അധോലോകം… സാധാരണക്കാരൻ എന്നും വിസ്മയത്തോടെയാണ് അധോലോകത്തെക്കുറിച്ചു കേട്ടിട്ടുള്ളത്. ആ ഇരുണ്ട ലോകത്തു നടക്കുന്ന സംഭവങ്ങൾ അവനെന്നും ആകാംക്ഷയാണ്.
അതുകൊണ്ടാണ് അധോലോക നേതാക്കളുടെ കഥകൾക്കു സിനിമകളിലും നോവലുകളിലുമൊക്കെ വലിയ ഇടംകിട്ടിയത്. അധോലോക നായകരെ വീരശൂരപരാക്രമികളായി അവതരിപ്പിക്കുന്ന നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ട്.
പോലീസ്- അധോലോക പോരാട്ടങ്ങളും അധോലോക സംഘങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളുമൊക്കെ നിറം പിടിപ്പിച്ച കഥകളായി ഇപ്പോഴും സമൂഹത്തിൽ പ്രചരിക്കാറുണ്ട്. രാജ്യത്തെ അധോലോകങ്ങളെ അടക്കിവാണ ചിലരുടെ ജീവിതം പരിശോധിക്കുകയാണ് ഈ പരന്പര.
ഹാജി മസ്താൻ എന്ന ഡോൺ!
ഇന്ത്യയിലെ അധോലോകം എന്നു പറഞ്ഞാൽ അതു മുംബൈ അധോലോകമാണ്. നാടിനു പേടി സ്വപ്നമായി മുംബൈ അധോലോകത്തെ മാറ്റിയതിനു നേതൃത്വം വഹിച്ചവർ പലരുണ്ട്.
ഇവരെല്ലാം മഹാരാഷ്ട്രക്കാരനാണെന്നു കരുതരുത്. മറുനാട്ടിൽനിന്നു മുംബൈയിലെത്തി സാമ്രാജ്യം പടുത്തുയർത്തിയവരാണ് ഈ ഡോണുകളിൽ പലരും.
ആദ്യത്തെ മുംബൈ അധോലോക ഡോൺ എന്നു വിളിക്കാവുന്നയാൾ ഹാജി മസ്താൻ ആണ്. തമിഴ്നാട്ടുകാരനായിരുന്നു ഹാജി മസ്താൻ. മുംബൈ ഡോൺ ആയിരുന്നെങ്കിലും വേറിട്ട രീതികളായിരുന്നു ഇയാളുടേത്.
കൊല്ലാത്ത മസ്താൻ
മസ്താന്റെ രീതികൾ വേറിട്ടതായിരുന്നു. ഇയാൾ ഒരു ആക്രമണത്തിലും നേരിട്ടു പങ്കെടുത്തിട്ടില്ല. നേരിട്ടു വെടിവച്ചിട്ടില്ല, കൊന്നിട്ടില്ല. ഇയാൾക്കെതിരേ ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടുമില്ല.
ആരെയും പിണക്കാതെയും ഒപ്പം നിർത്തിയും നയത്തിൽ മസ്താൻ കള്ളക്കടത്ത് നടത്തി.
ബോളിവുഡ് സിനിമയിൽ പണം മുടക്കി. റിയൽ എസ്റ്റേറ്റ് മേഖല കൈപ്പിടിയിലൊതുക്കി. ഇലക്ട്രോണിക്സ് ഷോപ്പുകൾ നടത്തി. ഹാജി മസ്താൻ എതിരാളികളെ നേരിട്ടതു ആക്രമണത്തിലൂടെ ആയിരുന്നില്ല.
മറിച്ച് സൗഹാർദത്തിന്റെയും രമ്യതയുടെയും ഭാഷയിലായിരുന്നു. അതുകൊണ്ടുതന്നെ മസ്താൻ മറ്റു അധോലോക നായകൻമാരിൽനിന്നു വേറിട്ടു നിൽക്കുന്നു.
മസ്താന്റെ രീതികൾ
കള്ളക്കടത്തുകാരനായിട്ടും ഈ മനുഷ്യനെ സ്നേഹിക്കുന്ന നിരവധി പേർ അന്നും ഇന്നും മുംബൈയിലുണ്ട്. കള്ളക്കടത്തിലൂടെ ലഭിക്കുന്ന പണത്തിന്റെ ഒരു പങ്ക് കൂടെ നിൽക്കുന്നവർക്കും സമൂഹത്തിലെ പാവപ്പെട്ടവർക്കും മസ്താൻ വീതിച്ചു നൽകുമായിരുന്നു.
അതു തന്നെയായിരുന്നു മസ്താന്റെ ശക്തിയും. കൂടെ നിൽക്കുന്നവർ മസ്താൻ ആവശ്യപ്പെട്ടാൽ ചങ്കും പറിച്ചുനൽകും.
മാർഗം ശരിയല്ലെങ്കിലും ഇടപാടുകളിൽ കബളിപ്പിക്കൽ നടത്താത്ത ആളു കൂടിയായിരുന്നു മസ്താൻ. അതിനാൽത്തന്നെ വൻകിട സംഘങ്ങൾ മസ്താനുമായി ഇടപാടുകൾ നടത്താൻ തെല്ലും മടിച്ചിരുന്നില്ല.
രണ്ടു പതിറ്റാണ്ട്
ഒന്നും രണ്ടും വർഷമല്ല, രണ്ടു പതിറ്റാണ്ട് ബോംബെയിലെ അധോലോക തലവനായി മസ്താൻ വാണു. 1960 മുതൽ 1980 കളുടെ ആരംഭം വരെയായിരുന്നു മസ്താന്റെ പ്രതാപകാലം.
രണ്ടു പതിറ്റാണ്ടിലേറെ പത്താൻ സംഘത്തിന്റെ നേതാവ് കരീം ലാല, തമിഴ്നാട്ടിൽനിന്നു തന്നെയുള്ള വരദരാജൻ മുതലിയാർ എന്നിവരൊക്കെയായിരുന്നു മസ്താനോടൊപ്പം മുംബൈയിൽ അക്കാലത്ത് അധോലോകം വാണ മറ്റുള്ളവർ.
ഇവരുമായൊക്കെ ചങ്ങാത്തത്തിലായിരുന്നു മസ്താൻ പോയിരുന്നത്. അതിനാൽ അക്കാലത്ത് അധികം ചോരപ്പുഴയൊഴുകിയില്ല.
(തുടരും).