ഞാനൊരു നിരീശ്വരവാദിയാണ് എന്റെ മകളാണ് എന്റെ സ്വത്തും സമ്പത്തും; മതം മാറ്റം എന്നെ സംബന്ധിച്ച് വലിയ പ്രശ്‌നമല്ല പക്ഷെ ഇതില്‍ പല നിഗൂഢതകളുണ്ട്; ഹാദിയയുടെ അച്ഛന്‍ അശോകന്‍ മനസു തുറക്കുന്നു

കൊച്ചി : ഹാദിയ കേസില്‍ എന്‍.ഐ.എ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കോടതി പറയുന്നത് എന്താണെങ്കിലും അത് അനുസരിക്കാന്‍ തയ്യാറാണെന്നും അഖില എന്ന ഹാദിയയുടെ പിതാവ് അശോകന്‍. അച്ഛന്‍ എന്ന കടമ നിര്‍വഹിക്കേണ്ടതുണ്ട്. എന്‍.ഐ.എ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അത് വായിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. അതിനു ശേഷം എന്റെ മകളെ കൂടി അത് വായിച്ചു കേള്‍പ്പിക്കണം.

ഇസ്ലാമിലേയ്ക്ക് മതം മാറുന്നതിലൂടെ അപകടം പിടിച്ച വഴിയാണ് താന്‍ തെരഞ്ഞെടുത്തതെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് വായിക്കുന്നതിലൂടെ മകള്‍ക്ക് മനസിലാകുമെന്നാണ് കരുതുന്നതെന്നും പിതാവ് പറയുന്നു. ‘ഞാനൊരു നിരീശ്വരവാദിയാണ്. എന്റെ മകളാണ് എന്റെ ജീവിതവും സമ്പത്തും. ‘അച്ഛനെന്ന നിലയിലുള്ള കടമ തനിക്ക് നിറവേറ്റേണ്ടതുണ്ടെന്നും ‘ഇന്ത്യന്‍ എക്സ്പ്രസിന്’ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. അഖില എന്റെ മകളാണ്. അവള്‍ക്ക് ഏറ്റവും മികച്ചത് നല്‍കണം എന്ന ആഗ്രഹമായിരന്നു ഒരു കുഞ്ഞ് മാത്രം മതിയെന്ന് തീരുമാനം പോലും അതുകൊണ്ടായിരുന്നുവെന്നും ഹോമിയോപ്പതി പഠനത്തിനായി സുഹൃത്തുക്കളെല്ലാം ലോണ്‍ എടുത്തപ്പോള്‍ ഞാന്‍ മൊത്തം തുകയും നല്‍കിയാണ് അവളെ കോഴ്സിന് ചേര്‍ത്തതെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.

മറ്റൊരു മതത്തില്‍പ്പെട്ട ആളെ വിവാഹം ചെയ്താല്‍ പോലും ഞാന്‍ സന്തോഷത്തോടെ അത് അംഗീകരിക്കുമായിരുന്നു. മതംമാറ്റം പോലും എന്നെ സംബന്ധിച്ച് വലിയ പ്രശ്നമായിരുന്നില്ല. എന്നാല്‍ ഇതില്‍ പല നിഗൂഢതകളുമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ ചില അജണ്ടകളാണ് ഇതിന് പിന്നില്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ നേതാവായ സൈനബ മകളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത് അവളെ ആര്‍എസ്എസുകാരുടെ സഹായത്തോടെ ഞാന്‍ തട്ടിയെടുത്തിരിക്കുകയാണ് എന്നാണ്. എന്റെ മകളെ സംരക്ഷിക്കേണ്ട എന്തുകാര്യമാണ് സൈനബയ്ക്കുള്ളത് ? സൈനബയുടെ ഫോണ്‍ കണ്ടു കെട്ടിയിട്ടുണ്ട.് ഒരൊറ്റ ദിവസം കൊണ്ട് വിവാഹം വരെ നടത്തിയ അവരുടെ നടപടിയില്‍ കോടതിവരെ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അശോകന്‍ പറയുന്നു.

മകളുമായി ഇപ്പോള്‍ താന്‍ അധികം സംസാരിക്കാറില്ലെന്നും പക്ഷെ അമ്മയുമായി അവള്‍ സംസാരിക്കുന്നുണ്ടെന്നും അശോകന്‍ പറയുന്നു. സ്വന്തം പ്രവൃത്തിയിലൂടെ എന്നെ പരാജയപ്പെടുത്താമെന്നാണ് അവള്‍ കരുതുന്നത്. എന്നാല്‍ അവസാന കോടതി വിധി വരുന്നതുവരെ ഞാന്‍ ജീവനോടെയുണ്ടാകും. എന്റെ മകള്‍ തിരിച്ചുവരുമെന്ന് പൂര്‍ണമായും ഉറപ്പുണ്ടെന്നും അശോകന്‍ പറയുന്നു. ആര് സഹായം നല്‍കിയാലും ഞാന്‍ അത് സ്വീകരിക്കുമെന്നും ബി.ജെ.പിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അശോകന്‍ വ്യക്തമാക്കി.

 

Related posts