പയ്യന്നൂര്‍: ഹക്കീം വധക്കേസില്‍ അറസ്റ്റിലായ നാലു പേര്‍ക്കു പുറമെ സംഭവവുമായി ബന്ധപ്പെട്ടുകൂടുതൽ പേരെ സിബിഐ സംഘം കസ്റ്റഡിയിൽ എടുത്തതായി സൂചന. സിജെഎം കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ഹക്കീം വധത്തില്‍ പങ്കാളികളായ ചിലരെ കൂടി കസ്റ്റഡിയിലെടുത്തത്.
ഇപ്പോള്‍ അറസ്റ്റിലായ ഇസ്മായിലിനെ മലേഷ്യയില്‍ നിന്നും വിളിച്ചു വരുത്തുകയും മറ്റുള്ളവരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച് അറസ്റ്റ് നടപടിയിലേക്കു കടക്കുകയായിരുന്നു. മലേഷ്യയിലായിരുന്നുവെന്നു പറയുന്ന ഇസ്മായിലുമായി സംഭവ ദിവസം മണിക്കൂറുകളോളം ഇപ്പോള്‍ അറസ്റ്റിലായ പ്രതികളില്‍ ചിലര്‍ സംസാരിച്ചിരുന്നതിന്റെ വ്യക്തമായ തെളിവുകള്‍ സിബിഐയ്ക്കു ലഭിച്ചിരുന്നു.
സംഭവദിവസം പുലര്‍ച്ചെ മൂന്നോടെ പള്ളിവളപ്പില്‍ നിന്നും പുറത്തേക്കിറങ്ങി വരുന്നതു കണ്ട സാക്ഷിമൊഴികള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ നില്‍ക്കകള്ളിയില്ലാതെ റഫീഖ് പല കാര്യങ്ങളും വെളിപ്പെടുത്തിയതായി സൂചനയുണ്ട്. ഹക്കീം വധത്തിനു പിന്നിലെ പ്രതികളെയെല്ലാം സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ടെന്നറിയുന്നു. ഇതിന്റെ വെളിച്ചത്തിലാണു ചിലരെക്കൂടി സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്.
മറ്റു പ്രതികള്‍ സിബിഐ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഹക്കീമിന്റെ കൊലപാതക ദിവസം ഇയാളുടെ കൈവശമുണ്ടായിരുന്ന കണക്ക് പുസ്തകം കാണാതായിരുന്നു. അന്വേഷണത്തിനിടയില്‍ ഹക്കീമെഴുതിയതായി പറഞ്ഞു പള്ളികമ്മിറ്റി ഭാരവാഹികൾ സിബിഐ ഉദ്യോഗസ്ഥര്‍ക്കു നല്കിയ കണക്കുകളടങ്ങിയ കടലാസാണു സിബിഐ അന്വേഷണത്തില്‍ വഴിത്തിരിവായതെന്നറിയുന്നു.
ഈ കടലാസിലെ കൈയക്ഷരവും ഹക്കീമിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത കൈയക്ഷരവും തമ്മിലുള്ള വ്യത്യാസമാണ് അന്വേഷണം പള്ളിക്കമ്മിറ്റിയിലെ ചിലരിലേക്കു തിരിയാന്‍ ഇടയാക്കിയത്. 2014 ഫെബ്രുവരി 10ന് രാവിലെയാണു കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരനും ലോട്ടറി വില്പനക്കാരനുമായ തെക്കേ മമ്പലത്തെ ഹക്കീമിന്റെ മൃതദേഹം ഇയാള്‍ ജോലി ചെയ്യുന്ന പള്ളിവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപെട്ടത്.