പെരിന്തൽമണ്ണ: റോഡിനായി സ്വന്തം കെട്ടിടം പൊളിച്ചു നൽകി പാറക്കളത്തിൽ ഹംസു ഹാജി. ഇതേത്തുടർന്നു പാറൽ കിഴക്കേ മണലായ റോഡ് പ്രവൃത്തി ഒന്നാംഘട്ടം അവസാനിച്ചു. ഹംസഹാജിക്കു പുറമെ റോഡിനിരുവശങ്ങളിലും താമസിക്കുന്നവർ കഷ്ട,നഷ്ടങ്ങൾ നോക്കാതെ സ്ഥലംവിട്ടു നൽകിയതാണ് പ്രവൃത്തി പെട്ടെന്നു പൂർത്തിയാക്കാൻ സഹായിച്ചത്.
ജില്ലാപഞ്ചായത്ത് 40 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് ആറു ലക്ഷം, എംഎൽഎ ഫണ്ടിൽ നിന്നു 30 ലക്ഷം രൂപ എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്. ഒന്നാംഘട്ടമായി പാറൽ പെരുവക്കടവ് വരെയാണ് പ്രവൃത്തി പൂർത്തീകരിച്ചത്. രണ്ടാംഘട്ടമായി കിഴക്കേ മണലായ വരെ പ്രവൃത്തി പൂർത്തിയാക്കുന്നതിനു എംഎൽഎ ഫണ്ടിനു പുറമെ എംപി ഫണ്ടിൽ നിന്നു അഞ്ചു ലക്ഷം, പതിനെട്ടാം വാർഡ് ഫണ്ടിൽ നിന്നു നാലു ലക്ഷം എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.
വികസനവിപ്ലവത്തിനു സഹായിച്ച ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ടി.ഹാജറുമ്മ, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.കെ.സദഖ, പഞ്ചായത്ത് മെംബർമാരായ വി.കെ.നാസർ, പി.ടി.ലക്ഷ്മി, കെ.പി.ഹസീന തുടങ്ങിയവർക്കും റോഡ് നിർമാണത്തിനു തുടക്കം മുതൽ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിച്ച ചെയർമാൻ പി.കെ.യൂനുസ്ഹാജി, കമ്മിറ്റി അംഗങ്ങൾ രാഷ്ട്രീയ, സാമൂഹ്യരംഗങ്ങളിലെ മുഴുവൻ പേർക്കു നാട്ടുകാർ നന്ദി രേഖപ്പെടുത്തി.