തലമുടി വെട്ടുന്നതിനിടെ മസാജ് ചെയ്യുന്നയാളാണോ നിങ്ങള്‍, എങ്കില്‍ ശ്രദ്ധിക്കുക. മസാജ് ചെയ്യണം എന്നുണ്ടെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളിൽ മാത്രം ചെയ്യുക. ഇല്ലെങ്കില്‍ മസ്തിഷ്കാഘാതത്തിനുവരെ വഴിവച്ചേക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നത്.
ബംഗളൂരുവിലെ ബെല്ലാരി സ്വദേശിയായ മുപ്പതുകാരനുണ്ടായ ദുരനുഭവമാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്കാന് കാരണം. മുടി വെട്ടിക്കൊണ്ടിരിക്കെ കഴുത്തില്‍ മസാജ് ചെയ്തതാണ് ദുരന്തത്തിനിരയാക്കിയത്. യുവാവിനു വീട്ടിലെത്തിയപ്പോള്‍ സ്ട്രോക്ക് വന്നു. നാക്ക് കുഴയുകയും ഇടതുവശത്ത് ബലഹീനത അനുഭവപ്പെടുകയും ചെയ്തു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മസ്തിഷ്കാഘാതം സ്ഥിരീകരിച്ചു.
ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രോം എന്ന രോഗാവസ്ഥയാണു യുവാവിനു വന്നത്. കഴുത്തില്‍ മസാജ് ചെയ്താല്‍ രക്തക്കുഴലുകള്‍ക്ക് ക്ഷതം സംഭവിക്കാന്‍ സാധ്യത ഏറെയാണ്. ഇങ്ങനെ സംഭവിച്ചാല്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയും. ഇത് മസ്തിഷ്കാഘാതത്തിനു വഴിവയ്ക്കുമെന്നു വിദഗ്ധർ പറയുന്നു. ഇത്തരം കാര്യങ്ങളില്‍ ബോധവത്കരണം വേണമെന്നും എന്തെങ്കിലും പ്രശ്നം വന്നാല്‍ അടിയന്തരമായി ചികിത്സ തേടണമെന്നും വിദഗ്ധർ നിര്‍ദേശിക്കുന്നു.