കൊണ്ടോട്ടി: ഈ വർഷത്തെ ഹജ്ജ് നറുക്കെടുപ്പ് ജനുവരി അഞ്ചിനു ശേഷം നടക്കും. ഹജ്ജ് കമ്മറ്റിക്ക് കീഴിൽ ലഭിച്ച ഹജ്ജ് അപേക്ഷകളിൽ അപൂർണമായതും അവ്യക്തതകൾ നിറഞ്ഞതുമായ അപേക്ഷകൾ തിരുത്തുന്നതിന് വേണ്ടി അധിക സമയം നൽകേണ്ടി വന്നതിനാലാണിത്. ഡിസംബറിൽ നടക്കേണ്ടിയിരുന്ന ഹജ്ജ് നറുക്കെടുപ്പാണ് ഇതോടെ ജനുവരി അഞ്ചിനും പതിനിഞ്ചിനും ഇടയിൽ നടത്താൻ ഒരുങ്ങുന്നത്.
ഹജ്ജ് അപേക്ഷകൾ സെപ്റ്റംബർ 18 മുതൽ ഈ മാസം 19 വരെയാണ് സ്വീകരിച്ചത്. അപേക്ഷകളിലെ ഡാറ്റാ എൻട്രികൾ 21നകം പൂർത്തീകരിച്ച് ജനുവരിക്ക് മുന്പായി ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയാക്കാനായിരുന്നു കേന്ദ്രഹജ്ജ് കമ്മറ്റിയുടെ തീരുമാനം. എന്നാൽ ഈ വർഷം കേരളം ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ ലഭിച്ച അപേക്ഷകളിൽ ആയിരത്തിലേറെ അപേക്ഷകൾ അവ്യക്തത നിറഞ്ഞതായിരുന്നു.
ഇത്തരം അപേക്ഷകർക്ക് കൂടി പരിഗണ നൽകാനാണ് കേന്ദ്രഹജ്ജ് കമ്മറ്റി സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് നിർദേശം നൽകിയത്. അപേക്ഷകളുടെ അവ്യക്തയും പോരായ്മകളും നികത്തി ജനുവരി അഞ്ചിനുളളിൽ കേന്ദ്രഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണമെന്നാണ് നിർദേശം. ഇതിനെ തുടർന്നാണ് ഹജ്ജ് നറുക്കെടുപ്പ് ജനുവരി അഞ്ചിന് ശേഷം നടത്തിയാൽ മതിയെന്ന് തീരുമാനിച്ചത്.
കേരളത്തിൽ ആയിരത്തിലേറെ അവ്യക്തതകൾ നിറഞ്ഞ അപേക്ഷകളാണ് ലഭിച്ചത്. ഇവയിൽ അപേക്ഷ സ്വീകരണം അവസാനിക്കുന്നതിന് മുന്പ് തന്നെ എഴുന്നൂറോളം അപേക്ഷകൾ അപേക്ഷകരിലെ കവർ ലീഡർമാരെ വിളിച്ച് വരുത്തി ശരിയാക്കി. ശേഷിക്കുന്ന 300 അപേക്ഷകളിലെ പിശക് പരിഹരിച്ച് വരികയാണ്.
ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ജമ്മുകാശ്മീർ, തമിഴ്നാട് സംസ്ഥാനങ്ങളിലും ആയിരത്തിലേറെ അപേക്ഷകളിൽ പിശക് കണ്ടെത്തിയിട്ടുണ്ട്. ഇവ ഡാറ്റാഎൻട്രി പൂർത്തിയാക്കാൻ അനുവദിച്ച സമയം കഴിഞ്ഞിട്ടും ക്ലിയർ ചെയ്യാനായിരുന്നില്ല. ഇതോടെയാണ് അപേക്ഷകളിലെ അവ്യക്തത പരിഹരിക്കാൻ ജനുവരി അഞ്ച് വരെ സമയം അനുവദിച്ചത്.
ഈ വർഷത്തെ ഹജ്ജ് ആക്ഷൻ പ്ലാൻ പ്രകാരം ഡിസംബർ അവസാനത്തിലായിരുന്നു ഇന്ത്യയിൽ മുഴുവൻ ഹജ്ജ് കമ്മിറ്റികളുടേയും ഹജ്ജ് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. കേരളത്തിൽ 29നും 31നും ഇടയിൽ നടത്തണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൽകിയ അപേക്ഷകളിലെ പാളിച്ചകൾ കൂടി പരിഹരിച്ച് മുഴുവൻ പേരുടേയും അപേക്ഷ സ്വീകരിക്കാനാണ് നിർദേശം. അപേക്ഷകർ കുറഞ്ഞത് മൂലം ഈ വർഷം രണ്ടുമാസമാണ് അപേക്ഷ നൽകാനായി അനുവദിച്ചിരുന്നത്.