ജയിലിൽനിന്നെത്തിയ ഷേഖിനെ കണ്ടപാടെ മസ്താൻ സന്തോഷത്തോടെ സ്വീകരിച്ചു. സുരക്ഷിതമായി താൻ സൂക്ഷിച്ച ആ പെട്ടി ഷേഖിനെ ഏൽപ്പിച്ചു.
പെട്ടി തുറന്നു ബിസ്കറ്റ് എണ്ണി നോക്കിയ ഷേഖ് അദ്ഭുതപ്പെട്ടു. ഒരൊറ്റ എണ്ണം പോലും കുറവില്ല. മസ്താന്റെ വിശ്വാസ്യത ഷേഖിനു നന്നായി ബോധിച്ചു.
നീ എന്തുകൊണ്ടാണ് ഇത്രയും കാലം ഇതു സൂക്ഷിച്ചതെന്ന ഷേഖിന്റെ ചോദ്യത്തിനു എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചിരിക്കുന്നത് അതാണെന്നായിരുന്നു മസ്താന്റെ മറുപടി.
ഇതു കേട്ടു ഷേഖിന്റെ കണ്ണുനിറഞ്ഞു. താൻ ഈ പെട്ടി കൊണ്ടുപോകുകയാണെന്നും ഈ ബിസ്കറ്റുകൾ വിറ്റു കിട്ടുന്ന പണം തുല്യമായി നമ്മൾ വീതിക്കുമെന്നും ഇനിയങ്ങോട്ടുള്ള കച്ചവടത്തിൽ നീ എന്റെ പങ്കാളിയായിരിക്കുമെന്നും ഷേഖ് മസ്താനോടു പറഞ്ഞു. മസ്താൻ എന്ന അധോലോക നായകനിലേക്കുള്ള വളർച്ച അവിടെ തുടങ്ങുകയായിരുന്നു.
പുതിയ കൂട്ടുകെട്ട്
1950കൾ മസ്താന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. 1956ൽ കുപ്രസിദ്ധ കള്ളക്കടത്തുകാരനും ഗുജറാത്തുകാരനുമായ സുകുർ നാരായൺ ബഖിയ മസ്താനുമായി ബന്ധപ്പെട്ടു.
ഇരുവരും സുഹൃത്തുക്കളായി. ഒരുമിച്ചു പ്രവർത്തിക്കാൻ തുടങ്ങി. മസ്താനും ബഖിയയും ദുബായിൽനിന്നും ഏദനിൽനിന്നും സ്വർണം, ഇലക്ട്രോണിക് സാധനങ്ങൾ, വില കൂടിയ വാച്ചുകൾ തുടങ്ങിയവയൊക്കെ നികുതി വെട്ടിച്ചു കടത്താൻ തുടങ്ങി. രണ്ടുപേരുടെയും ജോലി കൂടി. ധാരാളം പണവും സമ്പാദിച്ചു.
തൊഴിലാളികളുടെ നേതാവ്
മസ്താൻ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിരുന്ന മഡ്ഗാവ് ഡോക്കിൽ അക്കാലത്ത് ഷേർ ഖാൻ എന്നൊരു ദാദയുണ്ടായിരുന്നു. ഇയാൾ പതിവായി ഗുണ്ടാപിരിവ് നടത്തുമായിരുന്നു.
രാവിലെ മുതൽ വൈകുന്നേരം വരെ വെയിലത്തു ചുമടെടുത്തു സമ്പാദിക്കുന്ന തുകയിൽനിന്ന് ഒരു വിഹിതം എല്ലാവരും ജോലി കഴിഞ്ഞു പോകുന്പോൾ ഷേർഖാന്റെ ഗുണ്ടകൾക്കു കൈമാറണമെന്നായിരുന്നു അലിഖിത നിയമം.
കൊടുക്കാൻ ആരെങ്കിലും വിസമ്മതിച്ചാൽ ഗുണ്ടകൾ മർദിച്ച് അവശരാക്കും. മസ്താൻ ഇതിനെ എതിർത്തു. മസ്താൻ തന്റെ കൂടെ ജോലി ചെയ്തിരുന്നവരോടു ഹഫ്ത കൊടുക്കരുതെന്ന് ആവശ്യപ്പെട്ടു.
ആരും ഷേർഖാനെ പേടിച്ചു മസ്താന്റെ കൂടെ നിന്നില്ല. എന്നാൽ, അക്കൂട്ടത്തിൽ ഒരാൾ മാത്രം അല്പം ധൈര്യം കാണിച്ചു. മസ്താന്റെ കൈയിൽ നല്ലൊരു ദണ്ഡയുണ്ടായിരുന്നു.
കൂട്ടുകാരൻ ഒരു ഇരുമ്പുവടിയും സംഘടിപ്പിച്ചു. ഹഫ്ത പിരിക്കാനെത്തിയ ഡോക്കിലെ ഷേർ ഖാന്റെ അഞ്ചോ ആറോ വരുന്ന ഗുണ്ടാ സംഘത്തിനെ ഇരുവരും ചേർന്ന് അടിച്ചു കൈയും കാലും ഒടിച്ചു.
രണ്ടു പേർ ചേർന്നു ഗുണ്ടകളെ ഇങ്ങനെ തുരത്താമെങ്കിൽ ഡോക്കിലെ ചുമട്ടുകാർ ഒന്നിച്ചുനിന്നാൽ എന്തൊക്കെ നടക്കില്ലായെന്നു മസ്താൻ തൊഴിലാളികളെ ബോധ്യപ്പെടുത്തിക്കൊടുത്തു. അതോടെ ഒരൊറ്റ ദിവസംകൊണ്ട് ഡോക്കിലെ ചുമട്ടു തൊഴിലാളികളുടെ നേതാവായി മസ്താൻ മാറി.
തോക്ക് തൊടില്ല!
ബോംബെയിലെ അറിയപ്പെടുന്ന അധോലോക നായകനായി മാറിയിട്ടും ഒരിക്കൽപ്പോലും മസ്താൻ തോക്ക് കൈകൊണ്ടു തൊട്ടിട്ടില്ല. ആരെയും വെടിവച്ചു കൊന്നിട്ടുമില്ല.
കള്ളക്കടത്തിനിടെ വഴക്കും അടിപിടിയും പോലുള്ള സന്ദർഭങ്ങൾ വന്നാൽ മസ്താൻ സമീപിച്ചിരുന്നതു മറ്റൊരു അധോലോക നായകനായ വരദരാജ മുതലിയാരെ ആയിരുന്നു.
മുതലിയാരും മസ്താനും വലിയ അടുപ്പക്കാരായിരുന്നു. ഇരുവരും തമിഴ്നാട്ടുകാരായിരുന്നുവെന്നതും ഇവരുടെ ബന്ധം ശക്തമാക്കി.
ഡോൺ ആകുന്നതിനു മുന്പ് ആന്റിന മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ടു വരദരാജ മുതലിയാരെ കസ്റ്റംസ് പിടികൂടിയിരുന്നു. അന്നു വരദരാജനെ രക്ഷിച്ചതു മസ്താൻ ആയിരുന്നു.
തുടർന്നിങ്ങോട്ടു തുടങ്ങിയ സൗഹൃദമാണ് ഇരുവരെയും അടുപ്പിച്ചത്. മറ്റൊരു അധോലോക നായകനായ കരിം ലാലയുമായും മസ്താൻ നല്ല ബന്ധം നിലനിർത്തി. മസ്താന്റെ കള്ളക്കടത്ത് സാധനങ്ങൾക്കു കരിംലാലയുടെ പത്താൻ ഗ്രൂപ്പ് സംരക്ഷണം നൽകുമായിരുന്നു.
(തുടരും)