മലയാളിയായ ഐഎസ് തീവ്രവാദി അഫ്ഗാനില്‍ കൊല്ലപ്പെട്ടു; കാസര്‍ഗോട്ട് സ്വദേശി ഹഫീസിന്റെ മരണം ടെലഗ്രാം വഴി വീട്ടില്‍ അറിയിച്ചത് ഐഎസുകാര്‍

BHEELKകോഴിക്കോട്: ഐഎസില്‍ ചേരാന്‍ കേരളത്തില്‍ നിന്നു പോയ 11 യുവാക്കളില്‍ ഒരാള്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടു. കാസര്‍ഗോട് പടന്ന സ്വദേശി ഹഫീസുദ്ദീനാ(25)ണ് അഫ്ഗാനില്‍ വച്ച് ഡ്രോണ്‍ ആക്രമണത്തില്‍ മരണമടഞ്ഞത്.ചാറ്റിംഗ് ആപ്പായ ടെലഗ്രാം വഴി ലഭിച്ച സന്ദേശത്തില്‍ ഹഫീസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നു പറയുന്നു. പടന്ന സ്വദേശിയായ പൊതുപ്രവര്‍ത്തകനും ബന്ധുക്കള്‍ക്കുമാണ് ടെലിഗ്രാം സന്ദേശം ലഭിച്ചത്. ഇന്നു രാവിലെയോടെ അടുത്ത ബന്ധുക്കളുടെ ഫോണിലും ഈ സന്ദേശമെത്തി. ‘ ഹഫീസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹഫീസിനെ ഞങ്ങള്‍ രക്തസാക്ഷിയായാണ് കാണുന്നത്.ഞങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു’.ഇതാണ് സന്ദേശത്തിന്റെ ഉള്ളടക്കം.

അഫ്ഗാനിലേക്കു പോയ സംഘത്തിലുണ്ടായിരുന്ന അഷ്ഫാഖ് മജീദ് എന്നയാളാണ് ടെലഗ്രാം വഴി സന്ദേശമയച്ചത്. ഞങ്ങളെല്ലാം ശഹീദ് ആകാന്‍ കാത്തിരിക്കുകയാണെന്നും അഷ്ഫാഖിന്റെ ടെലഗ്രാം സന്ദേശത്തില്‍ പറയുന്നു. ഇന്നലെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനാല്‍ മൃതദേഹം അഫ്ഗാനില്‍ തന്നെ കബറടക്കുകയും ചെയ്തു. സംഘത്തിലെ പ്രായം കുറഞ്ഞയാളായ ഹഫീസായിരുന്നു സംഘത്തിനു നേതൃത്വം നല്‍കിയത്. നേരത്തെ യുഎഇയില്‍ ജോലി നോക്കിയിരുന്ന ഹഫീസ് തിരിച്ചു നാട്ടിലെത്തിയ ശേഷം തീവ്രവിശ്വാസിയായി മാറുകയായിരുന്നു. അടിച്ചുപൊളി ജീവിതം നയിച്ചിരുന്ന ഇയാള്‍ താടി വളര്‍ത്തി തീവ്രവിശ്വാസിയായത് വീട്ടുകാരെയും അമ്പരപ്പിച്ചിരുന്നു. തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരുമായി അടുത്ത ബന്ധം സൂക്ഷിച്ച ഹഫീസ് ഇതിനിടെ വിവാഹവും കഴിച്ചു. എന്നാല്‍ ദാമ്പത്യത്തിന് ഏതാനും മാസങ്ങളുടെ ആയുസ് മാത്രമായിരുന്നുണ്ടായിരുന്നത്. ഭാര്യയില്‍ ജിഹാദി ആശയങ്ങള്‍ കുത്തി നിറയ്ക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഭാര്യ വീട്ടുകാര്‍ ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു. കാണാതായവര്‍ ഐഎസിലെത്തിയ വിവരം നേരത്തെതന്നെ എന്‍ഐഎ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഹഫീസിന്റെ മരണവിവരം ഇതുവരെ സ്ഥീരീകരിച്ചിട്ടില്ല. ഇതേക്കുറിച്ച് പരിശോധിക്കുകയാണെന്ന് എന്‍ഐഎ ഉദ്യേഗസ്ഥന്‍ വ്യക്തമാക്കി. നേരത്തെ തങ്ങള്‍ ഐഎസിലാണെന്നും യുദ്ധ കേന്ദ്രങ്ങള്‍ക്ക് അകലെ സമാധാനപരമായ ജീവിതമാണ് നയി്ക്കുന്നതെന്നും അറിയിച്ചു കൊണ്ടുള്ള സന്ദേശം ബന്ധുക്കള്‍ക്കു  ലഭിച്ചിരുന്നു.

മലയാളി സംഘം അഫ്ഗാനില്‍ ആശുപത്രി തുടങ്ങിയെന്നും അതില്‍ പലരും വിവാഹം കഴിച്ച് ഐഎസ് സ്വാധീനമേഖലയില്‍ കഴിയുന്നതായും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നത്. കാസര്‍ഗോട്ടെ തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ നിന്നും പാലക്കാട്ടു നിന്നും ഏഴുമാസം കാണാതായ ദമ്പതികള്‍ അടക്കം 21പേരാണ് ഐഎസ്് ക്യാമ്പിലെത്തിയത്. കാസര്‍ഗോട്ടു നിന്നു കാണാതായ ഡോ.ഇജാസ്, ഭാര്യ റുഫൈല, അഷ്ഫാഖ് മജീദ് എന്നിവര്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ തങ്ങള്‍ ഐഎസിലെത്തിയെന്നും ഖിലാഫത്ത് സ്ഥാപിക്കുന്നതിനായാണ് ഇവിടെയെത്തിയതെന്നും വ്യക്തമാക്കി വീട്ടുകാര്‍ക്ക് ശബ്ദസന്ദേശം അയച്ചിരുന്നു.എംബിബിഎസ് ബിരുദദാരിയായ തൃക്കരിപ്പൂര്‍ സ്വദേശിയായ ഇജാസും സംഘത്തിലെ മറ്റൊരാളും ചേര്‍ന്നാണ് ഐസിസ് ക്യാമ്പില്‍ ക്ലിനിക്ക് ആരംഭിച്ചുവെന്നായിരുന്നു പുറത്തുവന്ന വിവരം. ക്ലിനിക്ക് തുടങ്ങിയിട്ടുണ്ടെന്നും നല്ല രീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നുണ്ടെന്നുമായിരുന്നു വീട്ടുകാരോട് ഡോ.ഇജാസ് പറഞ്ഞിരുന്നത്. അതേസമയം സംഘത്തില്‍ ബാച്ചിലേഴ്‌സ് ആയി ഉണ്ടായിരുന്നതില്‍ മൂന്നു പേര്‍ ഇവിടെ വച്ച് വിവാഹിതരായി. അഫ്ഗാനിലെ ഐസിസ് ക്യാമ്പിലെത്തിയ യുവതികളെയാണ് മലയാളി യുവാക്കള്‍ വിവാഹം കഴിച്ചത്.

അഷ്ഫാഖ് മജീദ് അടക്കമുള്ളവരാണ് വിവാഹിതരായത്. വിവാഹത്തിനു മുമ്പ് ഇവര്‍ നാട്ടിലെ അടുത്ത ബന്ധുക്കള്‍ക്ക് വിവരം അറിയിച്ചിട്ടുണ്ട്. നേരത്തെ പാലക്കാട് യാക്കരയിലെ ബെക്‌സണ്‍ എന്ന ഈസയുടെ ഭാര്യ നിമിഷയെന്ന ഫാത്തിമ അഫ്ഗാനിലെ ഐസിസ് ക്യാമ്പില്‍ വച്ച് പ്രസവിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ഫാത്തിമ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായുള്ള സന്ദേശം പാലക്കാട്ടെ വീട്ടിലേക്കു അയച്ചിരുന്നു. ഭര്‍ത്താവിനും ഭര്‍തൃ സഹോദരന്‍ യഹിയക്കും ഒപ്പം ഫാത്തിമ നാടുവിടുകയായിരുന്നു.
കാസര്‍കോട് നിന്ന് കാണാതായ അബ്ദുല്‍ റാഷിദ് അബ്ദുല്ല, അഷ്ഫാഖ് മജീദ്, ഡോ. ഇജാസ്, സഹോദരന്‍ ഷിഹാസ്, ഷഫിസുദ്ദീന്‍, പാലക്കാട് നിന്ന് കാണാതായ ബെസ്റ്റിന്‍ എന്ന യഹിയ, ഭാര്യ മെറിന്‍ മറിയം, സഹോദരന്‍ ബെക്‌സണ്‍ എന്ന ഈസ, ഭാര്യ നിമിഷ  എന്ന ഫാത്തിമ തുടങ്ങിയവരായിരുന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. കാസര്‍കോട് ചന്ദേര പൊലീസ് സ്‌റ്റേഷന്‍, പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത തിരോധാന കേസുകളെല്ലാം കഴിഞ്ഞ മൂന്ന് മാസമായി എന്‍.ഐ.എ സംഘമാണ് അന്വേഷിക്കുന്നത്.

Related posts