കൊണ്ടോട്ടി: ഇന്ത്യയിൽ നിന്ന് ഹജ്ജ് കമ്മിറ്റികൾ മുഖേനയുളള ഹജ്ജ് തീർഥാടനത്തിന് ചിലവ് കൂടുന്നു. ഈ വർഷം ഏഴ് എംപാർക്കേഷൻ പോയിന്റുകളിൽ നിന്നുളള ഹജ് തീർഥാടനത്തിന് മൂന്ന് ലക്ഷത്തിന് മുകളിലാണ് നിരക്ക്. ഹജ്ജ് സബ്സിഡി ഒഴിവാക്കൽ, വിമാന ടിക്കറ്റ് നിരക്ക്, കെട്ടിടങ്ങളുടെ വാടക നിരക്കുകളുടെ വർധവ് തുടങ്ങിയവയാണ് ഇന്ത്യയിലെ ഹജ്ജ് തീർഥാടനത്തിന് നിരക്ക് ഉയരാൻ കാരണം. കേരളത്തിൽ നിന്ന് ഈവർഷം കരിപ്പൂരിൽ നിന്ന് ഒന്നാം കാറ്റഗറിയിൽ 2,82,550 രൂപയും അസീസിയ്യ കാറ്റഗറിയിൽ 2,45,500 രൂപയുമാണ്.
എന്നാൽ കഴിഞ്ഞ വർഷം ഒന്നാം കാറ്റഗറിയിൽ 2,56,350 രൂപയും, അസീസിയ്യിൽ 2,22,200 രൂപയുമായിരുന്നു. കാൽലക്ഷം രൂപയുടെ മാറ്റമാണ് ഒരു വർഷത്തിനിടെയുണ്ടായത്. ഹജ്ജിന്റെ സബ്സിഡി കഴിഞ്ഞ വർഷം മുതലാണ് പൂർണമായും എടുത്തുകളഞ്ഞത്. വിമാന ടിക്കറ്റ് നിരക്കിനാണ് നേരത്തെ സബ്സിഡി നൽകിയിരുന്നത്.
വിമാന ടിക്കറ്റലിലെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചിട്ടുണ്ടെങ്കിലും തീർഥാടന ചിലവിൽ കാര്യമായ മാറ്റങ്ങളില്ല. വിമാന ടിക്കറ്റുകളുടെ ഏകീകരണത്തിനുളള നടപടികളും കപ്പൽ സർവീസ് ആരംഭിക്കലും ഇതുവരെ നടപ്പിലാക്കാനായിട്ടില്ല. ഉംറ നിരക്കിന്റെ ഇരട്ടിയാണ് ഹജ് സീസണിൽ വിമാന കന്പനികൾ ഈടാക്കുന്നത്. ഹജ്ജ് വേളയിലെ താമസത്തിന് കണ്ടെത്തുന്ന കെട്ടിടങ്ങളുടെ നിരക്ക് വർധനവും ഹജ്ജിന് ചിലവേറ്റുന്നുണ്ട്.
ഇന്ത്യയിലെ 21 ഹജ് എംപാർക്കേഷൻ പോയിന്റുകളിൽ ഈ വർഷം കൂടുതൽ നിരക്കുളളത് ഗോഹത്തിയിൽ നിന്നാണ്. ഗോഹത്തിയിൽ ഒന്നാംകാറ്റഗറിയിലുളളവർ ഈ വർഷം ഹജ്ജിന് 3,22,600 രൂപയും അസീസിയ്യ കാറ്റഗറിയിലുളളവർ 2,85,550 രൂപയുമാണ് നൽകേണ്ടത്. ഗയ വിമാനത്താവളത്തിൽ നിന്ന് പോകുന്നവർ ഒന്നാംകാറ്റഗറിയിൽ 3,18,850 രൂപയും അസീസിയ്യയിൽ 2,81,800 രൂപയും നൽകണം. റാഞ്ചിയിൽ നിന്ന് 3,14,750 രൂപയും 2,77,700 രൂപയും നൽകണം. ശ്രീനഗർ, മംഗ്ലുരു, കൊൽക്കത്ത എന്നിവടങ്ങളിലും ഒന്നാം കാറ്റഗറിക്കാർക്ക് മൂന്ന് ലക്ഷത്തിന് മുകളിൽ ചെലവ് വരും.
മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, കരിപ്പൂർ, കൊച്ചി തുടങ്ങിയ കേന്ദ്രങ്ങളിലാണ് താരതമ്യേന ഹജിന് ചെലവ് കുറവുളളത്. മുബൈയിൽ നിന്ന് ഒന്നാം കാറ്റഗറിക്കാർക്ക് ആകെ 2,77,950 രൂപയും അസീസിയ്യ കാറ്റഗറിയിൽ 2,40,900 രൂപയും മാത്രമാണ് ചിലവ് വരുന്നത്.