ന്യൂഡൽഹി: തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ (അഖില) സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ സുപ്രീംകോടതി നിലപാട് ആരാഞ്ഞപ്പോഴാണ് സുപ്രധാന ആവശ്യം ഹാദിയ ഉന്നയിച്ചത്.
ഹാദിയെ കേൾക്കുന്നതിന്‍റെ ഭാഗമായി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് സുപ്രധാന ചില ചോദ്യങ്ങളും ചോദിച്ചു. എല്ലാത്തിനും കൃത്യമായ മറുപടി പറഞ്ഞ ഹാദിയ തന്‍റെ വിശ്വാസങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും സ്വാതന്ത്ര്യം വേണമെന്നും കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. ഹാദിയയുടെ മനോനില പരിശോധിക്കാനും സുപ്രീംകോടതി ചില ചോദ്യങ്ങൾ ചോദിച്ചു. താമസ സ്ഥലത്തു നിന്നും പഠിക്കുന്ന കോളജിലേക്ക് എത്ര ദുരമുണ്ടെന്നത് ഉൾപ്പടെയായിരുന്നു ചോദ്യങ്ങൾ.
പിന്നീടാണ് ഭാവി പരിപാടികൾ എന്തൊക്കെയാണെന്ന് കോടതി ചോദിച്ചത്. തനിക്ക് പഠനം പൂർത്തിയാക്കാൻ ആഗ്രഹമുണ്ടെന്നും ഹാദിയ പറഞ്ഞു. സർക്കാർ ചിലവിൽ പഠനം പൂർത്തിയാക്കാൻ ആഗ്രഹമുണ്ടോയെന്നും ലോക്കൽ ഗാർഡിയനെ ഏർപ്പെടുത്താമെന്നും കോടതി പറഞ്ഞു. എന്നാൽ തന്‍റെ ഭർത്താവിന് പഠനചിലവ് വഹിക്കാൻ കഴിയുമെന്നും അങ്ങനെ പഠിക്കാനാണ് താത്പര്യമെന്നും ഹാദിയ കോടതിയെ അറിയിക്കുകയായിരുന്നു. രണ്ടാമതം പഠനം പൂർത്തിയാക്കാൻ സർക്കാർ സഹായം വേണോ എന്ന് ചോദിച്ചപ്പോഴാണ് തനിക്ക് സ്വാതന്ത്ര്യം വേണമെന്നും ഭർത്താവിനൊപ്പം പോകാൻ അനുവദിക്കണമെന്നും ഹാദിയ കോടതിയോട് ആവശ്യപ്പെട്ടത്.