ലോക ഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ട റയല്‍മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലിയൊരു മനസിന്റെ ഉടമ കൂടിയാണ്. രണ്ടുവര്‍ഷം മുമ്പ് ലബനനില്‍ നടന്ന ഒരു ചാവേര്‍ ആക്രമണത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ലബനീസ് ബാലന്റെ വിദ്യാഭ്യാസച്ചെലവുകള്‍ ഏറ്റെടുത്താണ് താരം മാതൃകയായത്.
ലബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ നടന്ന ഒരു ചാവേര്‍ ആക്രമണത്തിലാണ് ഇപ്പോള്‍ നാലുവയസുള്ള ഹൈദറിന് തന്റെ മാതാപിതാക്കളെ നഷ്ടമാകുന്നത്. തങ്ങളുടെ ജീവിതം അവസാനിക്കാന്‍ പോവുകയാണെന്നു ബോധ്യമായതോടെ ഹൈദറിന്റെ അമ്മ ലൈല മകനെ സുരക്ഷിതമായി ഒരിടത്ത് ഒളിപ്പിക്കുകയായിരുന്നു.
ഹൈദറിന്റെ കഥ ലോകമെങ്ങും പരന്നു. അതിനിടയ്ക്കാണ് റയല്‍ മാഡ്രിഡ് അക്കാര്യം കണ്ടെത്തിയത്. കൊച്ചു ഹൈദര്‍ റയലിന്റെ കടുത്ത ഫാനാണെന്ന കാര്യം. ഇതേത്തുടര്‍ന്നാണ് തന്റെ ആരാധനപാത്രമായ ക്രിസ്റ്റാനോയെ നേരിട്ടുകാണാനുള്ള അവസരമൊരുങ്ങിയത്. ഹൈദറിന്റെ അമ്മാവന്‍ മുഹമ്മദും ഭാര്യയും സെന്‍ട്രല്‍ ലണ്ടനിലാണ് താമസിക്കുന്നത്. ഹൈദറിനെ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമാക്കാന്‍ അവര്‍ ശ്രമമാരംഭിച്ചിരുന്നു. ഹൈദറിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയേക്കാള്‍ സന്തോഷം പകരുന്ന ഒരേയൊരു കാര്യം ഒരു ബ്രിട്ടീഷ് പൗരനാകുക എന്നതായിരിക്കുമെന്നും മുഹമ്മദ് പറയുന്നു
ഹൈദറിന് തന്നോടുള്ള ആരാധന കേട്ടറിഞ്ഞ റൊണാള്‍ഡോ കഴിഞ്ഞ ഞായറാഴ്ച്ച ഹൈദറിന് മെസേജ് അയച്ചു” നീ നന്നായിരിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. നിന്റെ ഭാവിയ്ക്ക് വേണ്ട എല്ലാ ആശംസയും നേരുന്നു. നിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഞാനുണ്ട് നിന്റെ കൂടെ” ക്രിസ്റ്റാനോയുടെ സന്ദേശത്തില്‍ പറയുന്നു.
ലണ്ടനില്‍ വെയ്റ്ററായി ജോലി നോക്കുന്ന മുഹമ്മദിനും ഭാര്യ ലയാലിനും ഹൈദറിന്റെ സംരക്ഷണാവകാശം ഉന്നയിച്ച് ലെബനീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. തങ്ങളുടെ മൂന്നുമക്കളുടെയൊപ്പം ഹൈദര്‍ വളരുമെന്ന് ഇവര്‍ക്ക് വിശ്വാസമുണ്ട്. 1991ലാണ് ബെയ്‌റൂട്ടില്‍ നിന്നും മുഹമ്മദ് യുകെയിലെത്തുന്നത്. കഴിഞ്ഞയാഴ്ച ബെയ്‌റൂട്ടിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റില്‍ ഹൈദറിന് ബ്രിട്ടനില്‍ തുടരാനായുള്ള അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.
താന്‍ ഹൈദറിനെ കാണുമ്പോള്‍ അവന്‍ ആദ്യം ആവശ്യപ്പെട്ടത് റയല്‍ മാഡ്രിഡിന്റെ ഒരു ടി-ഷര്‍ട്ടായിരുന്നുവെന്ന് മുഹമ്മദ് പറയുന്നു. ഹൈദറും അച്ഛനും റയലിന്റെ കടുത്ത ഫാനായിരുന്നെന്നും മുഹമ്മദ് പറയുന്നു. ഈ വാര്‍ത്ത വെളിയില്‍ വന്നതിനെത്തുടര്‍ന്ന് മുഹമ്മദ് റയലിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഹൈദറുമായി സ്‌പെയിനിലേക്കു പറന്നു. ഹൈദറും റൊണാള്‍ഡോയും കണ്ടുമുട്ടിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ” റൊണാള്‍ഡോ ഹൈദറിനെ കാണാന്‍ വന്നപ്പോള്‍ അവന്റെ മുഖം സന്തോഷം കൊണ്ടു വികസിച്ചിരുന്നു.അവനോടു വളരെ സ്‌നേഹത്തോടെയാണ് ക്രിസ്റ്റിയാനോ പെരുമാറിയത്”.മുഹമ്മദ് പറയുന്നു. റിച്ചാര്‍ഡ് റോബര്‍ട്ട് എന്ന അഭിഭാഷകനാണ് ഹൈദറിന് അവന്റെ ബന്ധുക്കള്‍ക്കൊപ്പം പോകാനുള്ള നടപടികളുമായി മുമ്പോട്ടു പോവുന്നത്. എന്തായാലും ഇപ്പോള്‍ ഹൈദര്‍ സന്തോഷത്തിലാണ് ഭാവിയില്‍ റയലിനു വേണ്ടി കളിക്കുന്നതായിരിക്കണം കുഞ്ഞു ഹൈദറിന്റെ ഏറ്റവും വലിയ സ്വപ്നം.