ഹൈക്കോടതിക്ക് വിവാഹം റദ്ദാക്കാന്‍ കഴിയുമോ ? ഹാദിയ കേസില്‍ അഭിഭാഷകര്‍ തമ്മില്‍ വാഗ്വാദം; വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടാണെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വൈക്കം സ്വദേശിനി ഹാദിയ മതംമാറി വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. വിവാഹവും എൻഐഎ അന്വേഷണവും രണ്ടാണെന്ന് കോടതി നിരീക്ഷിച്ചു. ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹൈക്കോടതിക്ക് വിവാഹം റദ്ദാക്കാൻ കഴിയുമോയെന്നും കോടതി ചോദിച്ചു.

മാനസിക പ്രശ്നങ്ങൾ ഇല്ലാത്തയാൾക്ക് സ്വന്തമായി തീരുമാനമെടുക്കാമെന്നും അതിനാൽ വിഷയത്തിൽ ഹാദിയയുടെ ഭാഗം കൂടി കേൾക്കണമെന്നും അറിയിച്ച കോടതി കേസ് ഈ മാസം 30ലേക്ക് മാറ്റി. കേസിലെ വാദം പുരോഗമിക്കുന്നതിനിടെ അഭിഭാഷകർ തമ്മിലുണ്ടായ വാഗ്വാദത്തെത്തുടർന്നാണ് കേസ് മാറ്റിവച്ചത്.

വാദം പുരോഗമിക്കുന്നതിനിടെ ഷെഫിൻ ജഹാന്‍റെ അഭിഭാഷകൻ ബിജെപി അധ്യക്ഷൻ അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ പേരെടുത്ത് പറഞ്ഞ് ആരോപണം ഉന്നയിച്ചു. ഇരുവരും അടുത്തിടെ കേരളത്തിലെത്തിയത് മതസ്പർധ വളർത്താനാണെന്ന പരാമർശം ഉണ്ടായതോടെ കോടതി ഇടപെട്ടു. രാഷ്ട്രീയ തർക്കങ്ങൾ കോടതിയിൽ ഉന്നയിക്കരുതെന്ന് കേസ് പരിഗണിച്ച ബെഞ്ച് മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ കോടതി കേസ് മാറ്റിവച്ചതായും അറിയിക്കുകയായിരുന്നു.

അതേസമയം കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ അമ്മ നൽകിയ ഹർജിയിൽ കോടതി ഇന്ന് നിലപാടറിയിച്ചില്ല.

Related posts