ഹാജി മസ്താന്റെ കാലത്തുതന്നെ മുംബൈ അധോലോകത്തിൽ വേരൂന്നിയ മറ്റൊരു തമിഴ്നാട്ടുകാരനാണ് വരദരാജ മുതലിയാർ. തമിഴ്നാട്ടുകാരനായ ഹാജി മസ്താന്റെ പരിഗണനയും സൗഹൃദവും സ്നേഹവും ആവോളം ലഭിച്ച മറ്റൊരു തമിഴ്നാട്ടുകാരൻ.
ശരിക്കും മുതലിയാരെ വളർത്തിയതു ഹാജി മസ്താൻ ആണെന്നു പറയാം. മുംബൈ അധോലോകത്തിലെ രണ്ടാമത്തെ തമിഴ് ഡോൺ. ഹാജി മസ്താൻ എന്ന ഗോഡ് ഫാദറിന്റെ തണലിൽ വളർന്നു വലുതായ വരദരാജൻ പ്രത്യുപകാരമായി ഹാജി മസ്താന്റെ ചങ്കായി മാറി.
വരദ ഭായ് എന്നു മുംബൈ അധോലോകം ബഹുമാനത്തോടെ വിളിച്ച നല്ലവനായ ഡോൺ എന്നു വിശേഷിപ്പിക്കാവുന്ന ക്രിമിനൽ.
സിനിമകളിലെ താരം!
വരദരാജന്റെ ജീവിതം പ്രമേയമാക്കി വിവിധ ഭാഷകളിൽ നിരവധി സിനിമകൾ പിറന്നു. കമലഹാസന്റെ നായകൻ ഇതിനുദാഹരണം. ഏറ്റവും കൂടുതൽ സിനിമകൾക്കു പ്രമേയമായ അധോലോക നേതാവ് വരദരാജന് ആയിരുന്നെന്നു പറയാം.
വരദരാജ മുതലിയാരുടെ കാലത്തു തന്നെയാണ് ഹാജി മസ്താനും കരിം ലാലയും അധോലോകം വാണത്. മുംബൈ നഗരത്തെ മൂന്നായി വിഭജിച്ച് ഇവർ സാമ്രാജ്യം തീർത്തു എന്നു പറയാം. മൂവരും തമ്മിൽ നല്ല സൗഹൃദവും നിലനിന്നിരുന്നു.
ഈ സൗഹൃദം തന്നെയായിരുന്നു മൂവരുടെയും വളർച്ചയുടെ രഹസ്യവും. പോരടിച്ചില്ലെന്നു മാത്രമല്ല പല കാര്യങ്ങളിലും പരസ്പരം സഹായിക്കുകകൂടി ചെയ്തിരുന്നു ഇവർ.
ബോംബെയിലേക്ക്
1926ൽ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലായിരുന്നു ജനനം. അടിസ്ഥാന വിദ്യാഭ്യാസം മാത്രമേ നേടാനായുള്ളൂവെങ്കിലും ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ സംസാരിക്കാൻ വരദരാജൻ പഠിച്ചെടുത്തു.
അച്ഛൻ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. ബ്രിട്ടീഷുകാർക്കെതിരേയുള്ള സമര പോരാട്ടങ്ങൾ അതിന്റെ പാരമ്യതയിലെത്തി നിൽക്കുന്ന സമയം.
എങ്ങും ബ്രീട്ടീഷ് ആധിപത്യത്തിനെതിരേ സമരം മാത്രം. അക്കാലത്താണ് ബ്രിട്ടീഷുകാരുമായുള്ള ഒരു ഏറ്റുമുട്ടലിൽ വരദരാജന്റെ അച്ഛൻ മരിക്കുന്നത്.
ഇതോടെ വരദരാജനു തൂത്തുക്കുടിയിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയായി. അങ്ങനെ പത്തൊന്പതാം വയസിൽ 1945ൽ മുംബൈ മഹാനഗരത്തിലേക്കു വരദരാജൻ കള്ളവണ്ടി കയറി.
കൂലിത്തൊഴിലാളി
മുംബൈയിൽ വന്നിറങ്ങിയ വരദരാജൻ പ്രശസ്തമായ വിക്ടോറിയ ടെർമിനലിൽ റെയിൽവേ സ്റ്റേഷനിൽ കൂലിത്തൊഴിലാളിയായിട്ടാണ് ജീവിതം തുടങ്ങുന്നത്.
മഹാനഗരത്തിൽ പട്ടിണി കിടക്കാതിരിക്കാൻ വരദരാജൻ ആ പണി ഏറ്റെടുത്തെങ്കിലും അയാൾ തൃപ്തനായിരുന്നില്ല. തന്റെ ജീവിതം ഒരു കൂലിയായി തീർക്കേണ്ടതല്ലായെന്നും അതിനപ്പുറം ചിലതൊക്കെ നേടേണ്ടതുണ്ടെന്നും വരദരാജൻ ഉറപ്പിച്ചിരുന്നു.
വൈകാതെ അവിടത്തെ ലോക്കൽ ഗുണ്ടകളുമായി അയാൾ ബന്ധം സ്ഥാപിച്ചു. പിന്നീടുള്ള വരദരാജന്റെ വളർച്ചയ്ക്ക് ഈ ബന്ധങ്ങൾ പ്രചോദനമേകി. മുംബൈയിലെ ചേരിപ്രദേശമായ ധാരാവി, മാട്ടുംഗ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു വരദരാജന്റെ താമസം.
അവിടെ താമസിച്ചു വാറ്റ് ചാരായ നിർമാണം, ഡോക്കിൽനിന്ന് ഇലക്ട്രോണിക്സ് സാധനങ്ങളുടെ മോഷണം, ക്വട്ടേഷൻ പരിപാടികൾ തുടങ്ങിയ അനധികൃത മാർഗങ്ങളിലൂടെ വരദരാജൻ പതുക്കെ മുന്നോട്ടു നീങ്ങി.
ആ സമയത്താണ് ഹാജി മസ്താനുമായി ഇയാൾ പരിചയപ്പെടുന്നത്. ഈ പരിചയമാണ് വരദരാജനെ അധോലോകത്തിന്റെ ഇരുണ്ട വഴികളിലേക്കു നയിച്ചത്.
ഹാജി മസ്താന്റെ സൗഹൃദം
ഹാജി മസ്താനും വരദരാജ മുതലിയാരും പരിചയപ്പെട്ടതിനു പിന്നിൽ രസകരമായൊരു സംഭവമുണ്ട്.ഒരു ദിവസം ഡോക്ക് ഏരിയയിൽനിന്നു ടിവി ആന്റിന മോഷ്ടിച്ച സംഭവത്തിൽ വരദരാജനെ കസ്റ്റംസ് പിടികൂടി.
അന്ന് അയാൾ ഒരു സാധാരണക്കാരൻ മാത്രം. വരദരാജനെ കസ്റ്റംസ് നന്നായി കൈകാര്യം ചെയ്തു. മോഷ്ടിച്ച ആന്റിന എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത്, ആരൊക്കെയാണ് മറ്റു കണ്ണികൾ എന്നൊക്കെ അറിയാനായിരുന്നു കസ്റ്റംസിന്റെ ശ്രമം.
എന്നാൽ, വരദരാജൻ കൃത്യമായ ഉത്തരം നൽകിയില്ല. ഇതോടെ കസ്റ്റംസ് മർദനം തുടർന്നുകൊണ്ടേയിരുന്നു.ഈ സമയത്താണ് തമിഴ്നാട്ടുകാരനായ ഒരാൾ ആന്റിന മോഷണവുമായി ബന്ധപ്പെട്ടു കസ്റ്റംസിന്റെ പിടിയിലായ വിവരം മസ്താൻ അറിയുന്നത്.
(തുടരും)