കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തുന്ന ഹാജിമാർക്ക് നെടുന്പാശേരിയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന ഹജ്ജ് കമ്മറ്റിയോഗം തീരുമാനിച്ചു. ഈ മാസം 12ന് രാവിലെ ആറു മണിക്കാണ് ആദ്യവിമാനമെത്തുക. പ്രഥമഹജ്ജ് സംഘത്തെ ഹജ്ജ് കാര്യവകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ ഹജ്ജ് കമ്മറ്റി സ്വീകരിക്കും.
ഹാജിമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സംഭാവന മന്ത്രി സ്വീകരിക്കും. തീർത്ഥാടകരെ സഹായിക്കാൻ ഹജ്ജ് കമ്മിറ്റിയുടെ 50 വോളന്റിയർമാർ വിമാനത്താവളത്തിലുണ്ടാകും.12 മുതൽ 26 വരെയായി 29 ചാർട്ടർ വിമാനങ്ങളും ഒരു യാത്ര വിമാനത്തിലുമായാണ് മടക്ക സർവീസുകളായി ക്രമീകരിച്ചിരിക്കുന്നത്. മദീനയിൽ നിന്നാണ് ഹജ്ജ്് വിമാനങ്ങൾ നെടുന്പാശേരിയിലേക്ക് പുറപ്പെടുക.
ആദ്യദിനത്തിൽ രണ്ട് വിമാനങ്ങളാണുളളത്. 13ന് ഒരുവിമാനവും സർവീസ് നടത്തും. 14ന് വിമാനങ്ങളില്ല. 15,18,19,23 തിയതികളിൽ മൂന്ന് വിമാനങ്ങളും 16,22,25,26 തിയതികളിൽ രണ്ട് വിമാനങ്ങളുമുണ്ടാകും. 17,21,24 തിയ്യതികളിൽ ഓരോ വിമാനവും സർവീസ് നടത്തും. ഹജ്ജിന് ആദ്യം പോയ വിമാനങ്ങളിലെ തീർഥാടകരാണ് ആദ്യമെത്തുക.
മടങ്ങിയെത്തുന്ന തീർത്ഥാടകർക്ക് അഞ്ച് ലിറ്റർ സംസം തീർത്ഥ ജലം വിമാനത്താവളത്തിൽ വെച്ച് കൈമാറും. ഇത് നേരത്തെ തന്നെ വിമാന കന്പനി നെടുന്പാശേരിയിൽ എത്തിച്ചിട്ടുണ്ട്. 23 കുട്ടികൾ ഉൾപ്പടെ 12,013 പേരാണ് ഈവർഷം കേരളത്തിൽ നിന്ന് ഹജ്ജിന് പോയത്. ഇവരിൽ 277 പേർ ലക്ഷദ്വീപിൽ നിന്നുളളവരും,47 പേർ മാഹിയിൽ നിന്നുളളവരുമാണ്. തീർത്ഥാടകരിൽ 14 പേർമരണപ്പെട്ടു.
ഇവരിൽ മൂന്ന് പേർ ഒഴികെ ശേഷിക്കുന്നവർ ഹജ്ജ് കർമത്തിന് ശേഷമാണ് മരിച്ചത്. ഹാജിമാർക്ക് നെടുന്പാശേരിയിൽ എമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാൻ നടപടികൾ കൈകൊളളും. ഹജ്ജ് മടക്ക ക്രമീരണങ്ങൾ വിലയിരുത്താൻ ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിന് നെടുന്പാശ്ശേരിയിൽ സിയാലിന്റെ നേതൃത്വത്തിൽ യോഗം ചേരും.
അടുത്ത വർഷം ഹജ്ജ് സർവ്വീസുകൾ കരിപ്പൂരിൽ നിന്ന് നടത്താൻ അനുമതി വേണമെന്ന് ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടു.ഹജ്ജ് കമ്മിറ്റി യോഗത്തിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അധ്യക്ഷനായി. എംഎൽഎമാരായ കാരാട്ട് റസാഖ്, മുഹമ്മദ് മുഹ്സിൻ, ഡോ.ബഹാവുദ്ദീൻ നദ്വി കൂരിയാട്, പി.അബ്ദുറഹമാൻ(ഇണ്ണി), എൽ.സുലൈഖ, മുസ്ലിയാർ സജീർ, കടക്കൽ അബ്ദുൾഅസീസ് മൗലവി, മുഹമ്മദ് കാസിം കോയ, വി.ടി.അബ്ദുളളക്കോയ തങ്ങൾ, എച്ച്.മുസമ്മിൽഹാജി, പി.കെ.അഹമ്മദ് എന്നിവർ സംബന്ധിച്ചു.