ന്യൂഡൽഹി: സുപ്രീംകോടതിയിൽ ഹാജരാക്കുന്നതിനായി ഡൽഹിയിലെത്തിച്ച അഖില എന്ന ഹാദിയ ഡൽഹി മലയാളികളുടെ “കഞ്ഞികുടി’ മുട്ടിച്ചു. ഡൽഹിയിലെ കേരള ഹൗസിലാണ് ഹാദിയയെ പാർപ്പിച്ചിരിക്കുന്നത്. ഇവിടെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പുറത്തുനിന്നുള്ളവരെ അകത്തേക്കു കടത്തിവിടുന്നില്ല.
കേരളഹൗസിലേക്കു മാധ്യമങ്ങളെ കടത്തിവിടാതെ പൂർണനിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ഡൽഹി മലയാളികൾ ഭക്ഷണത്തിനായി ആശ്രയിക്കുന്ന കേരള ഹൗസ് കാന്റീനിലേക്കും പ്രവേശനം വിലക്കിയിരിക്കുകയാണ്. പുറത്തുനിന്നുള്ളവരെ കാന്റീനിലേക്കു പോലും പ്രവേശിപ്പിക്കേണ്ടെന്ന നിലപാടിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ.
തിങ്കളാഴ്ച ഹാദിയയെ നേരിട്ടു ഹാജരാക്കണമെന്നാണു സുപ്രീംകോടതിയുടെ ഉത്തരവ്. ഭർത്താവായ ഷെഫിൻ ജഹാനാണു പരാതി നൽകിയത്. ഹാദിയ – ഷെഫിൻ വിവാഹം റദ്ദാക്കി കേരള ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാൽ ഹാദിയയെ വീട്ടുകാർ തടവിലാക്കിയിരിക്കുകയാണെന്നും കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു ഷെഫിൻ സുപ്രീംകോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണു ഹാദിയയെ ഹാജരാക്കാൻ ഉത്തരവിട്ടത്.
തനിക്കു നീതി ലഭിക്കണമെന്നും ഭർത്താവായ ഷെഫിൻ ജഹാനൊപ്പം പോകണമെന്നുമാണ് വിമാനത്താവളത്തിലേക്കു പോകുന്ന വഴി ഹാദിയ മാധ്യമങ്ങളോടു പ്രതികരിച്ചത്.