കോൽക്കത്ത: ഐ ലീഗ് ചാന്പ്യന്മാരായ മോഹൻ ബഗാനും ഐഎസ്എൽ ചാന്പ്യന്മാരായ എടികെയും ലയിച്ചുണ്ടാകുന്ന ടീമിനെ സ്പാനിഷുകാരനായ അന്റോണിയോ ലോപ്പസ് ഹബാസ് പരിശീലിപ്പിക്കും.
എടികെയെ 2019-20 സീസണ് കിരീടത്തിലേക്ക് നയിച്ചത് ഹബാസ് ആയിരുന്നു. 2014ലെ പ്രഥമ ഐഎസ്എൽ സീസണിൽ എടികെ (അന്ന് അത്ലറ്റിക്കോ ഡി കോൽക്കത്ത) കിരീടം നേടിയതും ഹബാസിന്റെ ശിക്ഷണത്തിലായിരുന്നു.
മോഹൻ ബഗാൻ – എടികെ ലയനത്തിനുശേഷവും ഹബാസ് പരിശീലക സ്ഥാനത്ത് തുടരുമെന്ന് എടികെ ഉടമയായ സഞ്ജീവ് ഗോയങ്കയാണ് അറിയിച്ചത്. രണ്ട് ക്ലബ്ബുകളും കൂടി ലയിച്ച് പുതിയ ക്ലബ്ബാകുന്പോൾ എടികെയുടെ ഉടമസ്ഥരായ ആർപിഎസ്ജി ഗ്രൂപ്പിന് (ആർ.പി. സഞ്ജീവ് ഗോയങ്ക) ഇതിൽ 80 ശതമാനം ഓഹരിയും മോഹൻ ബഗാന് 20 ശതമാനവുമാണ്.
ഹബാസ് പരിശീലക സ്ഥാനത്ത് തുടരുമെന്നു വ്യക്തമായതിനാൽ മോഹൻ ബഗാനെ നാല് മത്സരങ്ങൾകൂടി ശേഷിക്കേ ഐ ലീഗ് കിരീടത്തിലേക്ക് കൈപിടിച്ചു നടത്തിയ സ്പാനിഷ് പരിശീലകനായ കിബു വിക്കുനയുടെ വഴിയടഞ്ഞു.
വിക്കുന മികച്ച കോച്ചാണെന്നും എന്തു സംഭവിക്കുമെന്ന് ഇപ്പോൾ വ്യക്തമാക്കാൻ സാധിക്കില്ലെന്നും സഞ്ജീവ് ഗോയങ്ക പറഞ്ഞു. ജൂണ്‍ ഒന്നിനാണ് മോഹൻ ബഗാൻ – എടികെ ലയനം. ലയനശേഷവും ക്ലബ്ബിന്റെ പരിശീലകനായി തുടരാൻ ആഗ്രഹമുണ്ടെന്ന് ഐഎസ്എൽ കിരീട നേട്ടത്തിനുശേഷം ഹബാസ് പറഞ്ഞിരുന്നു.