കരിപ്പൂർ: ഈ വർഷം മുതൽ ഹജ്ജ് തീർത്ഥാടകരെ സഹായിക്കാനായി മക്കയിലേക്ക് വോളന്റിയർമാരായി(ഖാദിമുൽ ഹുജ്ജാജ്)പോകാൻ വനിതകൾക്ക് അവസരം. ഹജ്ജ് വോളന്റിയർ അപേക്ഷ ക്ഷണിച്ചപ്പോഴാണ് ഈ വർഷം മുതൽ പുരുഷന്മാരെ പോലെ വോളന്റിയർമാരായി പോകാൻ വനിതകൾക്കും അപേക്ഷ സമർപ്പിക്കാമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുമതി നൽകിയത്.
200 ഹജ്ജ് തീർത്ഥാടകർക്ക് ഒരു വോളന്റിയർ എന്ന തോതിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വോളന്റിയർമാരിൽ രണ്ട് ശതമാനമാണ് സ്ത്രീകൾക്ക് നൽകുക. അപേക്ഷിക്കുന്നവർ നേരത്തെ ഉംറ, ഹജ്ജ് കർമ്മങ്ങൾ ചെയ്ത് പരിചയമുളളവരായിരിക്കണം. അറബി ഭാഷയിൽ അറിഞ്ഞിരിക്കണം.
25നും 58നും ഇടയിൽ പ്രായമുളള സർക്കാർ ഉദ്യോഗസ്ഥർക്കാണ് അപേക്ഷിക്കാനുളള അർഹതയുളളത്. ഈ മാസം 24ന് മുന്പായി കേന്ദ്ര ഹജ്ജ് കമ്മറ്റിക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വർഷങ്ങളായി പുരുഷന്മാർക്ക് മാത്രമാണ് ഹജ്ജ് വോളന്റിയർമാരായി പോകാൻ അനുമതി നൽകുന്നത്.