കോഴിക്കോട്: കരിപ്പൂർ വഴിയുള്ള ഹജ്ജ് യാത്രാനിരക്കിലെ വർധനയിൽ മുസ് ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്. നിരക്കു കൂടിയതിൽ കേന്ദ്ര, കേരള സർക്കാരുകൾ മറുപടി പറയണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ആവശ്യപ്പെട്ടു.
എയർ ഇന്ത്യ, സൗദി എയർലൈൻസിന്റെ തുകയിലേക്കു നിരക്കു കുറയ്ക്കണമെന്നും റീ ടെൻഡർ നടത്തണമെന്നും സലാം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു.
സംസ്ഥാനത്ത് 70 ശതമാനം ഹജ്ജ് തീർഥാടകരും യാത്ര പുറപ്പെടുന്നത് കരിപ്പൂരിൽ നിന്നാണെന്നിരിക്കെ ഇവിടെ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് ഇരട്ടിയാക്കിയതു വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.
ഇത്തവണ പതിനാലായിരത്തോളം തീർഥാടകർ കരിപ്പൂർ വഴി യാത്രയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. യാത്രാനിരക്കു കൂടിയ സാഹചര്യത്തിൽ അപേക്ഷ മാറ്റി നൽകുക എളുപ്പമല്ല, വലിയ ബാധ്യതയാണ് കേന്ദ്ര സർക്കാരിന്റെയും വിമാന കമ്പനികളുടെയും നടപടി യാത്രക്കാർക്കുണ്ടാക്കുക.
കരിപ്പൂർ വിമാനത്താവളത്തിൽ ചെറിയ വിമാനങ്ങളേ ഇറങ്ങുന്നുള്ളൂ. ഇതു കാരണമുള്ള അധികച്ചെലവു ചൂണ്ടിക്കാട്ടിയാണു നിരക്ക് ഇരട്ടിയാക്കിയത്. എയർ ഇന്ത്യയാണ് കരിപ്പൂരിൽനിന്ന് ഹജ്ജ് സര്‍വീസ് നടത്തുന്നത്. കണ്ണൂരിലും കൊച്ചിയിലും സര്‍വീസ് നടത്തുന്ന സൗദി എയർലൈൻസ് പകുതി തുക മാത്രമാണ് ഈടാക്കുന്നത്.
നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ ഹജ്ജ് യാത്രാനിരക്ക് കുത്തനെ കുറഞ്ഞപ്പോൾ കരിപ്പൂരിൽ എയർ ഇന്ത്യ നിരക്കു വൻതോതിൽ ഉയർത്തിയതാണ് ഹജ്ജിന് ഒരുങ്ങുന്ന തീർഥാടകരെ ആശങ്കയിലാക്കിയത്. കേന്ദ്ര മന്ത്രിയെ പ്രശ്നം ധരിപ്പിച്ചെങ്കിലും റീ ടെൻഡർ നടപടിയിലേക്ക് പോയാൽ നിയമ പ്രശ്നമാകുമെന്നാണു വിദഗ്ധർ നൽകുന്ന സൂചന.