ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് വിവാഹദിനം. സ്വന്തം വിവാഹം വിദേശത്തിരുന്നു തത്സമയം കണ്ട യുവാവാണ് ഹാരിസ് ഖാന്. ആലപ്പുഴയിലാണ് കൊല്ലം ജില്ലയിലെ വെളിയം സ്വദേശിയായ ഹാരിസ് ഖാന്റെ വിവാഹം നടന്നത്. തന്റെ സഹോദരി പ്രിയതമയ്ക്ക് മിന്ന് ചാര്‍ത്തുന്നത് കണ്ട് ആത്മനിവൃതിയടയേണ്ടി വന്നു ഈ ഭര്‍ത്താവിന്. വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പേ നാട്ടില്‍ തിരിച്ചെത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ സൗദിയിലെ സ്വദേശിവല്‍കരണം മൂലം ഹാരിസിനു നാട്ടില്‍ എത്താന്‍ സാധിച്ചില്ല.
നിതാഖാത് മൂലമായിരുന്നു ഹാരിസിന്റെ യാത്ര മുടങ്ങിയത്. സൗദിയിലെ സ്വകാര്യകമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജരായിരുന്നു. വിവാഹത്തിന്റെ തലേന്നു വരെ നാട്ടിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു ഹാരിസ്. മക്ക കിങ് ഫഹദ് ആശുപത്രിയിലെ നഴ്സായ ഷംലയുമായുള്ള വിവാഹം ഡിസംബര്‍ ഒന്നിന് തീരുമാനിച്ചുറപ്പിച്ചതായിരുന്നു. ഹാരിസിന്റെ സഹോദരി നജിത ഷംലയ്ക്കു മിന്നുചാര്‍ത്തിയത്.
മൂന്നു സൗദി തൊഴിലാളികള്‍ പെട്ടെന്നു കമ്പനിയില്‍ നിന്നു ജോലി വിട്ടുപോയതോടെ ഹാരിസിന്റെ കാര്യം പരുങ്ങലിലായി. പ്രതിസന്ധിയിലായ കമ്പനി ഹാരിസിന് അവധി നല്‍കിയില്ല. അനുകൂല നീക്കങ്ങള്‍ കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും ഒന്നും ഫലവത്തായില്ല. ഒടുവില്‍ സ്വന്തം വിവാഹം സൗദിയിലിരുന്ന് കാണേണ്ടിവന്നു ഹാരിസിന്. എല്ലാ സൗകര്യങ്ങളും ഒരുക്കിയത് കൂട്ടുകാരായിരുന്നു. എത്രയും പെട്ടെന്ന് നാട്ടിലെത്തി നിക്കാഹും വിവാഹസല്‍ക്കാരവും നടത്താമെന്ന പ്രതീക്ഷയിലാണ് ഹാരിസ്.