കോട്ടയം: സംസ്ഥാനത്തുടനീളം ബാർബർ ബ്യൂട്ടീഷൻ മേഖലയിൽ പാരമ്പര്യ തൊഴിലിൽ ഉപജീവനമാർഗമായി തേടിയവർ ഏതാണ്ട് മുപ്പതിനായിരത്തോളമുണ്ടെന്നിരിക്കെ ഈ തൊഴിലുമായി യാതൊരു ബന്ധമോ പ്രാവീണ്യമോ ഇല്ലാത്തവർ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ബിനാമിഷോപ്പുകൾ തുറക്കുന്നതിനെതിരേ കേരളാ സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ.
കെട്ടിടവാടകയും വൈദ്യുതി ചാർജും മറ്റ് ചെലവുകളും മറികടക്കാൻ കഴിയാത്ത വേതന നിരക്കിലാണ് ഒന്നും രണ്ടു പേരും മാത്രം പണിയെടുക്കുന്ന സ്ഥാപനങ്ങൾ നിലനിന്നു പോകുന്നത്. ഇതിനും കടക്കൽ കത്തിവെയ്ക്കുന്ന തരത്തിലാണ് വ്യാവസായികാടിസ്ഥാനത്തിൽ തുടങ്ങുന്ന ഷോപ്പുകളിലെ വിവിധ വർക്കുകളുടെ വേതന ഓഫർ നിരക്ക്.
യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ഗ്രാമപ്രദേശങ്ങളടക്കം വ്യാവസായികമായി ഇത്തരം ബിനാമിഷോപ്പുകൾ തുറക്കുകയാണ്. തലമുറകളായി ഈ തൊഴിൽ ചെയ്തു ജീവിക്കുന്ന കുടുംബങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്കു തള്ളിവിടുന്ന ഈ പ്രവണതയെ സർക്കാർ മാനദണ്ഡങ്ങളിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നിയന്ത്രിക്കണമെന്ന് കേരളാസ്റ്റേറ്റ് ബാർബർ ബ്യുട്ടീഷൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
മുടി മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് പതിന്നാലു ജില്ലയിലും സർക്കാർ ശുചിത്വ മിഷൻ അംഗീകാരമുള്ള സ്വകാര്യ കമ്പനികൾ മുഖാന്തിരമാണ് മാലിന്യ നിർമാർജനം കെഎസ്ബിഎ അംഗത്വമുള്ള എല്ലാ പ്രസ്ഥാനങ്ങളും സംസ്ഥാനത്തു നടക്കുന്നത്. എന്നാൽ ബിനാമി ഷോപ്പുകളിലെ മാലിന്യം ജനവാസ കേന്ദ്രങ്ങളിലും ശുദ്ധജല സ്രോതസുകളിലും നിക്ഷേപിക്കുന്നതുമൂലം ഈ മേഖലയിലെ മറ്റ് തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യവുമുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപന മാനദണ്ഡങ്ങളിൽ വ്യാവസായികമായി വരുന്ന ഇത്തരം പ്രസ്ഥാനങ്ങൾക്ക് കടിഞ്ഞാണിട്ടുകൊണ്ട് പാരമ്പര്യ തൊഴിലിനെയും ഉപജീവന മാർഗ്ഗത്തെയും സംരക്ഷിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിന്റ് ഇ.എസ്. ഷാജി, വൈസ് പ്രസിഡന്റ് കെ. രവീന്ദ്രദാസ്, ജനറൽ സെക്രട്ടറി എം. ഉമ്മർ, ട്രഷറർ സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.