സ്വന്തം ലേഖകന്‍
കോഴിക്കോട്: ഉത്തര്‍പ്രദേശ് ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ വെടിവയ്പ്പിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ജയിലുകളില്‍ കര്‍ശന പരിശോധന നടത്താന്‍ നിര്‍ദേശം.
ജയില്‍ ഡിജിപി ഋഷിരാജ് സിംഗാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജയിലുകളില്‍ പരിശോധന കുറവായിരുന്നു.
പരിശോധനയിലെ കുറവ് ജയിലുകളുടെ സുരക്ഷിതത്വത്തെ ബാധിക്കുമെന്നതിനാലാണ് കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ജയില്‍ സൂപ്രണ്ടുമാരോട് നിര്‍ദേശിച്ചത്.
ഇക്കാര്യം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ദക്ഷിണ, മധ്യ, ഉത്തരമേഖലാ ജയില്‍ ഡിഐജിമാര്‍ ഉറപ്പുവരുത്തണം.
പുറത്തുനിന്ന് തടവുകാര്‍ ജയിലുകളിലേക്ക് കടക്കുമ്പോള്‍ ആയുധങ്ങള്‍, മയക്കുമരുന്ന്, മൊബൈല്‍ ഫോണ്‍, പണം എന്നിവ ദേഹത്തുണ്ടോയെന്ന് വ്യക്തമായി പരിശോധിച്ചുറപ്പുവരുത്തണം.
പരിശോധനാ ഫലം സര്‍ച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു.
കോട്ടയം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ചില ജയിലുകളിൽ മയക്കുമരുന്ന്, മൊബൈല്‍ ഫോണ്‍, മദ്യം, എന്നിവ എത്തിക്കുന്നതിന് വേണ്ടി ചില റാക്കറ്റുകള്‍ സജീവമായുണ്ടെന്ന് ഡിജിപിക്ക് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.
ഇത്തരം റാക്കറ്റുകള്‍ മയക്കുമരുന്ന്, മൊബൈല്‍ ഫോണ്‍ , മദ്യം എന്നിവ ജയിലിന്റെ മതിലിന് മുകളിലൂടെ പൊതികളാക്കി എറിഞ്ഞുകൊടുക്കാറാണ് പതിവ്.
ഈ സാഹചര്യത്തില്‍ ജയിലിലെ മതില്കെട്ടിന് പുറമേയുള്ള റോന്തും തടവുകാരെ സെല്ലില്‍ നിന്നും പുറത്തിറക്കുന്നതിന് മുമ്പ് മതില്കെട്ടിനകത്തെ ഭാഗത്തുള്ള പരിശോധനയും കര്‍ശനമാക്കണം.
ആഴ്ചയില്‍ രണ്ടു തവണയെങ്കിലും മുന്‍കൂട്ടി അറിയിക്കാതെ ജയില്‍ കോമ്പൗണ്ടിലും സെല്‍ ബാരക്കുകളിലും പരിശോധന നടത്തണം. തടവുകാരുടെ ശരീര പരിശോധനയും കൃത്യമായി നിര്‍വഹിക്കണമെന്ന് ഡിജിപി നിര്‍ദേശിച്ചു.