ലണ്ടൻ:കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര ശൃംഖലകൾക്കെതിരേ സ്വീകരിച്ചു വരുന്ന ആഗോള നടപടികൾ ഫലം കാണുന്നു. ഇത്തരത്തിൽ വലിയൊരു ശൃംഖല തകർത്ത അന്വേഷണ സംഘം, 12 രാജ്യങ്ങളിൽനിന്നുള്ള ഒട്ടേറെപ്പേരേ അറസ്റ്റുചെയ്തതു.
യുഎസിലെയും ബ്രിട്ടനിലെയും ദക്ഷിണകൊറിയയിലെയും അന്വേഷകർ സംയുക്തമായാണ് ഇത്തരം ശൃംഖലകൾക്കെതിരേ ശക്തമായ പ്രവർത്തനം നടത്തി വരുന്നത്. അന്വേഷകർ കണ്ടെത്തിയ, 10 ലക്ഷത്തോളം ഉപഭോക്താക്കളെ ഉൾക്കൊള്ളാൻ ശേഷിയുള്ള വെബ്സൈറ്റിൽ 10 ലക്ഷം ബിറ്റ് കോയിൻ വിലാസങ്ങൾ ഉണ്ടായിരുന്നു.
യുഎസ്., സ്പെയിൻ, യുകെ എന്നിവിടങ്ങളിൽനിന്നുള്ള 23 കുട്ടികളെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായും അന്വേഷകർ പറഞ്ഞു. വെബ്സൈറ്റ് ഉപയോഗിക്കുന്നവർ ഇവരെ നിരന്തരം ഉപയോഗിച്ചുവരികയായിരുന്നു.
കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതും വിൽപന നടത്തുന്നതുമായ പരാതികളെത്തുടർന്നാണ് ദക്ഷിണകൊറിയ ആസ്ഥാനമായ ഡാർക്ക് വെബ്സൈറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.
അധികൃതർ ഈ സൈറ്റിന് വിലക്കേർപ്പെടുത്തി. ബിറ്റ്കോയിൻ വഴിയാണ് ഇടപാട് നടന്നിരുന്നതെന്നും ദക്ഷിണകൊറിയക്കാരനായ ജോങ് വു സണ് ആയിരുന്നു സൈറ്റ് നടത്തിയിരുന്നത്. ഇയാളെ പോലീസ് അറസ്റ്റുചെയ്തു. കുട്ടികളോടുള്ള ലൈംഗികകുറ്റകൃത്യങ്ങൾ കണ്ടെത്തിയ സംഭവം വലിയ അന്വേഷണമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ഇന്റർനെറ്റ് അടിസ്ഥാനമാക്കി കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന വലിയൊരു ശൃംഖലയാണ് തകർത്തതെന്ന് യുഎസ് ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോർണി ജനറൽ റിച്ചാർഡ് ഡൗണിംഗ് പറഞ്ഞു. യുഎസ്, യുകെ., ദക്ഷിണകൊറിയ, ജർമനി, സൗദി അറേബ്യ, യുഎഇ, ചെക് റിപ്പബ്ലിക്, കാനഡ, അയർലൻഡ്, സ്പെയിൻ, ബ്രസീൽ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് പിടിയിലായതെന്നും അദ്ദേഹം പറഞ്ഞു. വീഡിയോയിലുള്ള പല കുട്ടികളെയും തിരിച്ചറിയാനായിട്ടില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ