നെടുന്പാശേരി: ഹജ്ജ് കാന്പിൽ എത്തിയ തീർഥാടകന്റെ വിസയിൽ ഫോട്ടോ മാറി. കേന്ദ്ര ഹജ്ജ് കമ്മിറ്റി ജീവനക്കാരുടെ ഇടപെടൽ മൂലം വിസയിൽ തീർഥാടകന്റെ യഥാർഥ ഫോട്ടോ പതിച്ച് മിനിറ്റുകൾക്കകം തീർഥാടകനെ ഹജ്ജ് കർമം നിർവഹിക്കാൻ യാത്രയാക്കി.
തലശേരി മന്പുറം സ്വദേശി പോറ്റിപാറയിൽ ഖാദർകുഞ്ഞിന്റെ ഫോട്ടോയാണ് മാറിയത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് കർമം നിർവഹിക്കാൻ മക്കയിലേക്ക് യാത്ര തിരിക്കുന്നതിനായി കൊച്ചി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സൗദി എംബസിയിൽനിന്ന് അടിച്ചു നൽകിയ വിസയിൽ ഇദ്ദേഹത്തിന്റെ ഫോട്ടോയും പേരും മാറിയ വിവരം അറിയുന്നത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി തെറ്റ് തിരുത്തിയതോടെ ആശങ്കങ്ങൾ ഇല്ലാതെ ഖാദർ പുറപ്പെട്ടു.
ഇന്നലെ വൈകിട്ട് 4.25ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിൽ യാത്രയാകാനാണ് ഖാദർകുഞ്ഞ് എത്തിയത്. വിമാനം പുറപ്പെടാൻ ഒരു മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴാണ് പ്രശ്നം ശ്രദ്ധയിൽപെട്ടത്. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം വീൽ ചെയറിലായതിനാൽ അവസാനത്തെ ബസിലാണ് ഇദ്ദേഹത്തെ ഹജ്ജ് ക്യാന്പിൽനിന്നു വിമാനത്താവളത്തിൽ എത്തിച്ചത്.
എമിഗ്രേഷൻ വിഭാഗം യാത്രാ രേഖകൾ പരിശോധിക്കുന്നതിനിടിയിലാണ് പിശക് ശ്രദ്ധയിൽപ്പെട്ടത്. വിമാനത്താവളത്തിലുണ്ടായിരുന്ന ഹജ്ജ് സെൽ ഓഫീസർ ഡിവൈഎസ്പി എസ്.നജീബ്, അസിസ്റ്റന്റ് സെൽ ഓഫീസർ ഡിഎഫ്ഒ എ.പി. ഇംതിയാസ് എന്നിവർ ഉടൻ ഹജ്ജ് ക്യാന്പിലേക്ക് അടിയന്തര സന്ദേശം കൈമാറിയതിനെത്തുടർന്ന് ക്യാന്പിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽനിന്നു ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ സൂപ്രണ്ട് ഷെയ്ക് മുഹമ്മദ് ഗൗസ് ഹുസൈൻ വിമാനത്താവളത്തിലെത്തി.
മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസും സൗദി എംബസിയുമായി ബന്ധപ്പെട്ട് 25 മിനിറ്റിനകം പ്രശ്നം പരിഹരിച്ചു. തെറ്റായി അടിച്ചുവന്ന വിസ മൊബൈൽ ഫോണ് സ്കാനറിൽ സ്കാൻ ചെയ്ത് മുംബൈ ഓഫീസിലേക്ക് ഇ-മെയിൽ അയച്ചു.
മിനിട്ടുകൾക്കകം രേഖകൾ പരിശോധിച്ച് ശരിയായി പ്രിന്റ് ചെയ്ത വിസ മുംബൈയിൽനിന്നു തിരികെ അയച്ചു. ടി 3 ടെർമിനലിലെ സിയാലിന്റെ പ്രിന്ററിൽനിന്ന് ഇതിന്റെ കോപ്പി എടുക്കാനുമായി. ഇതിനുവേണ്ടി ഒരു മിനിറ്റു പോലും താമസിപ്പിക്കാതെ വിമാനം കൃത്യ സമയത്ത് പുറപ്പെടുകയും ചെയ്തു.