ഉത്തർപ്രദേശിലെ സിന്ധൗലി ജില്ലയിലെ അംദാർ ഗ്രാമത്തിൽ നിന്നുള്ള ഖുഷി ഗൗതം എന്ന 17 വയസുകാരി കുറച്ച് ദിവസങ്ങളായി കടുത്ത വയറുവേദന, അസ്വസ്ഥത, തുടർച്ചയായ ഛർദ്ദി എന്നിവയാൽ കഷ്ടപ്പെടുകയായിരുന്നു.
തുടർന്ന് ഷാജഹാൻപൂരിലെ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തി. കുട്ടിയുടെ അവസ്ഥ നിർണയിക്കാൻ ഡോക്ടർമാർ നിരവധി പരിശോധനകളും നടത്തി.
സിടി സ്കാനിൽ ഖുഷിയുടെ വയറിനുള്ളിൽ മുടിയുടെ ഒരു കെട്ട് തന്നെയുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പെൺകുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.
തുടക്കത്തിൽ ഖുഷിക്ക് വൃക്കയിൽ കല്ല് ഉണ്ടെന്ന് മെഡിക്കൽ സംഘം സംശയിച്ചിരുന്നതായി മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ പൂജ ത്രിപാഠി വിശദീകരിച്ചു.
എന്നാൽ സിടി സ്കാനിൽ പെൺകുട്ടിയുടെ വയറ്റിൽ വൻതോതിൽ മുടി അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ഇത്തരം കേസുകൾ അപൂർവമാണെന്നും ട്രൈക്കോട്ടില്ലോമാനിയ എന്നറിയപ്പെടുന്ന മുടി കഴിക്കുന്ന നിർബന്ധിത ശീലമാണ് ഖുഷിയുടെ അവസ്ഥയ്ക്ക് കാരണമെന്നും ഡോ ത്രിപാഠി അഭിപ്രായപ്പെട്ടു.
ഈ സ്വഭാവം ഖുഷിയുടെ ദഹനനാളത്തിൽ ഹെയർബോൾ രൂപപ്പെടുന്നതിലേക്കും നയിച്ചു. ഒടുവിൽ വിജയകരമായ ശസ്ത്രക്രിയയിലൂടെ ഖുഷിയുടെ അവസ്ഥ മെച്ചപ്പെടുകയും ചെയ്തു.