ന്യൂഡൽഹി: ഡൽഹിക്കടുത്ത് ഗാസിയാബാദിൽ ഒരു കുടുംബത്തെ ഒന്നടങ്കം നിരീക്ഷിച്ചു വിവരങ്ങൾ ചോർത്തി ഹാക്കർമാരുടെ ഭീഷണി.
വ്യക്തിഗത വിവരങ്ങളും നഗ്നചിത്രങ്ങളും പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കുടുംബാംഗത്തിന്റെ കൈയിൽ നിന്ന് പത്തു കോടി രൂപയാണ് ഹാക്കർമാർ ആവശ്യപ്പെട്ടിരിക്കുന്നത്.
ഗാസിയാബാദിലെ വസുന്ധര കോളനിയിൽ നിന്നുള്ള രാജീവ് കുമാറാണ് തന്റെ ഇ- മെയിൽ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്തി ഭീഷണി നേരിടുന്നുവെന്ന പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.
ഇ- മെയിൽ വഴിയാണ് രാജീവ് കുമാറിനു ഭീഷണി സന്ദേശം ലഭിച്ചത്. പത്തു കോടി രൂപ ഉടൻ നൽകിയില്ലെങ്കിലും കുടുംബാംഗങ്ങളുടെ ഉൾപ്പെടെ സ്വകാര്യ വിവരങ്ങളും സ്വകാര്യ ചിത്രങ്ങളും ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നാണു ഭീഷണി.
ഓരോ നിമിഷവും തന്റെ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ ഹാക്കർമാർ അറിയുന്നുണ്ടെ ന്നാണ് രാജീവ് കുമാർ പരാതിയിൽ പറയുന്നത്.
ഓരോ അനക്കവും നിരീക്ഷിക്കുന്ന ഹാക്കർമാർ അക്കാര്യങ്ങൾ അപ്പപ്പോൾ അറിയിക്കുന്നുമുണ്ട്. നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.