കള്ളക്കടത്തിലൂടെ പണവും സ്വാധീനവും ആവോളം ഒഴുകിയെത്തിയതോടെ മസ്താന്റെ ജീവിതവും ആഡംബര പൂർണമായി. പണ്ടേ ആഡംബരപ്രിയനായിരുന്ന മസ്താൻ ഇതൊക്കെ ശരിക്കും ആസ്വദിക്കുകയായിരുന്നു.
പ്രത്യേകം ഡിസൈൻ ചെയ്ത വെളുത്ത സ്യൂട്ടുകൾ ധരിക്കുന്നതു പതിവായി. മെഴ്സിഡസ് കാറിലായിരുന്നു സഞ്ചാരം. വിദേശ സിഗററ്റുകളായിരുന്നു വലിച്ചിരുന്നത്. ഒറ്റ നോട്ടത്തിൽതന്നെ ആരും ഒന്നുനോക്കുന്ന രൂപവും ഭാവവും.
ബോളിവുഡ് സിനിമയുടെ ആരാധകൻകൂടിയായ മസ്താന് അക്കാലത്തെ സൂപ്പർ സുന്ദരിയായിരുന്ന മധുബാലയോട് ആയിരുന്നു കടുത്ത ആരാധന.
മധുബാലയുടെ എല്ലാ സിനിമയും അയാൾ കാണുമായിരുന്നു. മധുബാലയോടുള്ള ഭ്രാന്തമായ ആരാധന കാരണം അവളെ വിവാഹം കഴിക്കാനും അയാൾ ആഗ്രഹിച്ചിരുന്നു. എന്നാൽ, ആ വിവരം തുറന്നു പറയുന്നതിനുമുന്പേ മധുബാല അകാല ചരമമടഞ്ഞു.
മധുബാലയെപ്പോലെ
മധുബാലയുടെ വേർപാട് എല്ലാ ആരാധകരെപ്പോലെ മസ്താനും വലിയ ഷോക്കായി മാറി. മധുബാലയെക്കുറിച്ചുള്ള ഒാർമകൾ അയാളിൽനിന്നു വിട്ടുപോയില്ല.
അവളെ കല്യാണം കഴിക്കാൻ സാധിച്ചില്ലെങ്കിലും മധുബാലയെപ്പോലെ ഇരിക്കുന്ന മറ്റൊരു നടിയെ അയാൾ കല്യാണം കഴിച്ചു മസ്താൻ തന്റെ ആഗ്രഹം പൂർത്തീകരിച്ചെന്നു പറയാം. സോന എന്നായിരുന്നു ആ നടിയുടെ പേര്.
മധുബാലയുമായി സോനയ്ക്ക് അസാമാന്യമായ രൂപസാദൃശ്യമുണ്ടായിരുന്നു. ബോളിവുഡിൽ ഇതു വലിയ ചർച്ചയുമായി മാറി. ഇതു കേട്ടപ്പോൾ മുതൽ മസ്താന് ഇരിപ്പുറയ്ക്കാതായി.
താൻ തന്നെ നിർമിക്കുന്ന ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് മസ്താൻ ആദ്യമായി സോനയെ കണ്ടത്. മസ്താന് ഇഷ്ടമായി. ഒരു വിധം പരിചയമായപ്പോൾ അയാൾ സോനയോടു തന്റെ വിവാഹ താത്പര്യം അറിയിച്ചു.
ഭാഗ്യവശാൽ സോനയ്ക്കും സമ്മതമായിരുന്നു. സോനയ്ക്കു വേണ്ടി നിരവധി സിനിമകൾക്കു മസ്താൻ പണം മുടക്കിയിട്ടുണ്ട്. പക്ഷേ, മിക്ക ചിത്രങ്ങളും പരാജയപ്പെട്ടു.
മധ്യസ്ഥനായും വിലസി
എൺപതുകളിലാണ് ബോംബെ അധോലോകത്തു കരിംലാലയുടെ പത്താൻ ഗ്രൂപ്പും ദാവൂദ് ഇബ്രാഹിം ഗ്രൂപ്പും തമ്മിൽ ഗ്യാംഗ് വാറുകൾ പൊട്ടിപ്പുറപ്പെട്ടത്.
ഈ സമയത്തു മസ്താൻ മധ്യസ്ഥനായും രംഗത്തെത്തി. മസ്താനെ കരിം ലാലയ്ക്കും ദാവൂദിനും വിശ്വാസമായിരുന്നു. ഒരിക്കൽ മസ്താന്റെ വീട്ടിൽ ബോംബെയിലെ അധോലോക നായകരെയെല്ലാം മസ്താൻ വിളിച്ചുകൂട്ടി.
യോഗത്തിൽ അധോലോകത്ത് അന്നു നിലനിന്ന പ്രശ്നങ്ങളെല്ലാം മധ്യസ്ഥനായിനിന്നു മസ്താൻ പറഞ്ഞു തീർത്തിരുന്നു. ഇതോടെ കുറേക്കാലത്ത് അധോലോകം ശാന്തമായി.
എന്നാൽ പിന്നീടു വീണ്ടും പത്താൻ ഗ്രൂപ്പും ദാവൂദും ഗ്രൂപ്പും തമ്മിൽ ഗ്യാംഗ് വാറുകൾ അരങ്ങേറി. താൻ പറഞ്ഞിടത്തു നിൽക്കുന്നില്ലായെന്നു കണ്ടപ്പോൾ മസ്താൻ പിന്നീടു മധ്യസ്ഥ ശ്രമങ്ങൾക്കു ചുക്കാൻ പിടിക്കാൻ ശ്രമിച്ചില്ല.
ഇന്ദിരയുടെ അതൃപ്തി
ഹാജി മസ്താന്റെ സ്വാധീന ശക്തി വളർന്നുവരുന്നതിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അസ്വസ്ഥതയുണ്ടായിരുന്നു. 1974ൽ ഇന്ദിരാ ഗാന്ധി മിസാ നിയമം ചുമത്തി മസ്താനെ അറസ്റ്റ് ചെയ്തു.
അന്നു മസ്താനെ ഒരു വിഐപിയെ കാണുന്നതുപോലെയാണ് അറസ്റ്റിനു ശേഷം സർക്കാർ സ്വീകരിച്ചത്. ഗസ്റ്റ് ഹൗസിൽ താമസിപ്പിച്ച് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുനൽകി. മികച്ച ഉദ്യോഗസ്ഥരും നേതാക്കളും മസ്താനെ അഭിവാദ്യം ചെയ്തു.
ഒപ്പം അദ്ദേഹം എല്ലാവരെയും ബഹുമാനിച്ചു. അവരോടെല്ലാം സ്നേഹത്തോട് പെരുമാറി. പക്ഷേ, ഇന്ദിരാഗാന്ധി അതുകൊണ്ടും അവസാനിപ്പിച്ചില്ല. മസ്താനെ പിന്നെയും ജയിലിൽ അടച്ചു.
(തുടരും)