ലോക്ക്ഡൗണിൽ വീടിനുള്ളിൽ കുടുങ്ങിപ്പോയിട്ടുള്ളവർക്കറിയാം, എത്ര മാത്രം വിഷമകരമായിരുന്നു ആ ദിവസങ്ങളെന്ന്.
പലതരത്തിലുള്ള ആശങ്കകളും ആകുലതകളും നിറഞ്ഞ ആ ദിവസങ്ങൾ ഓർത്തെടുക്കാൻപോലും പലരും ഇഷ്ടപ്പെടുന്നില്ല. ലോക്ക്ഡൗൺ അവസാനിച്ചു പുറത്തേക്കിറങ്ങിയ നമ്മളിൽ പലരുടെയും അവസ്ഥ ആദ്യമായി സ്കൂളിലേക്കു ചെന്ന കുട്ടിയെപ്പോലെയായിരുന്നു.
എന്തു ചെയ്യണം, എവിടുന്നു തുടങ്ങണം എന്നിങ്ങനെ ആകെ കിളി പോയ അവസ്ഥ എന്നു വേണമെങ്കിലും പറയാം. ഇത്തരത്തിൽ കിളിപോയ ഒരു യുവതി കാണിച്ചതെന്തെന്നറിഞ്ഞാൽ ആരും ചിരിച്ചു പോകും. ഹെയ്ലി ഡെൻകർ എന്ന ഹെയർ സ്റ്റൈലിസ്റ്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ രണ്ടുലക്ഷത്തിൽപ്പരം ആളുകൾ കണ്ടുകഴിഞ്ഞു.
ലോക്ക്ഡൗൺ കഴിഞ്ഞതോടെ ആളുകൾ കൂട്ടത്തോടെ പാർലറിൽ വരുന്നതിനാൽ ഹെയ്ലിയും സഹപ്രവർത്തകരും വിശ്രമമില്ലാതെ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് തലമുടി കളർ ചെയ്യണം എന്ന ആവശ്യവുമായി ഒരു യുവതി ഹെയ്ലിയുടെ ബ്യൂട്ടി പാർലറിൽ എത്തുന്നത്.
ഹെയ്ലിയുമായി യുവതി സംസാരിക്കുകയും ഇഷ്ടമുള്ള നിറം തെരഞ്ഞെടുക്കുകയും ചെയ്തു. അവർ ആവശ്യപ്പെട്ട സ്റ്റൈലിൽ മുടി കളർ ചെയ്ത ശേഷം ഹെയ്ലി യുവതിയോടു കാത്തിരിക്കാൻ പറഞ്ഞു. ഇപ്പറഞ്ഞ സംഭവം വരെ പ്രത്യേകിച്ച് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. പ്രശ്നങ്ങളെല്ലാം അതിനു ശേഷമായിരുന്നു.
ഹെയ്ലി മറ്റൊരു ക്ലൈന്റിനെ കണ്ടു മടങ്ങി വരുന്പോഴേക്കും ദാ യുവതി പാത്രത്തിൽ ബാക്കിവന്ന ഡൈ എടുത്തു സ്വയം തലമുടിയിൽ പുരട്ടുന്നു. കൃത്യമായി ചെയ്തിട്ടുണ്ടെന്നും അതു ബാക്കി വന്ന ഡൈ ആണെന്നും പറഞ്ഞപ്പോൾ അതാ വന്നു യുവതിയുടെ മറുപടി, ” നിങ്ങൾ ചെയ്തതിൽ ഞാൻ തൃപ്തയല്ല.
എന്തിനാണ് ബാക്കി വന്ന ഡൈ കളയുന്നത്? ഇതു ഞാൻ സ്വയം ചെയ്തോളാം”. യുവതിയുടെ മറുപടിയും പ്രവൃത്തിയും കണ്ടതോടെ പാർലറിൽ കൂട്ടച്ചിരി ഉയർന്നു. എന്നാൽ, യുവതി ഇതൊന്നും കാര്യമാക്കാതെ തന്റെ പ്രവൃത്തി തുടർന്നു കൊണ്ടേയിരുന്നു.
ഹെയ്ലി തന്നെയാണ് വീഡിയോ പകർത്തിയതും സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതും. നിങ്ങൾ ജോലി കൃത്യമായി ചെയ്തില്ലെന്നു നിങ്ങളുടെ ക്ലൈയിന്റ് ചിന്തിച്ചാൽ ദാ ഇങ്ങനെയിരിക്കും എന്ന കുറിപ്പോടെയാണ് ഹെയ്ലി വീഡിയോ പങ്കുവച്ചത്. നിരവധി പേർ രസകരമായ കമന്റുകളുമായി വീഡിയോയ്ക്കു ചൊട്ടിൽ ഒത്തുചേർന്നു.
“ഇവർ എന്റെയടുത്തായിരുന്നു ഇങ്ങനെ പെരുമാറിയിരുന്നതെങ്കിൽ പിന്നെ ഒരിക്കലും തലമുടി കളർ ചെയ്യേണ്ടി വരുമായിരുന്നില്ല”, “ബൗളോടുകൂടി തലയിൽ കമിഴ്ത്താമായിരുന്നു”, “ഇതുകൊണ്ടാണ് സ്റ്റൈലിസ്റ്റ് സ്റ്റൈലിസ്റ്റും നമ്മൾ നമ്മളും ആകുന്നത്” തുടങ്ങി രസകരമായ കമന്റുകളാണ് പോസ്റ്റിനു ലഭിച്ചത്.