കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനു പോകുന്ന തീർഥാടകർക്ക് മാത്രം വിമാന ടിക്കറ്റിന്മേൽ ഈടാക്കിയിരുന്ന 18 ശതമാനം ജിഎസ്ടി അഞ്ചു ശതമാനമാക്കി കുറച്ചു. ഇന്ത്യയിൽ വിദേശ യാത്രക്കാർക്കുളള മുഴുവൻ വിമാന ടിക്കറ്റിന്മേൽ അഞ്ചു ശതമാനം മാത്രം ജിഎസ്ടി ഈടാക്കുന്പോഴാണ് സർക്കാർ മുഖേന ഹജ്ജിന് പോകുന്ന തീർഥാടകർക്ക് മാത്രം വിമാന ടിക്കറ്റിന്മേൽ 18 ശതമാനം അധിക ജിഎസ്ടി ഈടാക്കുന്നത്.
ജിഎസ്ടി പൂർണമായും എടുത്തുകളയുകയോ സാധാരണ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നതു പോലെ അഞ്ചു ശതമാനമാക്കി കുറയ്ക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ് കമ്മിറ്റി നിവേദനം നല്കിയിരുന്നു. കഴിഞ്ഞ വർഷം നെടുന്പാശേരിയിൽനിന്നു വിമാന ടിക്കറ്റിന്മേൽ മാത്രം 11,757 രൂപയാണ് ജിഎസ്ടി ഈടാക്കിയത്.
65,000 മുതൽ 1,13,226 വരെയാണ് ഇന്ത്യയിൽനിന്നുള്ള കഴിഞ്ഞ വർഷത്തെ വിവിധ ഹജ്ജ് എംന്പാർക്കേഷൻ പോയിന്റുകളിൽ നിന്നുളള വിമാന ടിക്കറ്റ് നിരക്ക്. ഇന്ത്യയിൽ വിദേശ യാത്ര ചെയ്യുന്ന വിമാന ടിക്കറ്റുകൾക്കെല്ലാം അഞ്ച് ശതമാനം ജിഎസ്ടിയാണ് ഈടാക്കിയിരുന്നത്.
ഈ ഗണത്തിലാണ് സ്വകാര്യ ഗ്രൂപ്പുകളും ഉൾപ്പെടുന്നത്. ആയതിനാൽ സ്വകാര്യ ഗ്രൂപ്പുകളിൽ ഹജ്ജിനു പോകുന്നവർക്കും വിമാന നിരക്കിൽ അഞ്ച് ശതമാനം ജിഎസ്ടി നിരക്ക് നല്കിയാൽ മതിയായിരുന്നു. എന്നാൽ സർക്കാർ മുഖേന പോകുന്നവർക്ക് മൂന്നിരിട്ടിക്ക് മുകളിൽ ജിഎസ്ടി നൽകേണ്ട ഗതികേടായിരുന്നു.
ജിഎസ്ടി അഞ്ച് ശതമാനമാക്കിയതോടെ ഈ വർഷത്തെ വിമാന നിരക്കിലും ഗണ്യമായ കുറവുണ്ടാകും. ഹജ്ജിനു സബ്സിഡി നിർത്തലാക്കിയതോടെ വിമാന നിരക്കിൽ ഗണ്യമായ വർധനയുണ്ട്. ഹജ്ജ് ടിക്കറ്റിന്മേലുളള ജിഎസ്ടി കുറവ് തീർഥാടകർക്ക് ഏറെ ആശ്വാസമാകുമെന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി പറഞ്ഞു.