കൊച്ചി: കൊച്ചി മെട്രോയുടെ തൂണുകളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായിരുന്നില്ലെന്ന് ഹൈബി ഈഡന് എംപി. “ഒരു പുസ്തകം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ആ ബോര്‍ഡ്. അതില്‍ പൊളിറ്റിക്കല്‍ കണ്ടന്റോ രാഷ്ട്രീയ മുദ്രാവാക്യങ്ങളോ രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമോ ഒന്നും ഉണ്ടായിരുന്നില്ല. ഒരു പുസ്തകത്തിന്റെ കവര്‍ പേജിന്റെ രൂപമാണ് കൊടുത്തിരുന്നത്. ഒരു ഡിസൈന്‍ എങ്ങനെ ചെയ്യണം, അതിലെ സസ്പെന്‍സ് എന്ത് എന്നൊക്കെ തീരുമാനിക്കുന്നത് നമ്മളല്ലേ, അവരല്ലല്ലോ?- ഹൈബി ഈഡന് എംപി വ്യക്തമാക്കി.
ബോര്‍ഡ് നീക്കം ചെയ്യുന്നതു സംബന്ധിച്ച് ഔദ്യോഗികമായി ഒരു അറിയിപ്പും ഇതുവരെ കൊച്ചി മെട്രോ അധികൃതരുടെ ഭാഗത്തുനിന്ന് കിട്ടിയിട്ടില്ല. ബോര്‍ഡ് സ്ഥാപിച്ചത് സംബന്ധിച്ച് എന്റെ വിശദീകരണം നല്‍കിയിട്ടുണ്ട്. ഇനി കൂടുതലൊന്നിനും പോകുന്നില്ല. അവര്‍ സുതാര്യമായിട്ടാണ് എല്ലാം നടത്തുന്നതെങ്കില്‍ അത്തരത്തില്‍ തന്നെ പോകട്ടെയെന്നു തന്നെയാണ് ഞാന്‍ കാണുന്ന്. ബദല്‍ സംവിധാനങ്ങള്‍ ഉണ്ടല്ലോ. പ്രധാനമന്ത്രിയുടെ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും മുഖം വച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ പലപ്പോഴും മെട്രോ തൂണുകളില്‍ കാണാറുണ്ട് – ഹൈബി പറഞ്ഞു.
കച്ചേരിപ്പടിയിലും ഇടപ്പള്ളിയിലുമായി നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലെ മെട്രോ തൂണുകളിലാണ് ഹൈബി ഈഡന്റെ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. “കമിങ് സൂണ്‍ ഹൈബി, ഹൃദയത്തില്‍ ഹൈബി, നാടിന്റെ ഹൃദയാക്ഷരങ്ങള്‍’ എന്നിങ്ങനെ കുറിപ്പുകളോടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററിന്റെ രൂപത്തിലായിരുന്നു ബോര്‍ഡ്. സിപിഎം നേതാവ് അഡ്വ. കെ.എസ്. അരുണ്‍ കുമാറാണ് ഇതിനെതിരേ പരാതി നല്‍കിയത്. മെട്രോ തൂണുകള്‍ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും നേരത്തെ സിപിഎം സംസ്ഥാന സമ്മേളനത്തിനടക്കം അനുമതി നിഷേധിച്ചതും ചൂണ്ടിക്കാട്ടിയാണ് അരുണ്‍ കെഎംആര്‍എല്ലിന് പരാതി നല്‍കിയത്. തുടര്‍ന്നാണ് നടപടി ഉണ്ടായത്.