കോഴിക്കോട്: മുടികൊഴിച്ചിലില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കോഴിക്കോട് നോർത്ത് കന്നൂർ സ്വദേശി പ്രശാന്ത്(29) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് യുവാവ് ജീവനൊടുക്കിയത്.
ചികിത്സിച്ച ഡോക്ടർക്കെതിരെ ആത്മഹത്യ കുറിപ്പ് എഴുതിവെച്ചാണ് ജീവനൊടുക്കിയത്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
മുടികൊഴിച്ചിൽ മാറാൻ എട്ട് വർഷമായി മരുന്ന് കഴിക്കുന്നതായി കത്തിൽ പറയുന്നു. മരുന്ന് നൽകിയപ്പോൾ ആദ്യം കുറച്ച് മുടി കൊഴിയുമെന്നായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്.
എന്നാൽ മൂക്കിലെ രോമങ്ങൾ മുതൽ താടിരോമങ്ങളും പുരികവും കൊഴിഞ്ഞ് തുടങ്ങിയതോടെ ഏറെനാളായി മാനസികവിഷമത്തിലായിരുന്നു യുവാവ്.
മുടികൊഴിച്ചിൽ കാരണം യുവാവിന്റെ വിവാഹ ആലോചനകൾ മുടങ്ങിയിരുന്നു. മെക്കാനിക്കായി ജോലി നോക്കിയിരുന്നുവെങ്കിലും അപകർഷതബോധം കാരണം ആളുകൾ കൂടുന്നയിടത്തേക്ക് പോകാറില്ലായിരുന്നുവെന്ന് യുവാവിന്റെ മാതാപിതാക്കൾ വ്യക്തമാക്കി.
യുവാവിന്റെ മരണത്തില്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിച്ചു.
ആദ്യം അത്തോളി പോലീസിലാണ് പരാതി നല്‍കിയത്. നടപടിയൊന്നും ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് എസ്പിക്ക് പരാതി നല്‍കിയതായും കുടുംബം പറയുന്നു.
എന്നാൽ ഒറ്റനോട്ടത്തില്‍ ഡോക്ടര്‍ കുറ്റക്കാരനാണ് എന്ന് തെളിയിക്കുന്ന തെളിവ് ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. എന്നാലും വിശദമായി അന്വേഷണം നടത്തിവരുന്നതായും പോലീസ് പറയുന്നു.