വീട്ടുതടങ്കലിലായിരുന്നപ്പോള്‍ മയക്കുമരുന്നു കലര്‍ത്തിയ ഭക്ഷണമാണ് മാതാപിതാക്കള്‍ തന്നുകൊണ്ടിരുന്നത്! താന്‍ മുസ്ലീമാണ്, മുസ്ലീമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതും; മാതാപിതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഹാദിയ

മാതാപിതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഹാദിയ സുപ്രീം കോടതിയില്‍. വീട്ടുതടങ്കലിലായിരുന്നപ്പോള്‍ നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്നു കലര്‍ത്തിയിരുന്നുവെന്നാണ് ഹാദിയ ആരോപിക്കുന്നത്. ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. തെളിവു നല്‍കാമെന്ന് പറഞ്ഞിട്ടു പോലും ജില്ലാ പോലീസ് മേധാവി തന്നെ കാണാന്‍ എത്തിയില്ല. താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് തന്നെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഈശ്വറിനോട് പറഞ്ഞിരുന്നുവെന്നും ഹാദിയ സുപ്രീം കോടതിയെ അറിയിച്ചു.

അമ്മ പാചകം ചെയ്യുന്ന ഭക്ഷണമാണ് വീട്ടില്‍ കഴിച്ചിരുന്നത്. ഒരു ദിവസം അമ്മ ഭക്ഷണം തയ്യാറാക്കുന്നതിനിടെ താന്‍ അടുക്കളയിലേക്ക് പോയി. തന്റെ സാന്നിധ്യം അമ്മ ശ്രദ്ധിച്ചില്ല. ഭക്ഷണം തയ്യാറാക്കുമ്പോള്‍ അമ്മ അസ്വാഭികമായി എന്തോ ചെയ്യുന്നത് കണ്ടുവെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. അതിന് ശേഷം സ്വന്തമായാണ് ഭക്ഷണം പാകം ചെയ്ത് കഴിച്ചിരുന്നത്. വലിയ പീഡനങ്ങളാണ് മാതാപിതാക്കളില്‍ നിന്നും അനുഭവിച്ചതെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു.

അച്ഛന്‍ ചിലരുടെ സ്വാധീനത്തിലാണ്. അച്ഛന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരേയും തന്നെ പീഡിപ്പിച്ചവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഹാദിയ ആവശ്യപ്പെട്ടു. താന്‍ മുസ്ലീമാണെന്നും മുസ്ലീമായിത്തന്നെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അച്ഛനോടും അമ്മയോടും ദേഷ്യമില്ലെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു.

 

 

Related posts