്ക. പഠിക്കുന്നതിനും ജോലിക്കും മറ്റുമായി നിരവധി പേരാണ് കേരളത്തിൽ നിന്ന് കർണാടകയിലുള്ളത്. നവരാത്രി അവധിയോടനുബന്ധിച്ച് കർണാടകയിൽ നിന്നും കേരളത്തിലേക്ക് നിരവധി പേർ എത്തുന്പോൾ എച്ച് വണ്‍ എൻ വണ്‍ കേരളത്തിലും പടരുമോ എന്ന ആശങ്കയാണ് പരക്കെയുള്ളത്.
ആരോഗ്യവകുപ്പും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നുണ്ട്. കേരളത്തിൽ എച്ച് വണ്‍ എൻ വണ്‍ കേസുകൾ നേരത്തെ തന്നെയുള്ളതിനാൽ കൂടുതൽ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്.കർണാടകയിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് പനിയുണ്ടെങ്കിൽ അവരുടെ സ്രവം എച്ച് വണ്‍ എൻ വണ്‍ പരിശോധനക്ക് അയക്കണമെന്ന് ആരോഗ്യവകുപ്പ് ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡിസംബർ-ജനുവരി വരെയുള്ള മാസങ്ങളിൽ എച്ച് വണ്‍ എൻ വണ്‍ കേസുകൾ കേരളത്തിൽ കൂടാനിടയുണ്ടെന്ന കണക്കുകൂട്ടലിലാണ് ആരോഗ്യവകുപ്പ്. മഞ്ഞുകാലത്ത് രോഗം വർധിക്കുമെന്നാണ് കരുതുന്നത്. ഇപ്പോൾത്തന്നെ പല ജില്ലകളിൽ നിന്നും എച്ച് വണ്‍ എൻ വണ്‍ പരിശോധനകൾക്കായി സ്രവങ്ങളുടെ സാന്പിളുകൾ അയക്കുന്നുണ്ട്.
തൃശൂരിൽ പതിനാറ് കേസുകൾ കഴിഞ്ഞ രണ്ടു മാസത്തിനിടെ പോസിറ്റീവായി റിപ്പോർട്ടു ചെയ്തു. ഒരു മരണവും ഈ വർഷം എച്ച് വണ്‍ എൻ വണ്‍ മൂലമുണ്ടായി.കഴിഞ്ഞ വർഷം 99 എച്ച് വണ്‍ എൻ വണ്‍ കേസുകൾ സ്ഥിരീകരിച്ചപ്പോൾ അഞ്ച് മരണങ്ങൾ സംഭവിച്ചു.
കഴിഞ്ഞ പതിനാല് മാസം എച്ച് വണ്‍ എൻ വണ്‍ കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നില്ലെങ്കിലും കഴിഞ്ഞ രണ്ടു മാസത്തിനിടെ കേസുകൾ റിപ്പോർട്ട് ചെയ്തത് ആരോഗ്യവകുപ്പ് ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്. കർണാടകയിൽ ബംഗുളുരുവിലും പുറത്തും എച്ച് വണ്‍ എൻ വണ്‍ പടരുന്നതായാണ് റിപ്പോർട്ട്.
ഞായറാഴ്ച മാത്രം 177 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗുളുരു നഗരത്തിലും എച്ച് വണ്‍ എൻ വണ്‍ വ്യാപിക്കുന്നുണ്ട്. ദസ്റ അവധിക്ക് ബസിലും ട്രെയിനിലുമൊക്കെയായി നിരവധി പേരാണ് കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരുന്നത്. ചെറിയ പനിയാണെങ്കിലും ഉടൻ ആശുപത്രിയിൽ ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നുമുള്ള മുന്നറിയിപ്പും ആരോഗ്യവകുപ്പ് നൽകുന്നുണ്ട്.