നീണ്ട മുടികളോടു കൂടിയ കസവുടുത്ത സുന്ദരികൾ കേരളത്തിന്റെ തനതു ഭംഗിയുടെ പ്രതീകമാണല്ലോ. നല്ല കറുത്ത നിറമുള്ള, തിങ്ങി നിറഞ്ഞ, മുട്ടൊപ്പമുള്ള മുടി- ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. ആരോഗ്യമുള്ള മുടി സൗന്ദര്യത്തിന്റെ ലക്ഷണം മാത്രമല്ല ശാരീരിക ആരോഗ്യത്തിന്റെ ലക്ഷണം കൂടിയാണ്.
നമ്മളുടെ മുടി സത്യത്തിൽ ജീവനില്ലാത്ത കോശങ്ങളാണ്. പലരും കരുതുന്നതു പോലെ മുടിയഗ്രമല്ല വളരുന്നത് മുടിയുടെ ജീവനുള്ള ഭാഗം തലയിലെ ത്വക്കിനടിയിലാണ്. അവിടന്നാണു മുടിവളരുന്നത്. അതുകൊണുതന്നെ മുടിമുറിച്ചതു കൊണ്ടോ തലവടിച്ചതു കൊണ്ടോ കൂടുതൽ മുടി വളരുകയില്ല എന്ന യാഥാർഥ്യം തിരിച്ചറിയുക.
മുടിയുടെ കറുപ്പു നിറത്തിനു കാരണം മെലാനിൻ എന്ന വർണവസ്തുവാണ്. തലച്ചോറിലെ പിറ്റ്യൂട്ടറി ഗ്രന്ധിയുത്പാദിപ്പിക്കുന്ന എം.എസ്.എച്ച്.(മെലനോസൈറ്റ് സ്റ്റിമുലേറ്റിങ്ങ് ഹോർമോൺ) എന്ന ഹോർമോണിന്റെ ഉത്തേജനം കൊണ്ടാണിത് ശരീരത്തിലുണ്ടാകുന്നത്. ശിരസിൽ ശരാശരി ഒരു ലക്ഷം മുടികളാണുണ്ടാവുക. ഓരോ മുടിയിഴയും ആയിരം ദിവസത്തോളം വളരും, പിന്നെ നൂറു ദിവസത്തോളം വളരാതെ വിശ്രമിക്കും അതിനു ശേഷം കൊഴിഞ്ഞു പോവും. പിന്നീട് അതേ ചുവടിൽ നിന്നും മറ്റൊരു മുടി മുളച്ച് വരും.
മുടി പലതരത്തിൽ
എണ്ണമയമുള്ളതോ വരണ്ടതോ എന്നത് ശരീരത്തിലെ എണ്ണ ഗ്രന്ഥികളുടെ പ്രവർത്തനത്തിനമനുസരിച്ചായിരിക്കും. നീണ്ടതോ ചുരുണ്ടതോ ആയ മുടി, പാരന്പര്യമനുസരിച്ചു ലഭിക്കുന്നതാണ്. ബാഹ്യമായ പ്രയോഗങ്ങൾ കൊണ്ട ു താൽക്കലികമായി മുടി ചുരുട്ടാനോ നിവർക്കാനോ കഴിയും. മുടി നേർത്തതോ വണ്ണം കൂടിയതോ എന്നതും പാരന്പര്യമാണ്. എന്നാൽ മുടിയുടെ അറ്റം പിളരുന്നതും കായകൾ പോലെയുണ്ടാകുന്നതും അവിടെ വച്ച് പൊട്ടിപ്പോകുന്നതും ഒരു തരം ഫംഗസ്മൂലമാണ്.
മുടി കൊഴിയാനുള്ള കാരണങ്ങൾ
ഭക്ഷണം ശ്രദ്ധിക്കുക. പച്ചക്കറികൾ കൂടുതലായി കഴിക്കുക. പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം മുടി വളർച്ചയ്ക്കു സഹായകമായിരിക്കും. കൊഴുപ്പിലലിയുന്ന വിറ്റാമിനുകളായ ഇ, കെ, എ, ഡി എന്നിവ വളരെ ആവശ്യമാണ്.പുളിയും ഉപ്പും എരിവും കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നവരിൽ മുടി കൊഴിച്ചിൽ കൂടുതലായി കണ്ടിട്ടുണ്ട്.
അമിതമായി വെയിലു കൊള്ളുക, അന്തരീക്ഷ മലിനീകരണം, രക്തക്കുറവ്, തൈറോയിഡ് രോഗങ്ങൾ, പ്രസവം, എന്നിവ കൂടാതെ അമിത മാനസിക സംഘർഷം, ഉറക്ക തകരാറുകൾ, സൈനസൈറ്റിസ ്മുതലായ അലർജി രോഗങ്ങൾ, തലയിലെ താപം കൂട്ടുന്ന മൈഗ്രൈൻ പോലുള്ള തലവേദനകൾ ഇവയാണ് മുടികൊഴിച്ചിലുണ്ടാക്കുന്ന മറ്റു കാരണങ്ങൾ.
അകാലനര
കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് അഞ്ചു മുതൽ പത്തു വർഷം നേരത്തെയാണു ഇപ്പോൾ മുടി നരയ്ക്കുന്നത്. അന്തരീക്ഷത്തിലും ജീവിത ശൈലിയിലും വന്ന മാറ്റമാകാം ഇതിനു കാരണം. മുടിയുടെ നിറത്തിനു കാരണമായ മെലാനിൻ എന്ന വർണകം ശരീരത്തിൽ വിവിധ കാരണങ്ങളാൽ കുറയുന്നതാണ് ഈ അവസ്ഥയ്ക്കു കാരണം.
തൈറോയിഡ് തകരാറുകളും പാരന്പര്യവും വേർണേർസ് സിൻഡ്രൊം, തോംസണ് സിൻഡ്രൊം മുതലായ ശരീരിക രോഗാവസ്ഥകളും അകാല നരയുണ്ടാക്കാം.കൃത്രിമ ഡൈകൾ മുടി ആകെ നരയ്ക്കുന്നതിന്റെ ആക്കം കൂട്ടുന്നു. അകാല നരയെ ഒരു പരിധി വരെ ഹോമിയോപ്പതി മരുന്നുകൾ കൊണ്ടു നിയന്ത്രിക്കാൻ സാധിക്കും.
വിവരങ്ങൾ – ഡോ.റിജുല കെ.പി BHMS PGDGC( PSY .COUNS)
ഹരിത ഒർഗാനിക് ഹെർബൽസ്
തൊണ്ടിയിൽ – 670673 ഫോൺ – 9400447235