വാഷിംഗ്ടൺ ഡിസി: എച്ച്5എൻ1 പക്ഷിപ്പനി വൈറസ് അമേരിക്കയിൽ മൃഗങ്ങൾക്കിടയിൽ അതിവേഗം പടരുന്ന സാഹചര്യത്തിൽ അതീവജാഗ്രതയിലാണു ശാസ്ത്രജ്ഞർ. മനുഷ്യനിൽനിന്നു മനുഷ്യനിലേക്കു വൈറസ് പടർന്നാൽ അതിഭയാനകമായ അവസ്ഥയായിരിക്കും നേരിടേണ്ടിവരിക എന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പുനൽകുന്നു. നിലവിൽ മനുഷ്യർക്ക് എച്ച്5എൻ1 പിടിപെട്ട കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പുതിയ പഠനമനുസരിച്ച്, മനുഷ്യർക്കിടയിൽ പകരാൻ വൈറസിന് ഒരു ഡിഎൻഎ മാറ്റം മാത്രമേ ആവശ്യമുള്ളൂവെന്നു ഗവേഷകർ വെളിപ്പെടുത്തുന്നു. എച്ച്5എൻ1 വളരെ മാരകമായ വൈറസാണ്, രോഗബാധിതരായ 50 ശതമാനം മനുഷ്യരും മരണത്തിനു കീഴയങ്ങിയേക്കാം. വൈറസിനെ നിയന്ത്രിക്കാനും അതിന്റെ പരിണാമം നിർത്താനും ആളുകളെ നേരിട്ടു ബാധിക്കുന്നതിൽനിന്നു തടയാനും അതുവഴി ആഗോളവ്യാപനം തടയാനും അണുബാധ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു.
സാധാരണയായി പക്ഷിപ്പനി മനുഷ്യർക്കു ഭീഷണിയാകാൻ നിരവധി ഘട്ടങ്ങൾ ആവശ്യമാണെങ്കിലും ഇത്തവണ വൈറസ് ബാധ പകർച്ചവ്യാധിയുടെ ആശങ്ക ഉയർത്തുന്നുവെന്നു ഗവേഷകർ പറയുന്നു. ഡിസംബർ അഞ്ചിലെ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ എച്ച്5എൻ1 വൈറസിന്റെ പരിണാമം നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാണിക്കുന്നു.
എച്ച്5എൻ1 വൈറസ് ബാധ, രോഗബാധിതരായ പക്ഷികളുമായും (കോഴി ഉൾപ്പെടെ), കറവപ്പശുക്കൾ, മറ്റു മൃഗങ്ങൾ തുടങ്ങിയവയുമായുള്ള അടുത്ത സമ്പർക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. എച്ച്5എൻ1 വൈറസിൽ കൂടുതൽ പഠനം നടക്കുന്നതായി ഗവേഷകർ പറഞ്ഞു.