നവാസ് മേത്തർ
തലശേരി: എളിമയോടെയുള്ള പെരുമാറ്റം, സാധാരണക്കാരിൽ സാധാരണക്കാരനായുള്ള ജീവിതചര്യകൾ…സഹായം തേടിയെത്തുന്നവരെ സ്വീകരിച്ചിരുത്തി പരിഹാരം കാണുന്ന പ്രകൃതം. പറമ്പിൽ തോർത്തു മുണ്ടുടുത്ത കർഷകൻ. വിദേശ രാജ്യങ്ങളിൽ പടർന്നു പന്തലിച്ച് കിടക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങളിലെത്തിയാൽ വ്യവസായിയും.
ശനിയാഴ്ച മരണമടഞ്ഞ പാനൂർ എലാങ്കോട്ടെ പാക്കഞ്ഞി കുഞ്ഞബ്ദുള്ള ഹാജി. ഒരു പാഠപുസ്തകമാണ് ലോകത്തിന്.മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപിക ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് നൽകി ആദരിച്ച വ്യക്തിത്വം. ഈ മനുഷ്യന്റെ തണലിൽ വളർന്ന് പന്തലിച്ചവർ ഏറെയാണ്.
മനുഷ്യർക്ക് ഉപകാരപ്രദമായ ഏത് പദ്ധതിക്കൊപ്പവും ഈ നല്ല മനസുണ്ടാകും. മലബാർ കാൻസർ സെന്ററിന് മുന്നിലെ സിഎച്ച് സെന്റർ, തന്റെ വീടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ഡയാലിസ് സെന്ററും അനാഥാലയവും… എല്ലാം ചെറിയ ഉദാഹരണങ്ങൾ മാത്രം.
പാനൂർ മേഖലയിലെ സർക്കാർ ഓഫീസുകളിൽ മിക്കതും സ്ഥിതി ചെയ്യുന്നത് കുഞ്ഞബ്ദുള്ള ഹാജി നൽകിയ സ്ഥലത്താണ്. സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളോടൊപ്പം അതേയളവിൽ സാധാരണക്കാരെയും പരിഗണിക്കുക എന്നതും അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷതയായിരുന്നു.
ഒരുപാട് വൻ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയായിരിക്കെ നാട്ടുമ്പുറത്തെ സാധാരണക്കാരായ സംരംഭകരേയും പ്രോത്സാഹിപ്പിച്ചു കൊണ്ട് അദ്ദേഹമുണ്ടാവും.നാട്ടിലെ അംഗൻവാടിയിലെ മീറ്റിംഗിലും ഉന്നത ആതുരസേവന സ്ഥാപനമായ പാലക്കാട്ടെ കരുണ മെഡിക്കൽ കോളജ് ഡയറക്ടർ ബോർഡ് മീറ്റിംഗിലും ഒരേ പ്രാധാന്യത്തോടെ അദ്ദേഹം സംബന്ധിക്കും.
തന്റെ പറമ്പിലെ വീണുകിടക്കുന്ന അടക്കകൾ സ്വന്തം മടക്കികുത്തിൽ ശേഖരിക്കുന്നതോടൊപ്പം ലോഡ് കണക്കിന് കാപ്പിയും തേയില ചപ്പും കുരുമുളകും ഉത്പാദിപ്പിക്കുന്ന തോട്ടമുടമ കൂടിയാണെന്നത് വിനയത്തിന്റെ മറ്റൊരു ഉദാഹരണം. മരണവീടുകളിലും വിവാഹ വീടുകളിലും സാധാരണക്കാരനോ സമ്പന്നനോ എന്ന വ്യത്യാസമില്ലാതെ എത്തുന്ന കുഞ്ഞബ്ദുള്ള ഹാജി.
ഓർമകളിൽ കുഞ്ഞബ്ദുള്ള ഹാജി
ഭൗതിക സാഹചര്യങ്ങളല്ലാം ജീവിതത്തിൽ നേടിയെടുക്കാൻ സാധിച്ച അദ്ദേഹം ലേശംപോലും അതിൽ അഹങ്കരിച്ചില്ല. അതിർവരമ്പുകൾ സൃഷ്ടിക്കാതെ കുടുംബത്തെയും നാട്ടുകാരെയും സഹപ്രവർത്തകരെയും അദ്ദേഹത്തിന്റെ പ്രയാണത്തിൽ കൂടെ നിർത്തിയെന്നത് തന്നെയാണ് അദ്ദേഹത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ മഹത്വമെന്ന് അൽ മദീന ഗ്രൂപ്പ് ചെയർമാനും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി വൈസ് ചെയ്ർമാനുമായ പൊട്ടങ്കണ്ടി അബ്ദുള്ള സ്മരിച്ചു.
പാവപ്പെട്ട രോഗികൾക്കായി ആംബുലൻസ് വേണമെന്ന ആവശ്യവുമായി സമീപിച്ചപ്പോൾ വാങ്ങിക്കോ എന്ന മറുപടി നൽകി എല്ലാ സഹായവും നൽകിയ കുഞ്ഞബ്ദുള്ള ഹാജി തന്റെ ആശുപത്രിയുടെ വളർച്ചയിൽ വലിയ പങ്കാണ് വഹിച്ചതെന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ് മമ്പറം ദിവാകരൻ ഓർമ്മിക്കുന്നു.
പതിനഞ്ച് വർഷം മുമ്പ് വടക്കേ മലബാറിൽ ആദ്യമായി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലൂടെ മൊബൈൽ ഐസിയു സമൂഹത്തിന് നൽകിയത് കുഞ്ഞബ്ദുളള ഹാജിയാണെന്ന് ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടർ ഡോ.കെ.പി.എ സിദ്ദീഖ് പറഞ്ഞു.
എന്റെ വന്ദ്യ പിതാവിന്റെ വിയോഗത്തിനുശേഷം എന്നെ ചേർത്ത് നിർത്തി മുന്നോട്ടുള്ള ജീവിതയാത്രക്ക് സുരക്ഷയൊരുക്കിത്തന്ന പ്രിയ കുഞ്ഞബ്ദുള്ളക്കയെ പിതാവായി തന്നെയാണ് മനസിൽ കരുതിയത്.
പല പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം പകർന്നുതന്ന ആത്മ വിശ്വാസവും ധൈര്യവും ഒരിക്കലും മറക്കാനാവില്ലന്ന് കുഞ്ഞബ്ദുള്ള ഹാജിയുടെ ബിസിനസ് പങ്കാളിയും അടുത്ത ബന്ധുവും സുഹൃത്തുമായിരുന്ന പി. പി. മമ്മുഹാജിയുടേ മകൻ പി.പി. എ. സലാം സ്മരിക്കുന്നു.