പയ്യന്നൂര്‍: കൊലപാതകമെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയ കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരനായ തെക്കേ മമ്പലത്തെ എം. ദാമോദരന്‍ എന്ന ഹക്കീമിന്റെ (45) ദുരൂഹമരണം ആത്മഹത്യയാണെന്ന മുന്‍ എസ്പിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു.
തലയ്ക്കടിച്ച് കൊന്നശേഷം പള്ളിവളപ്പില്‍ അഗ്നിക്കിരയാക്കിയെന്നു കരുതുന്ന അതിക്രൂരമായ സംഭവത്തിന് പത്ത് വര്‍ഷം തികയുമ്പോഴാണ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കണ്ണൂർ ജില്ലാ പോലീസ് മേധാവിയായിരുന്ന ഉണ്ണിരാജൻ ഐപിഎസിന്റെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിലാണ് അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്.
മുന്‍ എസ്പിയുടെ വിവാദ വെളിപ്പെടുത്തല്‍
സംഭവ ദിവസം പള്ളിയിലുറങ്ങുകയായിരുന്ന രണ്ടുപേര്‍ ബഹളങ്ങളൊന്നും കേട്ടില്ല. എയര്‍പോര്‍ട്ടിലേക്ക് യാത്രപോകുന്ന ഒരു കാര്‍ മാത്രമാണ് അതുവഴി വന്നത്. ഹക്കീമിന്റെ വളാഞ്ചേരിയിലെ വീട്ടില്‍ അന്വേഷണം നടത്തിയിരുന്നു. അവിടെയുണ്ടായ സാമ്പത്തിക ബാധ്യതമൂലം പയ്യന്നൂരിലെത്തി മതംമാറുകയായിരുന്നു. പയ്യന്നൂരിലും എട്ട് ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നു. ഇതിന്റെ കണക്കുപുസ്തകമുള്പ്പെടെ ഹക്കീമിനോടൊപ്പം ഇല്ലാതായി.
കിണറിനരികില്‍ അടിപിടി നടന്നുവെങ്കില് മൃതദേഹം കിണറ്റിലിട്ടാല്‍ മതിയായിരുന്നുവല്ലോ. ഹക്കീം മരിച്ചുവെന്ന് ഉറപ്പുവരുത്തേണ്ടത് ഇയാളുടെ മൊബൈല്‍ഫോണും വസ്ത്രങ്ങളും നോക്കിയായിരുന്നു. തൃശൂര്‍ ഐവര്‍മഠത്തില്‍ ശ്മശാനം നടത്തിവരുന്നയാളോടും ഇക്കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ ചൂടുകൊണ്ട് തലയോട് പൊട്ടുമെന്നാണ് അറിഞ്ഞത്.
ഫോറന്‍സിക് വിദഗ്ധനെയും കണ്ടിരുന്നു. ഗൂഢാലോചനക്കുറ്റത്തിന് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തില്‍ ആദ്യമായാണ് ഗൂഢാലോചന കുറ്റത്തിന് അറസ്റ്റ് ചെയ്ത സംഭവമുണ്ടായത്.
ഹക്കിം എച്ച്ഐവി പോസിറ്റാവായിരുന്നതിന്റെ മനോവിഷമത്തിലായിരുന്നു. ഭാര്യക്കും മകനും രോഗബാധയുണ്ടോയെന്നറിയാനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തിയിരുന്നു. മുമ്പൊരു എച്ച്ഐവി രോഗബാധിതന് ആത്മഹത്യ ചെയ്ത സംഭവമുള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് ഹക്കീമിന്റേത് ആത്മഹത്യയായിരുന്നുവെന്ന് മുന്‍ എസ്പിയുടെ വെളിപ്പെടുത്തലുണ്ടായത്.
ഹക്കീം വധത്തിന്റെ പിന്നാമ്പുറങ്ങള്‍
2014 ഫെബ്രുവരി 10ന് രാവിലെയാണ് ഹക്കീമിന്റെ മൃതദേഹം കത്തിത്തീരാറായ നിലയില്‍ കൊറ്റി ജുമാ മസ്ജിദ് വളപ്പില്‍ കാണപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ട ദാമോദരന്‍ കുറ്റിപ്പുറത്തുനിന്നും മതംമാറി ഇസ്ലാംമതം സ്വീകരിച്ച ശേഷം വിവാഹം കഴിച്ച കുറ്റിപ്പുറത്തെ സീനത്തും മകനുമൊപ്പമാണ് തിരിച്ചെത്തിയത്.
(പയ്യന്നൂരിലെത്തി മതം മാറിയെന്നാണ് മുൻ എസ്പി പറഞ്ഞത്) ലോട്ടറി വില്പനക്കൊപ്പം കൊറ്റി ജുമാ മസ്ജിദില്‍ റിസീവറായി ജോലി ചെയ്ത് വരവേയാണ് സംഭവം. തലേ ദിവസം രാത്രി ഏഴരയോടെ പള്ളിയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കുന്നതിനായി വീട്ടില്‍ നിന്നിറങ്ങിയ ഹക്കീമിനെ കാണാതെ വന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം അഗ്നിക്കിരയാക്കിയ നിലയില്‍ കണ്ടെത്തിയത്.
ഈ സംഭവത്തില്‍ ഹക്കീമിന്റെ സഹോദരന് പി.ഭാസ്കരന്റെ മൊഴി പ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുക്കുകയായിരുന്നു.ഹക്കീം വധാന്വേഷണം ആദ്യം മുതല്‍ തന്നെ നാടകീയത നിറഞ്ഞതായിരുന്നു. ഹക്കീം സ്വയം ആത്മഹത്യ ചെയ്തതാണെന്ന് ചില അന്വേഷണ ഉദ്യോഗസ്ഥര്‍പോലും ആദ്യംതന്നെ പ്രചാരണം നടത്തിയിരുന്നു.
(ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍). അന്വേഷണ ഉദ്യോഗസ്ഥന് പലവട്ടം സ്ഥാനചലനമുണ്ടായത് പ്രതികളെ രക്ഷപ്പെടുത്താന്‍ ഉന്നതതല നീക്കങ്ങള്‍ നടന്നതിന്റെ ഫലമായാണെന്ന് ആരോപണവുമുയര്‍ന്നിരുന്നു. ഹക്കീമിനെ അഗ്നിക്കിരയാക്കിയ സ്ഥലത്തുനിന്നുള്ള പ്രഥമിക തെളിവുകള്‍ ലോക്കല്‍ പോലീസ് നഷ്ടപ്പെടുത്തിയതാണ് കേസന്വേഷണം വഴിമുട്ടാനിടയാക്കിയതെന്നും സൂചനയുമുണ്ടായിരുന്നു.
അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്
ലോക്കല്‍ പോലീസിന്റെ അന്വേഷണം എങ്ങുമെത്താതെ വന്നതിനെ തുടര്‍ന്ന് 2014 ജൂണ്‍ 21 നാണ് ക്രൈംബ്രാഞ്ച് കേസ് എറ്റെടുത്തത്. അഗ്നിക്കിരയാക്കിയ സ്ഥലത്ത് അവശേഷിച്ചിരുന്ന ഹക്കീമിന്റെ തലയോടുള്പ്പെടെയുള്ള ഭാഗങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഹക്കീം കൊല്ലപ്പെട്ടത് തലയിലേറ്റ ശക്തമായ പ്രഹരം മൂലമാണെന്ന് തെളിഞ്ഞത്.
ഇതോടെയാണ് ഹക്കീമിനെ അടിച്ചുകൊന്നശേഷം അഗ്നിക്കിരയാക്കുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. കൂടാതെ ഹക്കീം മാരക രോഗത്തിന്റെ പിടിയിലായിരുന്നവെന്ന് കണ്ടെത്തിയതും ക്രൈംബ്രാഞ്ചായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണങ്ങളുമായി മുന്നോട്ടു പോയെങ്കിലും പ്രതികളെ കണ്ടെത്താന്‍ ഇവര്‍ക്കുമായില്ല. പിന്നീട് പയ്യന്നൂരില്‍ നിരവധി ജനകീയ സമരങ്ങളും നിയമയുദ്ധങ്ങളുമാണ് നടന്നത്.
നേരറിയിക്കാന്‍ സിബിഐ എത്തുന്നു
2014 ഡിസംബര്‍ മൂന്നിന് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് ഹക്കീം വധാന്വേഷണം വിടുന്നത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാറിന് കൈമാറിയെങ്കിലും കേസേറ്റെടക്കുന്നതിന് സിബിഐ വിസമ്മതിച്ചു.
2015 മേയ് 15ന് തുടങ്ങിവെച്ച നൂറ് ദിവസം പിന്നിട്ട അനിശ്ചിതകാല നിരാഹാര സമരത്തോടൊപ്പം സംയുക്ത സമരസമിതി നിയമയുദ്ധവും നടത്തി. കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട ഹക്കീമിന്റെ ഭാര്യ സീനത്തും സംയുക്ത സമര സമിതിക്കുവേണ്ടി കണ്‍വീനര്‍ ടി. പുരുഷോത്തമനും കേരള ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.
സിബിഐയുടെ അന്വേഷണങ്ങള്‍ക്കിടയില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയ 48 വസ്തുതകളും തെളിവുകളും പരിശോധിക്കാനോ അന്വേഷിക്കാനോ സിബിഐ തയാറായില്ല എന്ന ആക്ഷേപം ഇപ്പോഴും നിലനില്ക്കുന്നു. ഇവയെല്ലാം സിബിഐക്ക് കൈമാറിയ ഫയലുകളിലുണ്ട്. മൂന്നരവര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് നാലുപേരെ അറസ്റ്റ് ചെയ്തത്.
(എസ്പിയുടെ കണക്കില്‍ ഇത് മൂന്നാണ്) ഹക്കീം വധത്തിന് പിന്നിലെ ഗൂഢാലോചനയിലും മറ്റുതരത്തിലുമുള്ള ഇവരുടെ പങ്ക് സംശയാതീതമായി വെളിപ്പെട്ടതോടെയാണ് അറസ്റ്റ് ചെയ്തതെന്നാണ് ഹക്കീം വധാന്വേഷണത്തിന് നേതൃത്വം നല്കിയ സിബിഐ ഡിവൈഎസ്പി ഡാര്വിന് അന്നു പറഞ്ഞത്.
പ്രതികളുടെ ജാമ്യാപേക്ഷ പലവട്ടം നിരസിച്ചതിനെ തുടര്‍ന്ന് 90 ദിവസങ്ങള്ക്ക ശേഷം പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം നല്‍കുകയായിരുന്നു. ഇതിനുശേഷം അറസ്റ്റ് ചെയ്യപ്പെട്ട നാലുപേരില്‍ രണ്ടുപേരെ ഒഴിവാക്കിക്കൊണ്ട് മറ്റു രണ്ടുപേര്‍ക്കെതിരെയാണ് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
ഈ കേസിലുള്ള വിചാരണ നടക്കാനിരിക്കേയാണ് അന്നത്തെ കണ്ണൂർ ജില്ലാ പോലീസ് മേധാവി പി.എന്‍.ഉണ്ണിരാജന് സ്വകാര്യ ചാനല്‍ പരിപാടിയില്‍ വിവാദ പ്രസ്താവന നടത്തിയത്.
ഒട്ടേറെ ചോദ്യങ്ങള്‍ ഇനിയും ബാക്കി
ഹക്കീമിന്റേത് ആത്മഹത്യയായിരുന്നുവെങ്കില്‍ തെളിവുകളുള്‍പ്പെടെ കണ്ടെത്തി എന്തുകൊണ്ട് ഈ കേസ് നേരത്തെ അവസാനിപ്പിച്ചില്ല? ക്രൈംബ്രാഞ്ച്, സിബിഐ എന്നിവയുടെ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കുമായി സര്‍ക്കാരിന്റെ ലക്ഷങ്ങള്‍ പാഴ് ചെലവുണ്ടാക്കാന് എന്തിന് ഇടയാക്കി.
ആത്മഹത്യയായിരുന്നുവെങ്കില്‍ സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തതെന്തിന്? നാലുപേരെ അറസ്റ്റ് ചെയ്ത് 90 ദിവസം ജയില്വാസത്തിനിടയാക്കിയ സംഭവത്തില്‍ ഇപ്പോള്‍ കേസില്നിന്നുമൊഴിവാക്കപ്പെട്ട രണ്ടുപേരുടെ ചോദ്യങ്ങള്‍ക്ക് ആര് മറുപടി പറയും?
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ടുകളെ തകിടം മറിക്കുംവിധമുള്ള വിവാദ പ്രസ്താവന ഐപിഎസ് റാങ്കിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടുണ്ടോ? അന്വേഷണത്തിലൂടെ കണ്ടെത്തിയതായി പറയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഒന്പതുവര്ഷം കാത്തിരുന്നത് എന്തിന്? .
സംഭവത്തിനുശേഷം വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലേക്ക് തിരിച്ചുപോയ ഹക്കീമിന്റെ ഭാര്യ സീനത്ത് കൂലിപ്പണിയെടുത്താണ് മകനെ വളര്‍ത്തിയത്. ഇപ്പോള്‍ ചേളാരിയില്‍ വിവാഹിതനായ മകനോടൊപ്പമാണ് താമസം. തന്റെ ഭര്‍ത്താവിനെ ഇല്ലാതാക്കിയവരെ ദൈവം കാണിച്ചുതരുമെന്ന ഉറച്ച വിശ്വാസത്തിലാണിവരിപ്പോഴും.
പീറ്റർ ഏഴിമല