തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യത്യസ്തതകള്‍ കൊണ്ടുവരാനുള്ള അതികഠിന പരിശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളുമെല്ലാം. ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പ്രചാരണങ്ങള്‍ ഇതിനോടകം ആളുകള്‍ കാണുകയും ചെയ്തു.
അച്ഛന് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ആറു വയസുകാരിയായ മകളുടെ സംഗീത ആല്‍ബമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതുമയോടെ അവതരിപ്പിച്ചിരിക്കുന്നത്. എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന് വേണ്ടിയാണ് മകളായ ക്ലാര പാട്ടിലൂടെ വോട്ട് തേടുന്നത്. ഹൈബിയുടെ ഭാര്യ അന്നയും ആല്‍ബത്തിലുണ്ട്. നേരത്തെ തന്നെ ഹൈബിക്കായി പ്രചാരണത്തിനിറങ്ങി കുഞ്ഞു ക്ലാര വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പിന്നാലെയാണ് തന്റെ പ്രിയ ഡാഡയ്ക്കായി സംഗീത ആല്‍ബവുമായി ക്ലാര എത്തിയിരിക്കുന്നത്.
അമ്മ മകളെ സംഗീതം പഠിപ്പിക്കുന്ന രീതിയിലാണ് ആല്‍ബം തയ്യാറായിരിക്കുന്നത്. പാടുന്നത് ക്ലാരയും പഠിപ്പിക്കുന്നത് അമ്മയായ അന്നയും. സംഗീത സംവിധായകന് മെജോ ജോസഫും സംഘവുമാണ് ചിത്രീകരണത്തിന് സഹായിച്ചത്. അയച്ചു കൊടുത്ത മൂന്ന് ട്യൂണുകളില്‍ ഇഷ്ടപ്പെട്ട ട്യൂണ്‍ തെരഞ്ഞെടുത്തതും ക്ലാര തന്നെയാണ്.
വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. ഹൈബിയോടൊപ്പം ക്ലാര പ്രചാരണത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാനത്തിന്റെ ചിത്രീകരണത്തിന് ഒന്നര മണിക്കൂര്‍ മാത്രമേ എടുത്തുള്ളൂവെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.