കോട്ടയം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലെ നീണ്ടൂരിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് 19, ഷിഗെല്ല രോഗഭീതി നിലനിൽക്കുന്നതിനിടെ പക്ഷിപ്പനി കൂടി സ്ഥിരീകരിച്ചത് വലിയ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.
രോഗസ്ഥിരീകരിച്ച മേഖലകളിലെ ഒരുകിലോമീറ്റർ പരിധിയിലുള്ള മുഴുവൻ വളർത്തു പക്ഷികളെയും കൊന്നൊടുക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഒരു മേഖലയിൽ മാത്രം അൻപതിനായിരത്തോളം പക്ഷികളെ കൊല്ലേണ്ടി വരുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലാകും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത്. രോഗവ്യാപനം നടയാൻ ആരോഗ്യവകുപ്പുമായി ചേർന്ന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വനംമന്ത്രി കെ.രാജു അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് നീണ്ടൂർ, കുട്ടനാട് മേഖലകളിൽ നിന്നായി ഒൻപത് സാമ്പിളുകൾ പൂനയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ അഞ്ച് സാമ്പിളുകളിലാണ് രോഗം കണ്ടെത്തിയത്. രോഗവിവരത്തെക്കുറിച്ച് ഞായറാഴ്ച വൈകിട്ട് തന്നെ സർക്കാരിന് വിവരം ലഭിച്ചു.
ദേശാടനപക്ഷികളിൽ നിന്നാവാം രോഗബാധയുണ്ടായതെന്ന നിഗമനത്തിലാണ് വനംവകുപ്പ്. കഴിഞ്ഞ വർഷം മലപ്പുറം, കോഴിക്കോട് ജില്ലകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം സ്വീകരിച്ച അതേനടപടികളാണ് ഇത്തവണയും അധികൃതർ ആലോചിക്കുന്നത്.