കൊണ്ടോട്ടി: ഇന്ത്യയിൽ നിന്നുളള ഈവർഷത്തെ ഹജ്ജ് സർവീസ് നടത്തുന്നതിനുളള ടെൻഡർ നടപടികൾ വ്യോമായാന മന്ത്രാലയം ഫെബ്രുവരി മൂന്നിലേക്ക് മാറ്റി. ഹജ്ജ് സർവീസുകൾ നടത്താൻ തയാറുളള വിമാനങ്ങളിൽ നിന്ന് ഈ മാസം 27 വരെ ടെൻഡർ ക്ഷണിച്ചിരുന്നത്.
എന്നാൽ പിന്നീട് ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുളള വിമാനങ്ങളുടെ എണ്ണത്തിലും സമയത്തിലും മാറ്റം വരുത്തിയതിനാൽ ഫെബ്രുവരി മൂന്നിലേക്ക് ടെൻഡർ നീട്ടുകായിരുന്നു. ആദ്യം പുറപ്പെടുവിച്ച നിർദേശത്തിൽ മദീന വിമാനത്താവളത്തിൽ ഇറങ്ങേണ്ട നാലു എംപാർക്കേഷൻ പോയിന്റുകളിൽ നിന്നുളള വിമാനങ്ങൾക്ക് സമയസ്ലോട്ടില്ലാത്തതിനാൽ ജിദ്ദയിലേക്ക് മാറ്റിയിരുന്നു.
ജിദ്ദയിലേക്ക് ടെൻഡർ ക്ഷണിച്ചിരുന്ന രണ്ട് വിമാനങ്ങൾ മദീനയിലേക്കും മാറ്റി. ഇതോടെ വിമാനക്കന്പനികൾക്ക് ടെൻഡറിലും മാറ്റങ്ങൾ വരുത്തേണ്ടി വന്നു. ഇന്ത്യയിൽ നിന്ന് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കാണ് 22 ഹജ്ജ് എംപാർക്കേഷൻ പോയിന്റുകളിൽ നിന്ന് വിമാനങ്ങൾ പുറപ്പെടേണ്ടിയിരുന്നത്.
ഇതിൽ 11 ഇടങ്ങളിൽ നിന്ന് മദീനയിലേക്കും 11 ഇടങ്ങളിൽ നിന്ന് ജിദ്ദയിലേക്കുമായിരുന്നു ടെൻഡർ ആദ്യം ക്ഷണിച്ചിരുന്നത്. എന്നാൽ മദീന വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് ലാൻഡിംങ് സമയസ്ലോട്ട് ലഭിക്കാത്തതിനാൽ മദീനയിലേക്ക് നിശ്ചയിച്ചിരുന്ന ഭോപ്പാൽ, ഗോഹട്ടി, നാഗ്പൂർ, ശ്രീനഗർ എന്നീ വിമാനത്താവളങ്ങളിൽ നിന്നുളള വിമാനങ്ങൾ ജിദ്ദയിലേക്ക് മാറ്റി ടെൻഡർ പുനക്രമീകരിച്ചു.
ഇതിന് പകരം ജിദ്ദയിലേക്ക് ഷെഡ്യൂൾ ചെയ്തിരുന്ന ലക്നൗ, ജയ്പൂർ എന്നിവടങ്ങളിലെ സർവ്വീസുകൾ മദീനയിലേക്കും മാറ്റി. ഫെബ്രുവരി മൂന്നിന് വൈകുന്നേരം അഞ്ച് മണിയോടെ ടെൻഡർ പ്രഖ്യാപിക്കും. രാജ്യത്തെ 1,25,025 പേർക്കാണ് വിമാനങ്ങളിൽ സീറ്റ് വിമാന കന്പനികൾ ഒരുക്കേണ്ടത്. ഹജ്ജ് സർവീസുകൾ ജൂണ് 22 മുതലാണ് ആരംഭിക്കുന്നത്.