സ്വന്തം ലേഖകൻ
തൃശൂർ: ജില്ലയിൽ എച്ച് വണ്‍ എൻ വണ്‍ ഭീഷണി. അപ്രതീക്ഷിതമായി എത്തിയ വേനൽമഴയാണ് ജില്ലയിൽ ഇപ്പോൾ എച്ച് വണ്‍ എൻ വണ്‍ പടരാൻ കാരണമായി ആരോഗ്യവകുപ്പ് ആശങ്കപ്പെടുന്നത്. ഈ വർഷം ജനുവരി മുതൽ ഇതുവരെ 39 എച്ച് വണ്‍ എൻ വണ്‍ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 58 വയസുള്ള ഒരു സ്ത്രീക്ക് മരണവും സംഭവിച്ചു.
എച്ച് വണ്‍ എൻ വണ്‍ സംശയ ലക്ഷണങ്ങളുമായി നിരവധിപേർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നുണ്ട്. പലരുടേയും സ്രവങ്ങൾ വിദഗ്ധപരിശോധനക്ക് അയക്കുന്നുമുണ്ട്.പ്രളയാനന്തരം ഓഗസ്റ്റ് മുതൽ ഇതുവരെയും എല്ലാ മാസവും എച്ച് വണ്‍ എൻ വണ്‍ കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടത് അപൂർവ സംഭവമാണെന്ന് ഡിഎംഒ പറഞ്ഞു.
സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 333 എച്ച് വണ്‍ എൻ വണ്‍ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 12 പേർക്ക് മരണവും സംഭവിച്ചു. പതിവുപോലെയുള്ള മുൻകരുതലുകൾ തന്നെയാണ് ആരോഗ്യവകുപ്പ് ഇത്തവണയും എച്ച് വണ്‍ എൻ വണ്ണിനെതിരെ കൈക്കൊള്ളാൻ നിർദ്ദേശിച്ചിട്ടുള്ളത്.അന്യസംസ്ഥാനത്തു നിന്നും എത്തുന്നവർ പനിയോ ചുമയോ ഉണ്ടെങ്കിൽ അടിയന്തിരമായി ഡോക്ടറെ കണ്ട് പരിശോധനകൾ നടത്താൻ കർശന നിർദ്ദേശമുണ്ട്.
ആരോഗ്യവകുപ്പിന്റെ നിർദ്ദേശം
ജില്ലയിൽ പലയിടത്തും എച്ച് വണ്‍ എൻ വണ്‍ കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പോയി വിദഗ്ദ സഹായം തേടണമെന്ന് ഡിഎംഒ അറിയിച്ചു.പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവ എച്ച് വണ്‍ എൻ വണ്‍ രോഗത്തിന്റെ ലക്ഷണമാകാം. തുടക്കത്തിൽ തന്നെ ചികിത്സിക്കുകയാണെങ്കിൽ രോഗം ഗുരുതരമാകാതെ ശ്രദ്ധിക്കാനാവും.
ഈ ലക്ഷണങ്ങൾ പ്രത്യേകിച്ച് ഗർഭിണികളിൽ കണ്ടാൽ ഒട്ടും വൈകാതെ ഉടൻ ആശുപത്രിയിൽ ചികിത്സ തേടണം. പലപ്പോഴും ഇങ്ങനെയുള്ള ലക്ഷണങ്ങൾ നിസ്സാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതു കൊണ്ടാണ് അപകടാവസ്ഥയിൽ എത്തുന്നത്. ജില്ലയിലെ എല്ലാ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യ ചികിത്സയും വിവിധ ഒസൽട്ടാമവീർ എന്ന ഒൗഷധവും ലഭ്യമാണ്.
രോഗബാധിതർ ഇളം ചൂടുള്ള കഞ്ഞി വെള്ളം പോലെയുള്ള പോഷകഗുണമുള്ള പാനീയങ്ങളും പോഷക സമൃദ്ധമായ ആഹാരങ്ങളും കഴിച്ച് പൂർണ്ണ വിശ്രമമെടുക്കണം. പരമാവധി വീടിനുള്ളിൽ തന്നെ കഴിയുകയും സ്കൂൾ, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വിട്ടു നിൽക്കുകയും വേണം. തുമ്മുന്പോഴും ചുമയ്ക്കുന്പോഴും വായ, മൂക്ക്, എന്നിവ തൂവാല കൊണ്ട് മറയ്ക്കുവാനും ശ്രദ്ധിക്കണമെന്നും ഡിഎംഒ അറിയിച്ചു.