തൊടുപുഴ: തല മുടി വെട്ടാൻ അയിത്തം കൽപ്പിച്ച വട്ടവടയിലെ ബാർബർഷോപ്പുകൾ അടച്ചു പൂട്ടി. താഴ്ന്ന ജാതിക്കാരുടെ തലമുടി വെട്ടില്ലെന്ന് നിലപാടെടുത്ത മേൽജാതിക്കാരുടെ രണ്ട് ബാർബർഷോപ്പുകളാണ് അടച്ചു പൂട്ടിയത്.
ഇനി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതു ബാർബർഷോപ്പ് തുറക്കും. ഇതിനായി ഏറ്റെടുത്ത കെട്ടിടത്തിൽ നിർമാണ പ്രവർത്തനം പൂർത്തിയാക്കി തിങ്കളാഴ്ച്ച പൊതു ബാർബർഷോപ്പ് തുറക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാമരാജ് രാഷ്ട്രദീപികയോട് പറഞ്ഞു.
മൂന്നാറിൽ പോകണോ?
വട്ടവടയിൽ ഇപ്പോഴും നില നിൽക്കുന്ന വർണ വിവേചനത്തിന്റെ ഭാഗമായാണ് താഴ്ന്ന ജാതിക്കാരോട് തല മുടി വെട്ടുന്നതിൽ പോലും ഇപ്പോഴും വേർതിരിവു തുടരുന്നത്.
വട്ടവടയിൽ മേൽജാതിക്കാരുടെ തലമുടി മാത്രമാണ് ബാർബർഷോപ്പിൽ വെട്ടുന്നത്. ചക്ലിയ വിഭാഗത്തിൽപെടുന്ന താഴ്ന്ന ജാതിക്കാർ തനിയെ മുടി വെട്ടുകയോ കിലോമീറ്ററുകൾ അകലെയുള്ള മൂന്നാറിലെത്തി മുടി വെട്ടുകയോ ചെയ്യണമായിരുന്നു.
രണ്ടു കുട്ടികളുടെ തലമുടി വെട്ടാൻ മൂന്നാറിലെത്താൻ ആയിരത്തോളം രൂപയാണ് ഇവർ ചെലവഴിക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് വട്ടവടയിൽ തന്നെ പൊതു ബാർബർ ഷോപ്പ് തുറക്കാൻ തീരുമാനിച്ചത്
. മുടിവെട്ടിന് അയിത്തം കൽപ്പിച്ച സംഭവത്തിൽ പട്ടികജാതി ക്ഷേമ സമിതിയും ഇടപെട്ടിരുന്നു. സമിതി ജനറൽ സെക്രട്ടറി സോമപ്രസാദ് എംപിയുടെ നേതൃത്വത്തിലുള്ള സംഘം വട്ടവടയിലെത്തി നിലവിലുള്ള സ്ഥിതി വിലയിരുത്തി.
വിവാദം പുകഞ്ഞപ്പോൾ
വട്ടവടയിൽ ഏറ്റവും താഴ്ന്ന ജാതിക്കാർക്ക് മുടി വെട്ടാൻ അവസരം നിഷേധിച്ചിരുന്ന ബാർബർ ഷോപ്പ് ഉടമകളുടെ നിലപാട് വിവാദമായതോടെയാണ് സമിതിയുടെ നേതാക്കൾ വട്ടവടയിലെത്തി അന്വേഷണം നടത്തിയത്.
മുടിവെട്ടുന്നതിനുള്ള വേർതിരിവ് ഇല്ലാതാക്കണമെന്നും അത്തരത്തിൽ പെരുമാറുന്നവരെ ബഹിഷ്കരിച്ച് പൊതുവായ ബാർബർ ഷോപ്പുകൾ ആരംഭിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
പിന്നീട് പഞ്ചായത്ത് ഭരണസമിതിയുമായി ചർച്ചകൾ നടത്തിയതിനെ തുടർന്നാണ് എല്ലാവർക്കും തുല്യമായ അവകാശത്തോടെ മുടിവെട്ടാവുന്ന വിധത്തിലുള്ള പൊതു കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചത്.
ഇതിനിടെ ബാർബർഷോപ്പുകൾ പഞ്ചായത്ത് അടച്ചു പൂട്ടിയതോടെ ബാർബർമാരോട് വീടുകളിലെത്തി മുടി വെട്ടാൻ മേൽജാതിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.