നെടുന്പാശേരി: തനിക്കു നീതി ലഭിക്കണമെന്നും ഭർത്താവായ ഷെഫിൻ ജഹാനൊപ്പം പോകണമെന്നും അഖില എന്ന ഹാദിയ. ആരും നിർബന്ധിച്ചതു കൊണ്ടല്ല, സ്വന്തം ഇഷ്ടപ്രകാരമാണു മതം മാറിയത്. താൻ മുസ്ലിമാണെന്നും ഹാദിയ പറഞ്ഞു. സുപ്രീംകോടതിയിൽ ഹാജരാക്കുന്നതിനായി ഡൽഹിയിലേക്കുള്ള യാത്രയ്ക്കു നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചപ്പോഴായിരുന്നു ഹാദിയ മാധ്യമങ്ങളോടു പ്രതികരിച്ചത്.
സംസ്ഥാന പോലീസ് ഒരുക്കിയ വൻ സുരക്ഷാ സന്നാഹങ്ങളുടെ അകന്പടിയോടെയാണു ഹാദിയയെ വിമാനത്താവളത്തിൽ എത്തിച്ചത്. സംഘർഷം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ വൈക്കം ടിവി പുരത്തുള്ള വീട്ടിൽനിന്നു പുറപ്പെട്ട ഹാദിയയും സംഘവും മൂന്നരയോടെയാണ് നെടുന്പാശേരിയിൽ എത്തിയത്. ആഭ്യന്തര ടെർമിനലിൽ എത്തിച്ച ശേഷം പോലീസ് കൈ കോർത്തു പിടിച്ചു വഴിയൊരുക്കി അകത്തേക്കു കൊണ്ടു പോകാനായി ശ്രമിക്കുന്നതിനിടെയാണു മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു ഹാദിയ മറുപടി നൽകിയത്.
വൈകുന്നേരം ആറരയ്ക്കുള്ള വിമാനത്തിലാണു ഹാദിയയും കുടുംബവും ഡൽഹിയിലേക്കു പുറപ്പെട്ടത്. അഞ്ചു പോലീസുകാരും ഇവരോടൊപ്പമുണ്ട്. നേരത്തേ, ട്രെയിനിൽ പോകാനാണു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടു യാത്ര വിമാനത്തിലേക്കു മാറ്റുകയായിരുന്നു. ഹാദിയയുടെ സുരക്ഷ ഉറപ്പാക്കാനായി ഡൽഹിയിലും സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്.
നാളെ ഹാദിയയെ നേരിട്ടു ഹാജരാക്കണമെന്നാണു സുപ്രീംകോടതിയുടെ ഉത്തരവ്. ഭർത്താവായ ഷെഫിൻ ജഹാനാണു പരാതി നൽകിയത്. ഹാദിയ – ഷെഫിൻ വിവാഹം റദ്ദാക്കി കേരള ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഹാദിയയെ മാതാപിതാക്കൾക്കൊപ്പം വീടാനുള്ള കോടതി ഉത്തരവിനെതിരേ പ്രതിഷേധങ്ങളും അരങ്ങേറി. ഇതിനു ശേഷം ഹാദിയയെ വീട്ടുകാർ തടവിലാക്കിയിരിക്കുകയാണെന്നും കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു ഷെഫിൻ സുപ്രീംകോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണു ഹാദിയയെ ഹാജരാക്കാൻ ഉത്തരവിട്ടത്.