ന്യൂഡൽഹി: പ്രമുഖ വെബ് ബ്രൗസറുകളായ ഗൂഗിള്‍ ക്രോമിലും മൈക്രോസോഫ്റ്റ് എഡ്ജിലും ഉപയോക്താക്കളുടെ സുപ്രധാന വിവരങ്ങള്‍ മോഷ്ടിക്കപ്പെടാന്‍ ഇടയാക്കുന്ന സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നു മുന്നറിയിപ്പു നൽകി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍).
ഉപയോക്താവിന്റെ കംപ്യൂട്ടറിലേക്കു കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്താനും മാല്‍വെയറുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഹാക്കര്‍മാര്‍ക്കു വഴിയൊരുക്കുന്ന പ്രശ്നങ്ങളാണിവയെന്ന് ഏജന്‍സിയുടെ മുന്നറിയിപ്പിൽ പറയുന്നു.
സിഐവിഎന്‍ 2023 0361 വള്‍നറബിലിറ്റി നോട്ടിലാണ് ഗൂഗിള്‍ ക്രോമിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. സിഐവിഎന്‍ 20230362ലാണ് എഡ്ജ് ബ്രൗസറുമായി ബന്ധപ്പെട്ട മുന്നറിയിപ്പ്. അടിയന്തരമായി സുരക്ഷാ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് സേര്‍ട്ട് ഇന്‍ നിര്‍ദേശിക്കുന്നത്.
ഗൂഗിള്‍ ക്രോമിന്റെ വി120.0.6099.62 ലിനക്സ്, മാക്ക് വേര്‍ഷനുകള്‍ക്ക് മുമ്പുള്ളവ ഉപയോഗിക്കുന്നവരും 120.0.6099.62/.63 വിന്‍ഡോസ് പതിപ്പുകള്‍ക്ക് മുമ്പുള്ളവ ഉപയോഗിക്കുന്നവരും സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്.
മൈക്രോസോഫ്റ്റ് എഡ്ജിന്റെ 120.0.2210.61 വേര്‍ഷനു മുമ്പുള്ളവ ഉപയോഗിക്കുന്നവരും ഭീഷണി നേരിടുന്നു. കഴിഞ്ഞ ദിവസം വിവിധ സാംസംഗ് സ്മാര്‍ട്ട് ഫോണുകളുമായി ബന്ധപ്പെട്ടും സമാനമായ സുരക്ഷാ മുന്നറിയിപ്പ് സേര്‍ട്ട് ഇന്‍ പുറപ്പെടുവിച്ചിരുന്നു.