കാവ്യാ ദേവദേവന്
ഇടുക്കി വെണ്മണി സ്വദേശി സുരേഷിന് കുലത്തൊഴിലായി കിട്ടിയതാണു മുടിവെട്ട് ജോലി. പക്ഷേ പരന്പരാഗതരീതി തുടരാൻ സുരേഷ് തയാറല്ലായിരുന്നു.
മുടിവെട്ടിനെ ആധുനികരീതിയിലേക്കു മാറ്റിയെടുക്കാനായി പഠനങ്ങളും പരീക്ഷണങ്ങളും നടത്തി. മുടിയുടെ വളര്‍ച്ചാഘട്ടങ്ങള്‍ മനസിലാക്കാൻ ഒരാളുടെ തല മൊട്ടയടിച്ച് ഒരു വർഷത്തോളം നിരീക്ഷിച്ചു.
മൊട്ടയടിക്കുന്നതിനു മുന്‍പുള്ള ഫോട്ടോയും തുടർന്നു മുടി വളരുന്നതിന്റെ 365 ദിവസത്തെ ഫോട്ടോയും എടുത്തു. ഇതുവഴി ഓരോ ദിവസവും മുടി എങ്ങനെ വളരുന്നു,
എന്തൊക്കെ വ്യത്യാസങ്ങള്‍ വരുന്നുവെന്നു കൃത്യമായി മനസിലാക്കി. ഇതിന്റെയടിസ്ഥാനത്തിൽ മുടി വെട്ടുന്നതിന് തന്റേതായ ഒരു ശൈലി സുരേഷ് രൂപപ്പെടുത്തി.
ആ ശൈലി വൈറലായി. സെലിബ്രിറ്റികൾ തേടിയെത്തി. വിവിഐപികൾ പോലും ഇദ്ദേഹത്തിനു മുൻപിൽ തല കുനിച്ചിരുന്നു. കേരളത്തിലും പുറത്തും പേരും പെരുമയുമുള്ള സഞ്ചരിക്കുന്ന ബ്യൂട്ടീഷ്യനാണ് ഇപ്പോൾ സുരേഷ്.
തലമുടി ലെവലാക്കാൻ ഇദ്ദേഹത്തിന് അടുത്തെത്തിയവരിൽ സിനിമമേഖലയിലെ പ്രമുഖര്‍ മാത്രമല്ല, രാഷ്ട്രീയ നേതാക്കളുമുണ്ട്. അടുത്തനാളിൽ അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ ഒതുങ്ങാത്ത തലമുടിയെയും സുരേഷ് ഒതുക്കിയിട്ടുണ്ട്.
അധികം സ്റ്റൈൽ തനിക്ക് വേണ്ടെന്ന് ഉമ്മൻചാണ്ടി തീരുമാനിച്ചതിനാൽ ഒന്നോ രണ്ടോ തവണകൊണ്ട് അതവസാനിച്ചെന്നു മാത്രം. അന്തരിച്ച കെ.എം. മാണിയാണ് സുരേഷ് മുടി വെട്ടിക്കൊടുത്ത മറ്റൊരു പ്രമുഖ നേതാവ്.
നാല്പതു വര്‍ഷത്തോളം തന്റെ മുടി സ്വന്തമായി വെട്ടിയിരുന്നയാളാണ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ. അദ്ദേഹവും മുടി വെട്ടുന്നതിനായി സുരേഷിന് മുന്പിൽ തലകുനിച്ചു.
മുടി വെട്ടിക്കഴിഞ്ഞപ്പോൾ, തന്റെ പഴയ രൂപം തിരികെ കിട്ടിയെന്നായിരുന്നു’ അദ്ദേഹത്തിന്റെ പ്രതികരണമെന്നു സുരേഷ് അഭിമാനത്തോടെ പറയുന്നു.
സെലിബ്രിറ്റികളിൽ പ്രധാനി ഗാനഗന്ധര്വന് കെ.ജെ. യേശുദാസാണ്. വര്‍ഷങ്ങളായി യേശുദാസിന്റെ ഹെയർ സ്റ്റൈലിനു പിന്നിൽ സുരേഷാണ്.
ദാസേട്ടന് എവിടെനിന്നു വിളിച്ചാലും സുരേഷ് അവിടെ പറന്നെത്തും. കൊച്ചിയെങ്കില്‍ കൊച്ചി, തിരുവനന്തപുരത്തെങ്കില് അവിടെ. ചെന്നൈയിൽവരെ പോയി ദാസേട്ടന്റെ മുടി വെട്ടിയ ചരിത്രവും സുരേഷിനുണ്ട്.
മലയാള സിനിമയിലെ കാരണവര്‍ മധു, സിദ്ധിഖ്, ജയസൂര്യ, ഗണേഷ്കുമാർ, നരേന്, ബ്ലസി, സൂരജ് വെഞ്ഞാറമൂട് തുടങ്ങി ഇരുന്നൂറോളം സെലിബ്രിറ്റികൾ സുരേഷിന്റെ കസ്റ്റമർ ലിസ്റ്റിൽപ്പെടുന്നു.
ഹെയര്‍ ചിപ്പിംഗ്, ഹെയര്‍ പേജിംഗ്, ഹെയര്‍ തനിമ, ഹെയര്‍ ടച്ചിംഗ് എന്നിങ്ങനെ സുരേഷിനു മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന നാലു രീതികളുണ്ട്. യാതൊരു കൃത്രിമത്വവും കലരാത്ത പഴച്ചാറുകള്‍ ഉപയോഗിച്ച് മുടികളെ ഇദ്ദേഹം ബലമുള്ളതാക്കും.
ഒരുവന്റെ മുഖഘടന കൃത്യമായി അറിഞ്ഞുവേണം അവന്റെ മുടിയില്‍ കത്രികവയ്ക്കാനെന്ന് ഈ മുടിവെട്ട് കലാകാരൻ പറയുന്നു. കവിള്, കഴുത്ത്, ചെവി, നെറ്റി എന്നിവയുടെ ആകൃതി കൃത്യമായി മനസിലാക്കണം. എങ്കില്‍ മാത്രമേ ഒരാളുടെ മുഖത്തിനനുയോജ്യമായ രീതിയില്‍ മുടി വെട്ടാന്‍ സാധിക്കൂ. അല്ലാത്തപക്ഷം അവന്റെ രൂപംതന്നെ മാറിപ്പോകും.
കേവലമൊരു തൊഴിലിനെന്നതിലുപരി മുടി വെട്ടലിനെ ഒരു കലയായി സുരേഷ് കാണുന്നു. ഒരു ശിലയെ ശില്പി എങ്ങനെയാണോ ശില്പമാക്കി മാറ്റുന്നത് അതുപോലെതന്നെ ഏകാഗ്രത വേണ്ട ജോലിതന്നെയാണ് മുടിവെട്ടലുമെന്നാണു സുരേഷിന്റെ പക്ഷം.
മുടി വെട്ടലിനു കൃത്യമായ കണക്കും ശാസ്ത്രവുമുണ്ടെന്നു തെളിയിക്കാൻ സുരേഷ് കണ്ണുകെട്ടിയും മുടി വെട്ടാറുണ്ട്.അടുത്തകാലംവരെ തിരുവല്ലയില്‍ ആയിരുന്ന സുരേഷ് പഴയ തട്ടകമായ കോട്ടയത്തേക്കു വീണ്ടും വരാൻ ഒരുങ്ങുകയാണ്.
കോട്ടയം യൂണിയൻ ക്ലബിനു സമീപം താമസിയാതെ അദ്ദേഹത്തിന്റെ പാർലർ പ്രതീക്ഷിക്കാം. മിമിക്രി കലാകാരൻ കൂടിയായ സുരേഷ് വെണ്മണി കവിതകളും എഴുതും. (ഫോൺ: 9400100300)