കൊണ്ടോട്ടി: കോവിഡ് 19നെ തുടർന്ന് വിദേശ രാജ്യങ്ങളിൽനിന്ന് വിമാനങ്ങളിലും കപ്പലുകളിലും തീർഥാടകരെത്തുന്ന നടപടി സൗദി അറേബ്യ ഉപേക്ഷിച്ചു.
ഇതോടെ ഇന്ത്യയിൽനിന്ന് ഈവർഷം ഹജ്ജ് തീർഥാടനത്തിന് അവസരം ലഭിച്ച ഒന്നേകാൽ ലക്ഷം ആളുകളുടെ യാത്ര മുടങ്ങി. കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി പൗരന്മാർ, സൗദിയിലുളള വിദേശികൾ എന്നിവർക്ക് മാത്രമാണ് ഹജ്ജിന് അവസരം നൽകുകയെന്ന് സൗദി ഹജ്ജ് മന്ത്രാലയം കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.
കേരളം ഉൾപ്പടെ ഇന്ത്യയിൽനിന്ന് ഈവർഷം ഹജ്ജ് തീർഥാടനത്തിന് 1,25,025 പേരെയാണ് തെരഞ്ഞെടുത്തിരുന്നത്. അഡീഷണൽ സീറ്റുൾപ്പടെ 1,40,000 പേർക്ക്് ഈ വർഷം അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ ഹജ്ജ് നടപടികൾ സൗദി നിർദേശത്തിൽ കൊവിഡ് 19 റിപ്പോർട്ട് ചെയ്തതോടെ കഴിഞ്ഞ മാർച്ചിൽ കേന്ദ്രഹജ്ജ് കമ്മിറ്റി നിർത്തിവെച്ചിരുന്നു. ഇതോടെ അഡീഷണൽ സീറ്റുകൾ വീതംവച്ചു നൽകിയിരുന്നില്ല. തീർഥാടനം ഇല്ലെന്ന് ബോധ്യപ്പെട്ടതോടെ യാത്രയ്ക്ക് നൽകിയ പണം പിൻവലിക്കാൻ അവസരം കേന്ദ്രം നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്നുളള ഹജ്ജ് സർവീസുകൾ ഈമാസം 26 മുതൽ ആരംഭിക്കേണ്ടിയിരുന്നത്. സംസ്ഥാനത്ത് നിന്ന് ഈവർഷം ഹജ്ജിന് പേകാൻ 10,834 പേർക്കാണ് അവസരം ലഭിച്ചത്. കേരളത്തിൽ ആകെ ലഭിച്ച 26,081 അപേക്ഷകളിൽ 2832 പേർക്ക് നേരിട്ടും 8002 പേരെ നറുക്കെടുപ്പിലൂടേയുമാണ് തെരഞ്ഞെടുത്തത്.
ഈവർഷത്തെ അവസരം നഷ്ടപ്പെട്ടവർക്ക് വരും വർഷം നേരിട്ട് നൽകണമെന്നാണ് തീർഥാടകരുടെ ആവശ്യം. ഇതിന് വേണ്ടി ഹജ്ജ് പോളിസിയിൽ കേന്ദ്രം മാറ്റം വരുത്തുമെന്ന പ്രതീക്ഷയിലാണ് തീർഥാടകർ.
ഇന്ത്യയിൽ അഞ്ച് വർഷത്തേക്കാണ് ഹജ്ജ് പോളിസി തയാറാക്കുന്നത്. ഇതനുസരിച്ച് 2017 ലാണ് പുതിയ പോളിസി നിലവിൽവന്നത്. എന്നാൽ 2017-ൽ സുപ്രീംകോടതി ഹജ്ജ് സബ്സിഡി നിർത്തലാക്കണമെന്ന് ഉത്തരവിട്ടതോടെ പുതിയ ഹജ്ജ് പോളിസി 2018 മുതലാണ് നടപ്പിലാക്കുകയത്.
ആയതിനാൽ 2022 വരെ നിലവിലെ പോളിസിയാണ് തുടരുക. ഹജ്ജ് തീർഥാടനം പൂർണമായും തടസപ്പെടുന്പോൾ എടുക്കേണ്ട നിലപാട് ഈ പോളിസിയിൽ വ്യക്തമാക്കിയിട്ടില്ല.
അപകടങ്ങളും മറ്റുമുളള കാരണത്താൽ തീർഥാടകൻ നേരിട്ട് യാത്ര റദ്ദാക്കിയാൽ തുടർന്നുളള വർഷം നേരിട്ട് അവസരം നൽകുന്ന നടപടിയും നിലവിലെ ഹജ്ജ് പോളിസിയിലില്ല. ആയതിനാൽ നിലവിലെ പുതിയ സാഹചര്യത്തിൽ ഹജ്ജ് പോളിസിയിൽ പുതിയ തീരുമാനം കൈകൊളളണമെങ്കിൽ കേന്ദ്രം പോളിസിയിൽ മാറ്റം വരുത്തേണ്ടിവരും.
ഈ വർഷം യാത്ര തടസപ്പെട്ട മുഴുവൻ പേർക്കും വരും വർഷം നേരിട്ട് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് കേരളം ഉൾപ്പെടെയുളള ഹജ്ജ് കമ്മിറ്റികളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.