പയ്യന്നൂര്‍: വിവാദമായ പയ്യന്നൂരിലെ ഹക്കീം വധക്കേസ് ഇന്നലെ കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ സിബിഐ അഭിഭാഷകന് ഹാജരായില്ല. രണ്ടുപ്രാവശ്യം വിളിച്ചിട്ടും സിബിഐക്കു വേണ്ടി ഹക്കീംവധക്കേസ് വാദിക്കുന്ന അഭിഭാഷകനെ കാണാത്തതിനാല്‍ കേസ് അടുത്ത മാസം 16 ലേക്ക് മാറ്റിവെച്ചു.അതേ സമയം പ്രതികള്‍ ശാസ്ത്രീയ പരിശോധനക്ക് തയാറായില്ലെന്ന് സിബിഐയും പറയുന്നു.
ഹക്കീം വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം ഏപ്രില്‍ നാല്, അഞ്ച് തിയതികളിലായി നാല് പേരെ സിബിഐ സംഘം അറസ്റ്റ് ചെയ്തിരുന്നു. കൊറ്റിയിലെ കുനിവില്ല കിഴക്കേപുരയില്‍ അബ്ദുള്‍ നാസര്‍, ഏലാട്ട് അബ്ദുള്‍ സലാം, ഫാസില്‍ മന്‍സിലില്‍ ഇസ്മായില്‍,പുഞ്ചക്കാട്ടെ ലോറി ഡ്രൈവര്‍ എ.പി.മുഹമ്മദ് റഫീഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.
ഹക്കീംവധത്തിലെ പ്രധാന പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സിബിഐ ഉദ്യോഗസ്ഥന് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അറസ്റ്റിനെ തുടര്‍ന്ന് 90 ദിവസം ഇവര്‍ റിമാൻഡിൽ കഴിയുന്നതിനിടയില്‍ ബ്രെയിന്‍ മാപ്പിംഗ്, പോളിഗ്രാഫ് തുടങ്ങിയ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു.പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാഞ്ഞതിനാല്‍ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂര്‍ത്തിയായപ്പോള്‍ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
അറസ്റ്റ് നടന്ന് എട്ട് മാസം കഴിഞ്ഞപ്പോഴാണ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനായി പ്രതികളെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കുന്നതിനുള്ള അനുമതിക്കായി സിബിഐ സംഘം കോടതിയെ സമീപിച്ചത്.തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ സ്വമേധയാ തയാറായ കുറ്റാരോപിതരെ 90 ദിവസം റിമാൻഡില്‍ കിട്ടിയിട്ടും പരിശോധനകള്‍ പൂര്‍ത്തിയാക്കാതിരുന്നത് സിബിഐയുടെ വീഴ്ചയാണെന്ന് പ്രതിഭാഗം അഭിഭാഷകന് കോടതിയെ ബോധിപ്പിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് സിബിഐയുടെ ആവശ്യത്തില്‍ ഇന്നലെ വാദം കേള്‍ക്കാന്‍ മാറ്റിവെച്ചിരുന്നത്. ഇന്നലെ രാവിലെ 11.15നും പിന്നീട് 12.15നും കേസെടുത്തപ്പോള്‍ സിബിഐയുടെ അഭിഭാഷകന് ഹാജരായിരുന്നില്ല.ഇതേ തുടര്‍ന്ന് വാദം കേള്‍ക്കാതെ കേസ് അടുത്ത മാസം 16ന് പരിഗണിക്കാനായി മാറ്റിവയ്ക്കുകയായിരുന്നു.
അതേ സമയം നാര്‍ക്കോ അനാലിസിന് നേരത്തെ തയാറായിരുന്ന പ്രതികള്‍ പരിശോധന നടക്കുമെന്ന് ഉറപ്പായപ്പോള്‍ അതിന് വിസമ്മതിക്കുകയായിരുന്നുവെന്ന് കേസന്വേഷണ ചുമതലയുള്ള സിബിഐ ഡിവൈഎസ്പി ഡാര്വിന് രാഷ്ട്രദീപികയോട് പറഞ്ഞു. ഇവര്‍ക്കെതിരെ ധാരാളം തെളിവുകളുണ്ട്. നാര്‍ക്കോ അനാലിസിസ് കൂടിയായാല്‍ കൂടുതല്‍ എളുപ്പമായിരുന്നുവെന്നും ഇവര്‍തന്നെയാണ് കുറ്റം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
2014 ഫെബ്രുവരി 10ന് രാവിലെയാണ് കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരനായിരുന്ന തെക്കേ മമ്പലത്തെ ഹക്കീമിന്റെ മൃതദേഹം പള്ളിക്ക് സമീപത്തെ മദ്രസ കെട്ടിടത്തിനരികില്‍ കത്തിത്തീരാറായ നിലയില്‍ കണ്ടെത്തിയത്.ലോക്കല്‍ പോലീസും പ്രത്യേക അന്വേഷണ സംഘവും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും കുറ്റവാളികളെ പിടികൂടാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ പയ്യന്നൂരില്‍ ശക്തമായ സമരങ്ങളാണ് നടന്നത്.
സമരസമിതിയും ഹക്കീമിന്റെ ഭാര്യ സീനത്തും കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് 2015 ഒക്ടോബര്‍ ഒമ്പതിന് ഹക്കീം വധാന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്.