ഗാന്ധിനഗർ: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിയുടെ മുടി മുറിച്ച സംഭവത്തിൽ കുറ്റക്കാരിൽ നിന്ന് നഷ്ടപരിഹാരം ചോദിച്ചുകൊണ്ടുള്ള വക്കീൽനോട്ടീസ് ആശുപത്രി അധികൃതർക്ക് ലഭിച്ചു. എന്നാൽ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് പറയണമെന്ന് മുടി മുറിച്ചുമാറ്റിയവരോട് വാർഡിന്റെ ചുമതലക്കാർ പറഞ്ഞതായി ആരോപണം ഉയർന്നു.
എരുമേലി കനകപലം, ശ്രീനിപുരം കളപ്പുരയ്ക്കൽ രാജപ്പന്റെ ഭാര്യ ശോഭനയുടെ(43) മുടിയാണ് മുറിച്ചു മാറ്റിയത്. കഴിഞ്ഞ ഓഗസ്റ്റ് 26നാണ് വയറുവേദനയെതുടർന്ന് ശോഭനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27ന് രാവിലെ വാർഡിന്റെ ചുമതലക്കാരിയായ നഴ്സിന്റെ നിർദേശപ്രകാരം വനിതാ അറ്റൻഡർ ശോഭനയുടെ മുടി മുറിച്ചുമാറ്റി.
വയറുവേദനയുമായി വന്ന തന്റെ മുടി മുറിച്ചുമാറ്റുന്നതെന്തിന് എന്ന് ചോദിച്ചുവെങ്കില്ലും മറുപടി ലഭിച്ചില്ല. തുടർന്ന് ശോഭനയെ ഉദരശസ്ത്രക്രിയക്ക് വിധേയമാക്കി. പിന്നീട് സെപറ്റംബർ 17ന് ആശുപത്രി വിട്ട ശോഭന ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയുണ്ടായി.
പരാതിയെക്കുറിച്ച് അന്വേഷിക്കാതെയും നടപടിയെടുക്കാതിരുന്നതിനെയും തുടർന്ന് ശോഭന അഞ്ചുലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് വക്കീൽനോട്ടീസ് അയക്കുകയായിരുന്നു. വക്കീൽ നോട്ടീസിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഹിയറംഗ് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്ന് വരുത്തിതീർക്കാൻ ആശുപത്രി അധികൃതർ ശ്രമിക്കുന്നുവെന്ന് അക്ഷേപമുണ്ട്. മുടി മുറിച്ച സംഭവത്തിൽ തെളിവ് ഹജരാക്കാൻ ശോഭനയും തായാറായിരിക്കുകായാണ്.