ദാവൂദിനു വേണ്ടി സമദ്ഖാനെ കൊലപ്പെടുത്താനുള്ള ക്വട്ടേഷൻ ഏറ്റെടുത്ത അരുൺ ഗാവ്ലി അതിനുള്ള പദ്ധതികൾ തയാറാക്കി. ഗാവ്ലിയുടെ കൂട്ടുകാരൻ രാമനായിക്കാണ് സാഹസികമായി സമദ് ഖാനെ വകവരുത്തിയത്.
ദാവൂദ് പ്രസ്റ്റീജ് വിഷയമായി കരുതിയിരുന്ന ഈ കൊലപാതകത്തോടെ ദാവൂദിന്റെ ഡി- കന്പനിയും അരുൺ ഗാവ്ലിയുടെ ബൈക്കുള ഗ്യാംഗും സൗഹൃദത്തിലായി.
കുറ്റകൃത്യങ്ങളുടെ ലോകത്തു പിന്നീടു പരസ്പരം സഹായിച്ചും സഹകരിച്ചും ഇവർ മുന്നേറി. ഒരു കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ബാബു രേഷിം പിന്നീടു ലോക്കപ്പിൽ കൊല്ലപ്പെട്ടു. തുടർന്നു ഗ്യാംഗിന്റെ നേതൃത്വം രാം നായിക് ഏറ്റെടുത്തു.
ദാവൂദുമായി ഉടക്ക്
അധോലോക ജീവിതത്തിനിടെ ദാവൂദുമായുള്ള സൗഹൃദത്തിൽ വിള്ളൽ വരാനുണ്ടായ മറ്റൊരു പ്രധാന കാരണത്തെപ്പറ്റി ഒരു അഭിമുഖത്തിൽ ഗാവ്ലി വിശദീകരിച്ചിരുന്നു. താനും ദാവൂദും തമ്മിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നു ഗാവ്ലി പറയുന്നു
. “ഇടയുന്നത് പ്രധാനമായും ഒരു പ്രശ്നത്തിന്റെ പേരിലാണ്, അതു മയക്കുമരുന്നാണ്. അവനു മുംബൈയിൽ മയക്കുമരുന്ന് വില്ക്കണമായിരുന്നു. ഞാൻ അതിന് എതിരു നിന്നു.
ആ ഒറ്റ കാരണംകൊണ്ടാണ് ദാവൂദ് എന്റെ സഹോദരൻ കിഷോറിനെയും ഖത്തർനാക് പത്രത്തിന്റെ ലേഖകനായ സുരേഷ് ഖാനോൽക്കറിനെയും കൊന്നുകളയുന്നത്.” – അരുൺ ഗാവ്ലി വെളിപ്പെടുത്തി. ഈ കാരണങ്ങൾ കൂടാതെ മറ്റു ചില കാരണങ്ങളും ദാവൂദിനും ഗാവ്ലിക്കും ഇടയിൽ ഉണ്ടായിരുന്നു.
തർക്കത്തിൽ ഉടക്ക്
1988ൽ ഒരു ഭൂമിയിടപാടിൽ ദാവൂദിന്റെ ഉറ്റ അനുയായി ശരദ് ഷെട്ടിയും രാം നായിക്കും തമ്മിൽ തർക്കമുണ്ടായി. നിഷ്പക്ഷത പാലിക്കേണ്ടതിനു പകരം ദാവൂദ് ഇബ്രാഹിം ശരദ് ഷെട്ടിയുടെ പക്ഷം നിന്നു.
ഇതിൽ ക്ഷുഭിതനായ അരുൺ ഗാവ്ലിയും രാംനായിക്കും ദാവൂദുമായി തെറ്റിപ്പിരിഞ്ഞു. പിന്നീട് 1989ൽ ചെമ്പൂരിലുണ്ടായ ഒരു പോലീസ് എൻകൗണ്ടറിൽ രാം നായിക്കും കൊല്ലപ്പെട്ടു.
എന്നാൽ, ഈ പോലീസ് എൻകൗണ്ടറിനു പിന്നിൽ പ്രവർത്തിച്ചതു ദാവൂദിന്റെ ബുദ്ധിയാണെന്ന് അരുൺ ഗാവ്ലി തിരിച്ചറിഞ്ഞു.
പക്ഷേ, അരുൺ ഗാവ്ലി എടുത്തു ചാട്ടത്തിനു തുനിഞ്ഞില്ല. കൂട്ടാളികൾ രണ്ടുപേരും നഷ്ടപ്പെട്ടത് അദ്ദേഹത്തിനു വലിയ തിരിച്ചടിയായി മാറിയിരുന്നു.
എന്നാൽ, ഈ ദുഃഖത്തിലും അധോലോകം വിട്ടുപോകാൻ ഗാവ്ലി ശ്രമിച്ചില്ല. എന്നു മാത്രമല്ല ബൈക്കുള ഗ്യാംഗിന്റെ നേതൃത്വം ഏറ്റെടുത്ത ഗാവ്ലി ദാവൂദ് ഇബ്രാഹിമിനോടു പകരം വീട്ടുമെന്നു ശപഥം ചെയ്യുകയും ചെയ്തു.
ഡാഡിയായി മാറുന്നു
ഗ്യാംഗിന്റെ നേതൃത്വം ഏറ്റെടുത്തതോടെ അധോലോകത്തു ശക്തനായി മാറിയ അരുൺ ഗാവ്ലി ഡാഡി എന്ന വിളിപ്പേരിൽ അറിയപ്പെടാൻ തുടങ്ങി.
ഗാവ്ലിയുടെ സംഘം ഡാഡി ഗ്യാംഗ് എന്നും അറിയപ്പെട്ടു. ഇതിനിടെ, ഗാവ്ലിയുമായി അങ്കം പ്രഖ്യാപിച്ച ദാവൂദ് ഗാവ്ലിയുടെ സഹോദരനെ വകവരുത്തി.
രാം നായിക്കിന്റെ കൊലയ്ക്കു ദാവൂദിനോടു പ്രതികാരം ചെയ്യാൻ തീരുമാനിച്ച ഗാവ്ലിസംഘത്തിലെ പ്രധാന ഷാർപ്പ് ഷൂട്ടറായിരുന്നു ശൈലേഷ് ഹലന്ദർ.
എത്ര വേഗത്തിൽ ഒാടുന്ന വാഹനത്തിലിരുന്നും എത്ര വേഗത്തിലോടുന്ന വാഹനത്തിലിരിക്കുന്നയാളെയും ഉന്നം തെറ്റാതെ വെടിവയ്ക്കുന്നയാൾ.
രാം നായിക്കിന്റെ കൊലയ്ക്കു പകരം ചോദിക്കാൻ ശരിയായ അവസരം കാത്തുനിന്ന ഗാവ്ലി സഹോദരൻകൂടി നഷ്ടമായതോടെ ഇനി നോക്കി നിൽക്കുന്നതിൽ കാര്യമില്ല എന്ന തീരുമാനത്തിലെത്തി.
(തുടരും)